ഗിരീഷ് എഡിയുടെ 'പ്രേമലു'വിന് ശേഷം ശ്യാം മോഹന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇഡി 'എക്‌സ്‌ട്രാ ഡീസന്‍റ്'. ഒരു ഡാര്‍ക്ക് ഹ്യൂമര്‍ ക്യാറ്റഗറിയിലുള്ള ഫാമിലി കോമഡി ചിത്രമാണ് 'ഇഡി'. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്‌ത ചിത്രം ഇന്ന് (ഡിസംബര്‍ 20) തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
'ഇഡി' തിയേറ്ററുകളില്‍ എത്തിയ സാഹചര്യത്തില്‍ സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്‌ത ശ്യാം മോഹന്‍ ഇടിവി ഭാരതിനോട് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ഒരു കുടുംബത്തിന് ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രമാണ് ഇഡി 'എക്‌സ്‌ട്രാ ഡീസന്‍റ്' എന്നാണ് ശ്യാം മോഹന്‍ പറയുന്നത്.
"ചിരിക്കാനുണ്ട്.. എന്നാൽ കുറച്ച് ആലോചിക്കാനുള്ള ഒരു വിഷയവും സിനിമയില്‍ പറയുന്നുണ്ട്. ഇഡി റിലീസ് ദിനം ഡിസംബര്‍ 20ന് എന്‍റെ ജന്‍മദിനം കൂടിയാണ്. അങ്ങനെ ഒരു ഡബിള്‍ സന്തോഷമുണ്ട്.. എന്‍റെ പിറന്നാള്‍ ദിനത്തില്‍ തന്നെ എന്‍റെ ഒരു ചിത്രം റിലീസ് ആകുന്നുവെന്ന സന്തോഷവും എനിക്കുണ്ട്," ശ്യാം മോഹന്‍ പറഞ്ഞു.
വിനീത് ശ്രീനിവാസന്‍റെ 'മുകുന്ദൻ ഉണ്ണിഅസോസിയേറ്റ്സ്' പോലുള്ള ഒരു ക്യാറ്റഗറിയില്‍ പെടുന്ന ചിത്രമാണ് 'ഇഡി' എന്നാണ് നടന്‍ പറയുന്നത്. കേസില്ലാത്ത സ്വാര്‍ത്ഥനായ വക്കീലായിരുന്നു മുകുന്ദന്‍ ഉണ്ണി. വിനീതിന്‍റെ കരിയറിലെ തീര്‍ത്തും വ്യത്യസ്‌ത കഥാപാത്രമായിരുന്നു മുകുന്ദനുണ്ണി. അതുപോലെ സുരാജ് വെഞ്ഞാറമൂടിന്‍റെ കരിയറിലെ വ്യത്യസ്‌മായ വേഷമാണ് 'ഇഡി'യിലേത്.
"ഇഡി ഒരു ഫാമിലി കോമഡി ചിത്രമാണ്. ഒരു ഡാർക്ക് ഹ്യൂമർ ക്യാറ്റഗറിയിലുള്ള ചിത്രമെന്ന് പറയാം. മുകുന്ദൻ ഉണ്ണിഅസോസിയേറ്റ്സ് പോലുള്ള ഒരു ക്യാറ്റഗറിയാണ്. ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യമാണ്. സുരാജേട്ടന്‍റെ ക്യാരക്‌ടറാണ് ബിനു.. ബിനുവും ബിനുവിന്‍റെ കുടുംബവുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ബിനു കാരണം അഫെക്‌ഡട് ആകുന്ന സ്വന്തം കുടുംബം. എന്താണ് അതിന്‍റെ വിഷയം എന്നുള്ളതാണ് സിനിമയുടെ കഥ," ശ്യാം മോഹന്‍ പറഞ്ഞു.
ബിനു ഒരു ഗ്രഹം ആണെങ്കിൽ തങ്ങളെല്ലാം ഉപഗ്രഹങ്ങളാണ് എന്നാണ് ശ്യാം മോഹന്‍ പറയുന്നത്. സിനിയില്‍ സുരാജ് വെഞ്ഞാറമൂട് അസാധ്യ പ്രകടനാണ് കാഴ്‌ച്ചവച്ചിരിക്കുന്നതെന്നും നടന്‍ പറഞ്ഞു. ഒരിടവേളയ്‌ക്ക് ശേഷം സുധീർ കരമന ചെയ്യുന്ന ഒരു മുഴുനീള ചിത്രമാണ് ഇഡിയെന്നും അദ്ദേഹം പറഞ്ഞു.
"ബിനു ഒരു ഗ്രഹമാണെങ്കിൽ ഞങ്ങളെല്ലാം ഉപഗ്രഹങ്ങളാണ്. ബിനുവിന് ചുറ്റും ഞങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കും. ബിനുവിന്‍റെ സിങ്ക്‌സ് അനുസരിച്ചാണ് ഞങ്ങളും സിങ്ക് ചെയ്യുന്നത്. അങ്ങനെ ഉള്ളൊരു കഥയാണ് ഇഡി. ഞാന്‍, സുരാജേട്ടന്‍, സുധീർ കരമന ചേട്ടൻ, ഗ്രേസ് ആന്‍റണി, വിനീത് തട്ടിൽ, വിനയ പ്രസാദ് മാം, റാഫി മെക്കാർട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, സജിൻ ചെറുകയിൻ അങ്ങനെ എല്ലാവരും നന്നായി ചെയ്‌തു," ശ്യാം മോഹന്‍ പറഞ്ഞു.
ഇഡിയ്‌ക്ക് വേണ്ടി അങ്കിത് മേനോന്‍ അസാധ്യമായി സംഗീതം ഒരുക്കിയിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. "അങ്കിത് മേനോൻ ആണ് സിനിമയില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. അസാധ്യമായാണ് അദ്ദേഹം സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം രണ്ട് ഗാനങ്ങള്‍ ചെയ്‌തിട്ടുണ്ട്. രണ്ടും വളരെ രസമുള്ള ഗാനങ്ങളാണ്," ശ്യാം മോഹന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: സുരാജ് വെഞ്ഞാറമൂടും ശ്യാം മോഹനും.. കേരളത്തിലെ തിയേറ്ററുകളില്‍ ഇഡി റൈഡ് ആരംഭിച്ചു - EXTRA DECENT RELEASE