ഓര്‍മ്മ പുതുക്കി നടന്‍ ശ്രീനിവാസന്‍ എറണാകുളം :എസ്.എൻ. സ്വാമിയുടെ സംവിധാനത്തിലൊരുങ്ങുന്ന സീക്രട്ട് എന്ന ചിത്രത്തിന്‍റെ പോസ്റ്റർ അനാവരണ ചടങ്ങിൽ മുഖ്യാതിഥിയായി നടൻ ശ്രീനിവാസൻ. താൻ സംവിധായകനാകാൻ കാരണം മമ്മൂട്ടിയാണെന്ന് തുറന്നുപറഞ്ഞ എസ്.എൻ സ്വാമിയോട് മമ്മൂട്ടിയെ കുറിച്ചുള്ള ഓര്‍മകള്‍ ശ്രീനിവാസൻ പങ്കുവച്ചു.
ശ്രീനിവാസന്‍റെ വാക്കുകള്‍ :ചിന്താവിഷ്‌ടയായ ശ്യാമള എന്ന ചിത്രത്തിന് നാഷണൽ അവാർഡ് ലഭിച്ച അതേ വർഷം തന്നെ മമ്മൂട്ടിക്കും ഒരു ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. താനും മമ്മൂട്ടിയും ഒരുമിച്ചാണ് അവാർഡ് വാങ്ങാനായി ഡൽഹിയിലേക്ക് പോയത്. അവാർഡ് ദാന ചടങ്ങിന് മുൻപുള്ള ദിവസങ്ങളിൽ ഒരു റിഹേഴ്‌സല്‍ ഉണ്ടാകും. അതൊക്കെ കൃത്യമായി മനസ്സിലാക്കി ചടങ്ങിനെത്തി. അതിനിടയിൽ അവാർഡ് വാങ്ങിയവരെ കുറിച്ചുള്ള ഒരു ലഘുലേഖ സ്ക്രീനിൽ കാണിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് മമ്മൂട്ടിയെ കുറിച്ച് പരാമർശം വന്നപ്പോൾ അവാർഡ് ദാന ചടങ്ങിലെ അവതാരകൻ മമ്മൂട്ടിയെ കുറിച്ച് വാചാലനായി.
അദ്ദേഹം ഇപ്പോൾ രണ്ടാം തവണയാണ് മികച്ച നടനുള്ള അവാർഡ് വാങ്ങാൻ എത്തിയിരിക്കുന്നത് എന്ന് അവതാരകൻ വേദിയിൽ പറഞ്ഞു. പെട്ടെന്നാണ് ദിക്ക് നടുങ്ങുമാറ് നോ എന്നൊരു ശബ്‌ദം എല്ലാവരെയും ഭയപ്പെടുത്തി കേട്ടത്. മമ്മൂട്ടി ആയിരുന്നു അത്. ഇതെന്‍റെ രണ്ടാമത്തെ അല്ല മൂന്നാമത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരമാണ്, മമ്മൂട്ടി പറഞ്ഞു. അവാർഡ് വേദിയിൽ മമ്മൂട്ടിക്ക് പുരസ്‌കാരം നൽകുന്നതിനിടെ അന്നത്തെ പ്രസിഡന്‍റ് ആയിരുന്ന കെ ആർ നാരായണൻ താനെന്നെ പേടിപ്പിച്ചുകളഞ്ഞല്ലോ എന്ന് ചോദിച്ചിട്ടുണ്ടാകും - ഇങ്ങനെയായിരുന്നു ശ്രീനിവാസന്‍റെ രസകരമായ ഓർമ്മ പുതുക്കൽ.
