ETV Bharat / entertainment

"സച്ചിനെ പിന്നെ കാണാം, കമല്‍ ഹാസനെ കണ്ടിട്ട് അവസരം ചോദിക്കണം.. രാജമൗലി അവസരം തന്നാല്‍ ഹൈദരാബാദിലേക്ക് പറക്കും", ശ്യാം മോഹന്‍ പറയുന്നു - SHYAM MOHAN INTERVIEW

ഇടിവി ഭാരതിന് വേണ്ടി പ്രേമലു താരം ശ്യാം മോഹനുമായി ഫര്‍സാന ജലില്‍ എ നടത്തിയ അഭിമുഖം.

SHYAM MOHAN  ശ്യാം മോഹന്‍  SHYAM MOHAN MOVIES  ശ്യാം മോഹന്‍ സിനിമകള്‍
Shyam Mohan (ETV Bharat)
author img

By ETV Bharat Entertainment Team

Published : 5 hours ago

'പ്രേമലു' എന്ന ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ശ്യാം മോഹന്‍. 2024ലെ വമ്പന്‍ ഹിറ്റായ 'പ്രേമലു'വിലെ ജസ്‌റ്റ് കിഡ്ഡിംഗ് ജെകെ എന്നറിയപ്പെടുന്ന ആദിയെ അറിയാത്തവര്‍ ചുരുക്കം.. 1991ല്‍ 'കിലുക്കം' എന്ന സിനിമയിലൂടെ ബാല താരമായി വെള്ളിത്തിരയില്‍ മുഖം കാണിച്ച ശ്യാം മോഹന്‍ എന്ന നടനെ ആളുകള്‍ തിരിച്ചറിയാന്‍ 2024 വരെ കാത്തിരിക്കേണ്ടി വന്നു.

ഗിരീഷ് എഡി സംവിധാനം ചെയ്‌ത 'പ്രേമലു' ശ്യാം മോഹന്‍റെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു. എന്നാല്‍ 'പ്രേമലു' അല്ല ശ്യാം മോഹന്‍റെ ആദ്യ ചിത്രം. 'ജേര്‍ണി ഓഫ് ലൗ 18+' എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയ്‌ക്ക് ശേഷമാണ് ശിവകാര്‍ത്തികേയന്‍-സായ് പല്ലവി ചിത്രം 'അമരനി'ല്‍ അവസരം ലഭിക്കുന്നത്.

SHYAM MOHAN  ശ്യാം മോഹന്‍  SHYAM MOHAN MOVIES  ശ്യാം മോഹന്‍ സിനിമകള്‍
ശ്യാം മോഹന്‍ (ETV Bharat)

'അമരന്‍' പൂര്‍ത്തിയാക്കിയ ശേഷമാണ് ശ്യാം മോഹന്‍ 'പ്രേമലുവി'ല്‍ എത്തുന്നത്. എന്നാല്‍ 'പ്രേമലു' ആദ്യം റിലീസ് ചെയ്യുകയായിരുന്നു. ഇപ്പോഴിതാ സുരാജ് വെഞ്ഞാടമൂടിനൊപ്പം 'ഇഡി' (എക്‌സ്‌ട്രാ ഡീസെന്‍റ്) യിലും പ്രാധന വേഷത്തില്‍ എത്തുകയാണ്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്‌ത ഈ ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രം ഇന്ന് (ഡിസംബര്‍ 20) തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.

ഇന്ന് ശ്യാം മോഹന്‍റെ ജന്‍മദിനം കൂടിയാണ്. തന്‍റെ ജന്‍മദിനത്തില്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിയതിന്‍റെ ഇരട്ടി സന്തോഷത്തിലാണ് നടന്‍. ഈ സാഹചര്യത്തില്‍ തന്‍റെ സിനിമ-ജീവിത വിശേഷങ്ങളും ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് ശ്യാം.

ഒരു കുടുംബത്തിന് ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രമാണ് ഇഡി എന്നാണ് ശ്യാം മോഹന്‍ പറയുന്നത്. ഇഡിയില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രധാന വേഷത്തിലാണ് ശ്യാം മോഹന്‍ എത്തിയിരിക്കുന്നത്. സുരാജിനെ കുറിച്ചുള്ള വിശേഷങ്ങളും നടന്‍ പങ്കുവച്ചു. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് നടന്‍റെ മിമിക്രികള്‍ കണ്ട് പ്രചോദനമായ കഥയും അദ്ദേഹം പങ്കുവച്ചു.

