സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായും അഭിനേത്രിയായും ടെലിവിഷൻ അവതാരകയായും മലയാളിക്ക് സുപരിചിതയാണ് പാർവതി ആർ കൃഷണ. 'മാലിക്', 'വർഷങ്ങൾക്കു ശേഷം', 'ഗ്‌ർർർ' തുടങ്ങിയ സമീപകാല ചിത്രങ്ങളിലെ പാർവതിയുടെ പ്രകടനം ശ്രദ്ധനേടിയിരുന്നു. കൂടാതെ സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും കഴിഞ്ഞ 10 വർഷമായി പാർവതി നമുക്ക് ഒപ്പമുണ്ട്. ഇപ്പോഴിതാ തന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് പാർവതി.
മാലിക് സിനിമയുടെ ക്ലൈമാക്‌സിൽ ഫഹദ് ഫാസിലിന്‍റെ കഥാപാത്രത്തെ കൊന്നുകളയുന്ന ഡോക്‌ടറുടെ വേഷം ചെയ്‌തത് പാർവതിയാണെന്ന് പറഞ്ഞാൽ ചിലപ്പോൾ ആരും വിശ്വസിക്കില്ല. പലരെയും ഞെട്ടിച്ചൊരു ക്ലൈമാക്‌സും സിനിമയും ആയിരുന്നു അത്. പക്ഷേ ഞാനാണ് ആ കഥാപാത്രം ചെയ്‌തതെന്ന് പലർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം, പാർവതി പറഞ്ഞുതുടങ്ങി.
മാലികിന് മുൻപ് വരെ അഭിനയ ജീവിതത്തെ ഒരു സീരിയസ് പ്രൊഫഷനായി കണ്ടിരുന്നില്ല. കിട്ടുന്ന അവസരങ്ങളിൽ പലതും ഉപേക്ഷിച്ചു, ചിലതിൽ വേഷമിട്ടു. മാലികിൽ അഭിനയിക്കാൻ തീരുമാനിക്കുമ്പോൾ ഒരുപക്ഷേ ഇതെന്‍റെ അവസാന ചിത്രമായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. തുടർന്നും അഭിനയരംഗത്ത് സജീവമാകാൻ ഒട്ടും താത്പര്യമില്ലായിരുന്നു.
സത്യത്തിൽ അഭിനയ കലയോട് ഞാൻ പാഷനേറ്റ് ആയിരുന്നില്ല എന്നുള്ളതാണ് സത്യം. പക്ഷേ സിനിമ റിലീസ് ചെയ്‌ത് കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയൊക്കെ കണ്ടപ്പോൾ തീരുമാനം മാറ്റി. ഈ ജോലി തുടരുന്നതിൽ തെറ്റില്ല എന്നൊരു ബോധ്യം വന്നു. അതിനുശേഷം സിനിമയെ സ്‌നേഹിച്ചു തുടങ്ങി, സീരിയസായി കാണുവാൻ ആരംഭിച്ചു.