മമ്മൂട്ടി വേദിയിൽ വച്ച് തന്നെ പ്രസിഡന്‍റിനോട് സോറി പറഞ്ഞിട്ടുണ്ടാകണം. അതിനുശേഷം കെ ആർ നാരായണൻ അധികനാൾ ജീവനോടെ ഉണ്ടായിരുന്നില്ല. ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ വേദിയിൽ അടക്കിപ്പിടിച്ച ചിരി. അതുകൊണ്ട് എസ് എൻ സ്വാമിയെ മമ്മൂട്ടി ഉപദേശിച്ചതിൽ എല്ലാ ഉപദേശവും വിലയ്ക്ക് എടുക്കണോ എന്ന് എസ് എൻ സ്വാമി ഒന്നുകൂടി ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്നും ശ്രീനിവാസന്‍റെ നര്‍മ്മം നിറഞ്ഞ ഉപദേശം.
45 വർഷമായി താൻ സിനിമയിൽ എത്തിയിട്ട്. പക്ഷേ ഒരാളും ട്രെയിലർ ലോഞ്ച്, പോസ്റ്റർ ലോഞ്ച് എന്നൊന്നും പറഞ്ഞ് തന്നെ ഇതുവരെ ഒരു ചടങ്ങിനും വിളിച്ചിട്ടില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. തന്‍റെ ആദ്യ ചിത്രമായ മണിമുഴക്കത്തിന്‍റെ ചിത്രീകരണം എറണാകുളത്താണ് നടന്നത്. അന്ന് പരിചയപ്പെട്ട് ഇക്കാലമത്രയും സൗഹൃദം സൂക്ഷിക്കുന്ന ആളാണ് എസ് എൻ സ്വാമി. പരിചയപ്പെടുന്ന കാലയളവിൽ എസ് എൻ സ്വാമി ഒരു തിരക്കഥാകൃത്ത് ആയിട്ടില്ലെന്നും ശ്രീനിവാസൻ ഓർത്തു.
അതേസമയം ശ്രീനിവാസൻ ഇനി എന്തൊക്കെ പറഞ്ഞാലും മമ്മൂട്ടിയെ തനിക്ക് വളരെ വിശ്വാസമാണെന്നായിരുന്നു എസ് എന്‍ സ്വാമിയുടെ പ്രതികരണം. അതിനൊരു ഉദാഹരണവും അദ്ദേഹം വേദിയിൽ വെളിപ്പെടുത്തി (Actor Sreenvasan At Secret Movies Poster Announcement).
ഇരുപതാം നൂറ്റാണ്ടിന് ശേഷമാണ് സേതുരാമയ്യർ സിബിഐയുടെ കഥയുമായി മമ്മൂട്ടിയുടെ പക്കൽ എത്തുന്നത്. ടി ദാമോദരൻ എഴുതി ഐവി ശശി സംവിധാനം ചെയ്‌ത ആവനാഴി എന്ന ചിത്രത്തിൽ മികച്ച ഒരു പൊലീസ് വേഷം കൈകാര്യം ചെയ്‌ത് ക്ഷീണം മാറിയിട്ടില്ല മമ്മൂട്ടിക്ക്. സേതുരാമയ്യരുടെ കഥയിൽ ആദ്യം മമ്മൂട്ടി ഒരു പൊലീസുകാരൻ ആയിരുന്നു. കഥ മികച്ചത് തന്നെ, പക്ഷേ കഥാപാത്രം പൊലീസ് വേണ്ടെന്ന് മമ്മൂട്ടിയുടെ മറുപടി. ടി ദാമോദരൻ മാഷിന്‍റെ പൊലീസ് കഥാപാത്രത്തോളം എന്തായാലും എസ് എൻ സ്വാമിക്ക് ഈ കഥാപാത്രത്തെ എഴുതി കയറ്റാൻ സാധിക്കില്ല. അതുകൊണ്ട് കഥാപാത്രത്തെ നമുക്കൊരു സിബിഐ ഉദ്യോഗസ്ഥൻ ആക്കാം. മമ്മൂട്ടിയുടെ തീരുമാനം മുഖവിലക്കെടുത്ത് എസ് എൻ സ്വാമിയെ പലരും ആ ഉദ്യമത്തിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചു.