പ്രചോദനമായി സുരാജിന്‍റെ മിമിക്രി

"സ്‌കൂളിൽ പഠിക്കുന്ന സമയത്ത് സുരാജേട്ടന്‍റെ മിമിക്രിയും മറ്റും ചെയ്‌തിരുന്നു. സിനിമയില്‍ വരുംമുമ്പ് തന്നെ അദ്ദേഹത്തിന്‍റെ സ്‌കിറ്റുകളും മിമിക്രിയും കാര്യങ്ങളുമൊക്കെ കൈരളിയില്‍ വളരെ പോപ്പുലര്‍ ആയിരുന്നു. ഇത് കണ്ട് പ്രചോദനമായിട്ടാണ് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി സ്‌റ്റേജില്‍ കയറുന്നത്. ശേഷം കുറച്ച് നാള്‍ ഒരു ഗാനമേള ട്രൂപ്പിനൊപ്പം ഗ്യാപ്പ് കളിക്കാൻ പോയിട്ടുണ്ട്. ഫില്ലര്‍ ആയി ഗ്യാപ്പ് കളിക്കുക എന്ന് പറയും. ഗാനമേളയുടെ ബ്രേക്ക് വരുന്ന സമയത്ത് നമ്മള്‍ മിമിക്രി പെർഫോം ചെയ്യും. അതാണ് ഗ്യാപ്പ് കളി. അന്ന് ഞാൻ പ്രധാനമായും ചെയ്‌തിരുന്നത് സുരാജേട്ടൻ ചെയ്‌തിരുന്ന ഐറ്റങ്ങളുടെ എന്‍റെ ഒരു വെർഷൻ ആയിരുന്നു. അങ്ങനെ കണ്ട് വളർന്ന ഒരാളുടെ കൂടെ ചെറിയ ചെറിയ വേഷങ്ങളും ചെയ്യാന്‍ കഴിഞ്ഞു," ശ്യാം മോഹന്‍ പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട് നിര്‍മ്മിച്ച ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം ഒരു മുഴുനീള വേഷം ചെയ്യാന്‍ കഴിഞ്ഞതിന്‍റെ നന്ദിയും നടന്‍ രേഖപ്പെടുത്തി. ഇഡിയിലേയ്‌ക്ക് താന്‍ കാസ്‌റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ചും ശ്യാം വിശദീകരിച്ചു.

"സുരാജേട്ടന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ കൂടെ ഒരു മുഴുനീള വേഷം ചെയ്യാൻ കഴിഞ്ഞു. അത് ഉറപ്പായും നിര്‍മ്മാതാവിന്‍റെ കോളും കൂടിയാണല്ലോ.. സംവിധായകന്‍ ഇന്ന ആളെ കാസ്‌റ്റ് ചെയ്യാമെന്ന് പറയുമ്പോള്‍ നിര്‍മ്മാതാവ്, അതും വലിയൊരു നിര്‍മ്മാതാവ്, അയാളെ വേണ്ടെന്ന് പറഞ്ഞാല്‍ അയാള്‍ അവിടെ ഉണ്ടാവില്ല. പക്ഷേ എന്‍റെ പേര് പറഞ്ഞപ്പോള്‍ സുരാജേട്ടന്‍ ഓക്കെ ആയിരുന്നു. അല്ലാതെയും ചേട്ടന്‍ എന്‍റെ പേര് പലയിടത്തും പറയുന്നുണ്ട്. പല കഥകള്‍ കേള്‍ക്കുമ്പോഴും ശ്യാമിനോട് പറഞ്ഞ് നോക്കെന്ന് പറയാറുണ്ട്. അത്രയും സപ്പോര്‍ട്ട് ചെയ്യുന്നൊരു ആളാണ്," ശ്യാം മോഹന്‍ വ്യക്‌തമാക്കി.

