സിജു വിൽസനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്‌ത ചിത്രം 'പഞ്ചവത്സര പദ്ധതി' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ 'പഞ്ചവത്സര പദ്ധതി' കണ്ട ശേഷമുള്ള നടൻ ശ്രീനിവാസന്‍റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമ തനിക്കിഷ്‌ടപ്പെട്ടെന്നും സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രം ഓരോ മലയാളിയും കണ്ടിരിക്കേണ്ടതാണെന്നുമാണ് ശ്രീനിവാസന്‍റെ വാക്കുകൾ. 'പഞ്ചവത്സര പദ്ധതി' സിനിമയുടെ സംവിധായകൻ പി ജി പ്രേംലാലിന്‍റെ അടുത്ത സുഹൃത്തും മെന്‍ററുമാണ് ശ്രീനിവാസൻ. ഇദ്ദേഹത്തെ നായകനാക്കി 'ആത്മകഥ', 'ഔട്ട് സൈഡർ' എന്നീ സിനിമകൾ പ്രേംലാൽ നേരത്തെ സംവിധാനം ചെയ്‌തിരുന്നു.
അതേസമയം പ്രീ-വീക്കെൻഡ് ദിവസങ്ങളിൽ 'പഞ്ചവത്സര പദ്ധതി' ഹൗസ് ഫുൾ ഷോകളും ഫാസ്‌റ്റ് ഫില്ലിംങ് ഷോകളുമായി മികച്ച പ്രേക്ഷക പിന്തുണയോടെയാണ് മുന്നേറുന്നത്. സജീവ് പാഴൂർ കഥ ഒരുക്കിയ ഈ സിനിമയിൽ പുതുമുഖം കൃഷ്‌ണേന്ദു എ മേനോൻ ആണ് നായികയായി എത്തിയത്. പി പി കുഞ്ഞികൃഷ്‌ണൻ, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.