തിരുവനന്തപുരം: പ്രിയപ്പെട്ട അനിയന്മാരെ അനിയത്തിമാരെ എന്ന് അഭിസംബോധന ചെയ്‌തു കൊണ്ടാണ് 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ ടൊവിനോ തോമസ് സംസാരിച്ചു തുടങ്ങിയത്. ഒരു വലിയ വേദിക്ക് മുന്നിൽ സംസാരിക്കാൻ കടന്ന് വരുമ്പോൾ പ്രസംഗം പഠിച്ചിട്ട് വരുന്ന രീതി തനിക്കില്ല എന്ന് ടോവിനോ തോമസ് പറഞ്ഞു. മനസിൽ തോന്നുന്ന കാര്യങ്ങളാണ് വേദിയിൽ പറയാറ്. എങ്കിലും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ സമാപന ചടങ്ങ് പോലൊരു വേദിയിലേക്ക് കടന്നു വരുമ്പോൾ എന്തെങ്കിലുമൊക്കെ മനസിൽ കരുതി വക്കണം. പക്ഷേ മൈക്കിന് മുന്നിൽ എത്തിയപ്പോൾ എല്ലാം മറന്നു. ഇനി ശൂന്യതയിൽ നിന്ന് സംസാരിച്ചു തുടങ്ങണം എന്നും നടന്‍ കുട്ടികളോട് പറഞ്ഞു.
ടൊവിനോയുടെ വാക്കുകൾക്ക് സദസിൽ നിന്നും ചിരിയായിരുന്നു മറുപടി. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് തൃശൂർ ജില്ലക്ക് കലാകിരീടം നേടാനായാൽ ഒരു ദിവസം അവധി ലഭിക്കും. അതുമാത്രമാണ് സ്‌കൂൾ യുവജനോത്സവങ്ങളുമായി ബന്ധപ്പെട്ട തനിക്കുള്ള ഏക ബന്ധമെന്നും ടൊവിനോ പറഞ്ഞു.
ഈ വേദിയിൽ നിന്നിറങ്ങി നാട്ടിലെത്തിയ ശേഷം ധൈര്യമായി എനിക്ക് പറയാം മത്സരാർത്ഥി ആയിട്ടല്ലങ്കിലും ഞാനും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒക്കെ പങ്കെടുത്തിട്ടുണ്ടെന്ന്. കലയുമായി യാതൊരു ബന്ധവുമില്ലാത്ത കുട്ടിക്കാലം ആയിരുന്നു തൻ്റേത്. വിധിയുടെ വിളയാട്ടം പോലെ ഇപ്പോൾ കലാ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നുവെന്നും ടൊവിനോ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
15,000ത്തോളം വരുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും മുന്നിൽ നിൽക്കുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു. കലാ കേരളത്തിൻ്റെ ഭാവി സുരക്ഷിതമാണ്. ഭാവിയിൽ കലാ മേഖലയിൽ ഇവർക്കെല്ലാം പ്രവർത്തിക്കാൻ സാധിച്ചില്ലെങ്കിലും കല കൈവിടാതിരിക്കുക. കലാമേഖല മികച്ച സൗഹൃദങ്ങൾ സമ്മാനിക്കുമെന്നും ടൊവിനോ പറഞ്ഞു.
എല്ലാ മത്സരാർഥികൾക്കും ആശംസകൾ പറയുവാനും ടൊവിനോ മറന്നില്ല. കഴിഞ്ഞവർഷത്തെ കൊല്ലം കലോത്സവത്തിൽ മമ്മൂക്ക അതിഥിയായി വന്നപ്പോൾ അദ്ദേഹത്തിൻ്റെ വസ്‌ത്ര വിധാനത്തെ കുറച്ച് ജനങ്ങൾ പറയുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഈ വർഷവും ഞാൻ ഏതു വേഷം ധരിച്ചാകും ഇവിടെയെത്തുക എന്ന തരത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു വീഡിയോ ശ്രദ്ധയിൽപ്പെട്ടു. കഴിഞ്ഞ കലോത്സവത്തിൽ മമ്മൂട്ടി വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച് എത്തണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന അഭിപ്രായ പ്രകടനങ്ങളാണ് നടത്തിയത്.
എന്നാൽ ഞാൻ ഏതു വേഷത്തിൽ വന്നാലും ഇഷ്‌ടമാണ് എന്നാണ് കൂടുതൽ പേരും പ്രതികരിച്ചത്. അതെന്നെ വളരെയധികം സന്തോഷിപ്പിച്ചതായി ടൊവിനോ പറഞ്ഞു. എന്നാലും ആരൊക്കെയോ കറുത്ത ഷർട്ടും വെള്ള മുണ്ടും ഉടുത്തു വന്നാൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഭാഗ്യവശാൽ എൻ്റെ കയ്യിൽ ഏറ്റവും കൂടുതൽ ഉള്ളത് കറുത്ത ഷർട്ടുകളാണ്. അതുകൊണ്ട് കറുത്ത ഷർട്ട് ധരിച്ച് ഞാൻ ഇവിടെ എത്തി. മോഡേണായി വസ്‌ത്രം ധരിച്ച് ഞാനിവിടെ എത്താൻ ആഗ്രഹിച്ചവർ ക്ഷമിക്കുക. അടുത്ത കലോത്സവത്തിൽ ഞാൻ അതിഥിയാണെങ്കിൽ അങ്ങനെയെത്താമെന്നും ടൊവിനോ പറഞ്ഞു.