ഗ്രേസിന്‍റെ ന്യാച്ചുറല്‍ അഭിനയം

ഇഡിയില്‍ ഗ്രേഡ് ആന്‍റണിയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗ്രേസിനൊപ്പമുള്ള അഭിനയ വിശേഷങ്ങളും ശ്യാം പങ്കുവച്ചു. വളരെ ന്യാച്ചുറലായി അഭിനയിക്കുന്ന ഒരു നടിയാണ് ഗ്രേസ് എന്നാണ് നടന്‍ പറയുന്നത്.

"കുമ്പളങ്ങി നൈറ്റ്‌സ് മുതല്‍ ഇഷ്‌ടമുള്ള ആളാണ്. ഹാപ്പി വെഡ്ഡിംഗിന് ശേഷം കുമ്പളങ്ങിയില്‍ പ്രതീക്ഷിക്കാത്തൊരു പെര്‍ഫോമന്‍സാണ് അവര്‍ ചെയ്‌തത്. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തില്‍ വളരെ നാച്ച്യുറലായി പെര്‍ഫോം ചെയ്യുന്ന ഒരു ആളാണ്. അടുത്തിടെ പുറത്തിറങ്ങിയ നാഗേന്ദ്രന്‍ ഹണിമൂണ്‍സ് സിരീസിലാണെങ്കിലും ഏറ്റവും മികച്ച എപ്പിസോഡുകളില്‍ ഒന്നാണ് അവരുടേത്," ശ്യാം മോഹന്‍ പറഞ്ഞു.

ഇഡി സിനിമ പോസ്റ്റര്‍ (ETV Bharat)

ഗ്രേസ് ആന്‍റണി, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ കൂടെയുള്ള അഭിനയം ശരിക്കും ഒരു ലേര്‍ണിംഗ് പ്രോസസ് ആയിരുന്നുവെന്നും നടന്‍ പറഞ്ഞു. രണ്ടു പേരും ഭയങ്കര രസമായിരുന്നുവെന്നും അവര്‍ ഒരുപാട് സീനിയേഴ്‌സ് ആണെന്നും ശ്യാം കൂട്ടിച്ചേര്‍ത്തു.

"അവര്‍ അത്രയും സീനിയേഴ്‌സ് ആയത് കൊണ്ട് തന്നെ അവരുടെ കൂടെ പിടിച്ച് നില്‍ക്കുക എന്നൊരു പ്രോസസ് ഉണ്ടായിരുന്നു. പക്ഷേ എന്തോ ഭാഗ്യം കൊണ്ട് ചെയ്യാനായി. പലസ്ഥലങ്ങളിലും അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങള്‍ ചിരിക്കുന്നുണ്ടായിരുന്നു. നമ്മുടെ പെര്‍ഫോമന്‍സ് കണ്ട് പുള്ളി ചിരിക്കും, അല്ലേല്‍ പുള്ളിയുടേത് കാണുമ്പോള്‍ നമ്മുക്ക് ഉറപ്പായും ചിരി വരും. ഗ്രേസിന്‍റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു," ശ്യാം മോഹന്‍ പറഞ്ഞു.

ഇഡി കഴിഞ്ഞാല്‍ ബ്രൊമാന്‍സ്

ഇഡി കഴിഞ്ഞാല്‍ ശ്യാം മോഹന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ബ്രൊമാന്‍സ്'. അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 14നാണ് തിയേറ്ററുകളില്‍ എത്തുക. അരുണ്‍ ഡി ജോസ്, രവീഷ് നാഥ്, തോമസ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ കം റൈറ്റര്‍ കൂടിയാണ് തോമസ് സെബാസ്റ്റ്യന്‍.

അര്‍ജുന്‍ അശോകന്‍, അമല്‍ ഡേവിഡ്, മാത്യൂ തോമസ്, മഹിമ നമ്പ്യാര്‍, ഷാജോണ്‍ തുടങ്ങിവരാണ് ബ്രൊമാന്‍സില്‍ അഭിനയിച്ചിരിക്കുന്നത്. ഒരു ഫണ്‍ ഫില്‍ഡ് ചിത്രമാണ് 'ബ്രൊമാന്‍സ്'. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെന്നും അണിയറപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നും പോസ്‌റ്ററുകള്‍ റിലീസ് ചെയ്‌തിട്ടുണ്ടെന്നും നടന്‍ അറിയിച്ചു.