കഥാപാത്രം സിബിഐ ഉദ്യോഗസ്ഥൻ മാത്രമല്ല ഒരു ബ്രാഹ്മണൻ കൂടിയാകണമെന്നും മമ്മൂട്ടിയാണ് നിർദേശിച്ചത്. സ്വാമി എന്നുവിളിക്കുന്ന കഥാപാത്രം ഒരിക്കലും ഒരു കുറ്റാന്വേഷണ ഉദ്യോഗത്തിന് യോജിക്കുന്നതല്ല എന്നുള്ള മുറവിളി നാലുപാട് നിന്നും വന്നു. മമ്മൂട്ടിയുടെ വാക്കുകൾ വിശ്വസിച്ച് എസ് എൻ സ്വാമി ആ കഥാപാത്രത്തിൽ ഉറച്ചുനിന്നു. സ്വാമി എന്ന് സേതുരാമയ്യരെ വിളിക്കുന്നതിന് മുമ്പ് അലി ഇമ്രാൻ എന്ന് നാമകരണം ചെയ്യാനായിരുന്നു സ്വാമി മമ്മൂട്ടിയോട് ആവശ്യപ്പെട്ടത്.
പിന്നീട് ഇരുവരും സേതുരാമയ്യർ എന്ന പേരിൽ ഉറച്ചുനിൽക്കുകയായിരുന്നു. എല്ലാവരും പിന്തിരിപ്പിക്കാൻ ശ്രമിച്ച പേരും കഥാസന്ദർഭങ്ങളും പിൽക്കാലത്ത് മലയാളം സിനിമയുടെ ചരിത്ര പുസ്‌തകത്തിൽ എഴുതി ചേർക്കപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട അലി ഇമ്രാൻ എന്ന പേരും പിൽക്കാലത്ത് ചരിത്രത്തിന്‍റെ ഭാഗം തന്നെയായി. മോഹൻലാൽ ചിത്രം മൂന്നാംമുറ ഇപ്പോഴും ജനഹൃദയങ്ങളിൽ കുടിയിരിക്കുന്നു.
എസ് എൻ സ്വാമി തിരക്കഥ ഒരുക്കി മമ്മൂട്ടിയും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ച കളിക്കളം എന്ന ചിത്രത്തെക്കുറിച്ചും വേദിയിൽ പരാമർശം ഉണ്ടായി. ആ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ല എന്നതും കൗതുകമാണ്. ആദ്യാവസാനം കൂടെയുള്ള ശ്രീനിവാസന്‍റെ കഥാപാത്രത്തിന് മമ്മൂട്ടിയുടെ പേര് മനസിലാക്കാൻ സാധിക്കാതിരുന്നത് മികച്ച തിരക്കഥയുടെ പിൻബലത്തിൽ ആണെന്ന് അഭിപ്രായമുയർന്നു.
മികച്ച തിരക്കഥാകൃത്ത് ആയിട്ടും ശ്രീനിവാസൻ ഇതുവരെയും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം എഴുതിയില്ലെന്ന അഭിപ്രായം ബി ഉണ്ണികൃഷ്‌ണന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി. താൻ അതിന് ശ്രമിച്ചിരുന്നെന്ന് ശ്രീനിവാസന്‍റെ മറുപടി. ത്രില്ലർ സിനിമകൾക്കും കുറ്റാന്വേഷണ സിനിമകൾക്കുമായി ധാരാളം വായിക്കുകയൊക്കെ ചെയ്‌തിരുന്നു. പക്ഷേ തനിക്ക് ഒട്ടും വഴങ്ങില്ലെന്ന് മനസിലാക്കിയാണ് അത്തരം ആശയങ്ങളോട് അകലം പാലിച്ചതെന്നുമായിരുന്നു ശ്രീനിവാസന്‍റെ മറുപടി.