അതേസമയം അരുണ്‍ ഡി ജോസിന്‍റെ '18 പ്ലസി'ലും ശ്യാം നേരത്തെ അഭിനയിച്ചിട്ടുണ്ട്. ഈ സംവിധായകനാണ് നടന് ആദ്യമായി നല്ലൊരു വേഷം സിനിമയില്‍ കൊടുക്കുന്നത്. അതും ശ്രദ്ധേയമായൊരു വേഷം. '18 പ്ലസി'ലെ അഭിനയം കണ്ടിട്ടാണ് ശ്യാമിന് 'അമര'നില്‍ അവസരം ലഭിച്ചത്.

പ്രണീശ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ദി പെറ്റ് ഡിറ്റക്‌ടീവ്' ആണ് ശ്യാമിന്‍റെ മറ്റൊരു പുതിയ ചിത്രം. നടന്‍ ഷറഫുദ്ദീന്‍ ആണ് സിനിമയുടെ പ്രൊഡ്യൂകര്‍ കം ലീഡ് ആക്‌ടര്‍. ഒരുപാട് ആര്‍ട്ടിസ്‌റ്റുകളുള്ള ഒരു കോമഡി ചിത്രമാണിത്. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, വിനയ്‌ ഫോര്‍ട്ട്, വിനായകന്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ളത് വളരെ രസകരമായ അനുഭവമായിരുന്നു എന്നും ശ്യാം മോഹന്‍ പറഞ്ഞു.

ഇഡി, അമരന്‍, 18 പ്ലസ് ഇതൊക്കെ ചെയ്‌തെങ്കിലും ശ്യാം മോഹന്‍റെ കരിയറില്‍ നടന് ഏറ്റവും ഇഷ്‌ടമുള്ള ചിത്രം 'പ്രേമലു' തന്നെയാണ്. ഇക്കാര്യം നടന്‍ തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ്.

"കരിയറില്‍ ഒരു ബ്രേക്ക് കിട്ടിയതും, ഒരു നടന്‍ എന്ന നിലയില്‍ പ്രകടനം ഗംഭീരം ആയിരുന്നുവെന്ന് ഒരുപാട് ആളുകള്‍ പറഞ്ഞതും പ്രേമലുവാണ്. ആദ്യമായി നല്ലൊരു വേഷം കിട്ടിയ സിനിമയില്‍ നല്ല അഭിനയം ആയിരുന്നുവെന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷം തോന്നി," ശ്യാം മോഹന്‍ പറഞ്ഞു.

അമരന്‍ എന്‍റെ ലോട്ടറി..

"പ്രേമലു ഇറങ്ങുന്നതിന് മുമ്പ് ചെറിയ വേഷങ്ങള്‍ ചെയ്‌ത് നടന്ന സമയത്ത് രാജ്‌കമല്‍ ഫിലിംസിന്‍റെ ഒരു സിനിമയില്‍ ശിവകാർത്തികേയന്‍ സര്‍, സായി പല്ലവി മാം എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നാല്‍ വലിയൊരു കാര്യമാണ്. അതിന്‍റെ ഒരു എക്‌സൈറ്റ്മെന്‍റ് ഇപ്പോഴുമുണ്ട്. അമരന്‍ ആ സമയത്ത് എന്നെ സംബന്ധിച്ച് ഒരു ലോട്ടറി അടിക്കുന്ന പോലെയായിരുന്നു. അതുകൊണ്ട് അമരനും ഭയങ്കര സപെഷ്യലാണ്. പക്ഷേ ജീവിതവും കരിയറും മാറ്റിമറിച്ച ചിത്രം പ്രേമലു ആയത് കൊണ്ട് പ്രേമലുവിനോട് ഒരു ഇഷ്‌ടക്കൂടുതല്‍ ഉണ്ട്."

പ്രേമലു സിനിമ പോസ്റ്റര്‍ (ETV Bharat)

അമരനിലെ ദേഷ്യക്കാരന്‍ സഹോദരനെ കുറിച്ചും ശിവ കാര്‍ത്തികേയന്‍, സായ് പല്ലവി എന്നിവരോട് ദേഷ്യപ്പെടുന്ന രംഗത്തെ കുറിച്ചും ശ്യാം മോഹന്‍ മനസ്സുതുറന്നു. ആ രംഗങ്ങള്‍ ഷൂട്ട് ചെയ്‌തപ്പോഴുള്ള അനുഭവങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. 18 പ്ലസ് എന്ന സിനിമ കണ്ടിട്ടാണ് അമരനിലേക്ക് തന്നെ കാസ്‌റ്റ് ചെയ്‌തതെന്നും നടന്‍ പറഞ്ഞു.

"18 പ്ലസ്സില്‍ ഇതുപോലെ ദേഷ്യപ്പെടുന്ന ഒരു ക്യാരകടറാണ്. പെങ്ങള്‍ ഒരു താഴ്ന്ന ജാതിക്കാരനെ സ്നേഹിക്കുമ്പോള്‍ അതില്‍ ഭയങ്കരമായി ദേഷ്യപ്പെടുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നൊരു ചേട്ടനാണ്. എന്നാല്‍ അമരനില്‍ അങ്ങനെ ഒരു ജാതിയുടെ ഇഷ്യൂ അല്ല. എന്നാലും ഒരു കോപ്ലെക്‌സ്‌ ഉണ്ട്," അദ്ദേഹം തുറന്നു പറഞ്ഞു.

സിനിമ ഇറങ്ങിയപ്പോള്‍ മ്യൂട്ടായി പോയി

"ആ സമയത്ത് കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. നമ്മള്‍ മലയാളികള്‍ തമിഴ് ആളുകളെ ദേഷ്യത്തില്‍ മോശമായി റെഫർ ചെയത് പറയുന്ന ചില പ്രയോഗങ്ങളൊക്കെ ഉണ്ടല്ലോ. മലയാളി, തമിഴന്‍ കോംപ്ലെക്‌സ് ഉള്ളൊരു ക്യാരക്‌ടര്‍ കൂടിയാണ്. അങ്ങനെ ചില പ്രയോഗങ്ങളും ഉണ്ടായിരുന്നു. ആ വാക്കുകള്‍ സിനിമയില്‍ ഉപയോഗിച്ചാല്‍ പ്രശ്‌നം ആകുമോ എന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചിരുന്നു. സിനിമയില്‍ ചില വാക്കുകള്‍ പറയുന്നുണ്ട്. അതിന്‍റെ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. അപ്പോള്‍ രാജ്‌കുമാർ സാർ പറഞ്ഞു, അത് അയാളുടെ ക്യാരക്‌ടര്‍ ട്രെയിറ്റ് ആണെന്നും അതുകൊണ്ട് പ്രശ്‌നമില്ലെന്നും.. പക്ഷേ സിനിമ ഇറങ്ങിയ സമയത്ത് അത് മ്യൂട്ടായി പോയിട്ടുണ്ട്."

ഭയങ്കര ഇഷ്‌ടം.. പക്ഷേ ദേഷ്യപ്പെടണം

"ശിവകാർത്തികേയന്‍ സറിനോട് ദേഷ്യപ്പെടാന്‍ ആദ്യം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒന്നാമത് എനിക്ക് ഭയങ്കര ഇഷ്‌ടമുള്ള നടന്‍. ഭയങ്കര ഒരു ക്യൂട്ട് മനുഷ്യനാണ് പുള്ളിക്കാരന്‍. അതുകൊണ്ട് ദേഷ്യപ്പെടാന്‍ ഒരു പ്രശ്‌നം ഉണ്ടായിരുന്നു. പിന്നെ നമ്മുടെ ജോലി ഇതായത് കൊണ്ടും സ്‌റ്റാർട്ട് ആക്ഷൻ പറഞ്ഞ് കഴിഞ്ഞാല്‍ കൂടുതലൊന്നും ആലോചിക്കാറില്ല."

ശിവകാര്‍ത്തികേയനൊപ്പം ശ്യാം മോഹന്‍ (ETV Bharat)

ശിവ കാര്‍ത്തികേയന്‍റേത് പോലെയായിരുന്നു സായി പല്ലവിയോട് ദേഷ്യപ്പെടുന്ന രംഗവും എന്നാണ് ശ്യാം മോഹന്‍ പറയുന്നത്. അമരനില്‍ ഇന്ധു റെബേക്ക എന്ന കഥാപാത്രത്തിന്‍റെ സഹോദരന്‍റെ വേഷമായിരുന്നു ശ്യാം മോഹന്. ചിത്രത്തില്‍ നടന്‍റെ ആദ്യ രംഗം തന്നെ അവരോട് ദേഷ്യപ്പെടുന്നതാണ്. ഇതേ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

"മാമിന്‍റെ കൂടെയുള്ള എന്‍റെ ആദ്യത്തെ സീന്‍ തന്നെ ഷൗട്ട് ചെയ്‌ത് സംസാരിക്കുന്നതായിരുന്നു. പക്ഷേ ആ സമയത്ത് അതൊന്നും ആലോചിക്കില്ല. ആ സീന്‍ എങ്ങനെ നന്നാക്കാം.. മൊത്തത്തില്‍ എല്ലാവരുടെയും പെര്‍ഫോമന്‍സും കാര്യങ്ങളും എത്രത്തോളം ബെറ്ററാക്കാം..എന്നൊക്കെയാണ് ചിന്തിച്ചത്. നമ്മള്‍ ഒരാള്‍ മോശമായി കഴിഞ്ഞാല്‍ എല്ലാത്തിനെയും ബാധിക്കുമല്ലോ. അതുകൊണ്ട് ആ സമയത്ത് അത് മാത്രമെ ആലോചിക്കാറുള്ളു," ശ്യാം മോഹന്‍ കൂട്ടിച്ചേര്‍ത്തു.

അമരന്‍, 18 പ്ലസ് എന്നീ ചിത്രങ്ങളില്‍ ഒരു ദേഷ്യക്കാരന്‍ സഹോദരന്‍ ആയിരുന്നത് കൊണ്ട് തന്നെ ജീവിതത്തിലും അങ്ങനെയുള്ള സഹോദരനാണോ എന്ന ചോദ്യത്തിന് അയ്യോ അങ്ങനെ ഒരാള്‍ അല്ലെന്നായിരുന്നു നടന്‍റെ മറുപടി. യഥാര്‍ത്ഥ ജീവിതത്തില്‍ രണ്ട് സഹോദരിമാരാണ് ശ്യാം മോഹന്. അവരുമായി നല്ല സൗഹൃദപരമായുള്ള ഒരു ബന്ധമാണ് നടന്‍റേത്.

ശിവ കാര്‍ത്തികേയന്‍ തൊട്ടപ്പോള്‍, ഇതാരാ മനസ്സിലായില്ലല്ലോ...

ശിവ കാര്‍ത്തികേയനുമായുള്ള ഷൂട്ടിംഗ് അനുഭവം ഭയങ്കരമായിരുന്നു എന്നാണ് നടന്‍ പറയുന്നത്. സെറ്റില്‍ ശിവ കാര്‍ത്തികേയനെ ആദ്യം കണ്ട അനുഭവത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

"സാറിനെ ആദ്യം കാണുമ്പോള്‍ താടിയും മീശയും ഒന്നുമില്ലാതെ ഫുള്‍ ലീന്‍ ആയിട്ടുള്ളൊരു ലുക്കായിരുന്നു. ആദ്യമായാണ് അങ്ങനെ ഒരു ലുക്കില്‍ സാറിനെ കാണുന്നത്. നേരിട്ട് കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സിലായില്ല. ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. അദ്ദേഹം പുറകില്‍ വന്ന് നിന്നിട്ട് ഹായ് പറഞ്ഞപ്പോള്‍, ഇതാരാ എന്ന രീതിയിലാണ് ഞങ്ങള്‍ ആദ്യം നോക്കിയത്. പിന്നീടാണ് മനസ്സിലായത്.. കാരണം നല്ല ഭംഗി ആയിരുന്നു സാറിനെ കാണാനും.. ഒരു കൊച്ച് പയ്യന്‍ വന്ന് നില്‍ക്കുന്ന ഫീല്‍ ആയിരുന്നു. ശേഷം ഞങ്ങളോടൊക്കെ സംസാരിച്ചു," ശ്യാം മോഹന്‍ പറഞ്ഞു.

അമരനിലെ മമ്മൂട്ടിയും പൃഥ്വിരാജും..

"ഒരു രാത്രി ഷൂട്ടില്‍ തന്നെ അദ്ദേഹം ഞങ്ങളോടൊക്കെ കമ്പനിയായി. നല്ല പരിചയമുള്ള ആളുകളോട് സംസാരിക്കുന്ന പോലെയാണ് പുള്ളി ഞങ്ങളോട് സംസാരിച്ചത്. ആ സമയത്ത് സാര്‍ എന്നെ പൃഥ്വിരാജ് എന്ന് കളിയാക്കി വിളിക്കുമായിരുന്നു. സിനിമയില്‍ സായ് പല്ലവി മാമിനെ മമ്മൂട്ടി എന്ന് വിളിക്കുന്ന പോലെ ഹേയ് പൃഥ്വിരാജ് എന്ന് എന്നെ വിളിക്കുമായിരുന്നു. തമാശയ്ക്ക് വിളിക്കുന്നതായിരുന്നു. ഞങ്ങള്‍ എല്ലാവരുമായും അദ്ദേഹത്തിന് നല്ലൊരു ബോണ്ടിംഗ് ഉണ്ടായിരുന്നു. അത് പുള്ളി കീപ് ചെയ്യുന്നുണ്ടായിരുന്നു."

ശിവ കാര്‍ത്തികേയന്‍ സെറ്റില്‍ എല്ലാവരോടും നല്ല മിംഗിള്‍ ആയിരുന്നെങ്കില്‍ സായി പല്ലവി അങ്ങനെ ആയിരുന്നില്ല. സായി പല്ലവി സെറ്റില്‍ അധികം സംസാരിക്കാറില്ല. ഇതേക്കുറിച്ചും ശ്യാം മോഹന്‍ സംസാരിച്ചു. അവരുടെ ആക്‌ടിംഗ് പ്രോസസ് കാണാന്‍ ഭയങ്കര രസമാണെന്നും അദ്ദേഹം പറഞ്ഞു.

"മാം ഭയങ്കരമായി ക്യാരക്‌ടറില്‍ ഇന്‍വോള്‍വിഡായിരിക്കും. അതില്‍ ഫുള്‍ ഇന്‍ ആയിരിക്കും. പ്രത്യേകിച്ച് അവരുടെ ക്യാരക്‌ടര്‍ കുറച്ച് ഇമോഷണല്‍ ആണല്ലോ.. ഞങ്ങളുടെ കോമ്പിനേഷന്‍ സീനുകളിലും കൂടതലും ദേഷ്യപ്പെടലും ഇമോഷണല്‍ സീനുകളും ആയിരുന്നു. സിനിമയില്‍ മുഴുവന്‍ സമയവും അങ്ങനൊരു ഇമോഷണല്‍ സ്‌റ്റേറ്റില്‍ ആയിരിക്കുന്നത് കൊണ്ട് നമ്മള്‍ പോയി സംസാരിച്ച് ബുദ്ധിമുട്ടിക്കാന്‍ നില്‍ക്കാറില്ലായിരുന്നു. പക്ഷേ രാവിലെ വരുമ്പോള്‍ ഞങ്ങളോട് ഹായ് ഒക്കെ പറയാറുണ്ട്," ശ്യാം മോഹന്‍ പറഞ്ഞു.

അമരനില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ എന്ന കഥാപാത്രത്തെയാണ് ശിവ കാര്‍ത്തികേയന്‍ അവതരിപ്പിച്ചത്. ഇന്ദു റെബേക്ക വര്‍ഗീസായി സായി പല്ലവിയും വേഷമിട്ടിരുന്നു. അതുകൊണ്ട് തന്നെ അമരന്‍ ഇറങ്ങിയ ശേഷം ഇന്ദു മാമിനോട് ഭയങ്കര ബഹുമാനം തോന്നിയിരുന്നുവെന്നും നടന്‍ പറഞ്ഞു. മേജര്‍ മുകുന്ദ് വരദാജന്‍റെ കുടുംബത്തെ നേരില്‍ കാണണമെന്ന് ഉണ്ടായിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

ശിവകാര്‍ത്തികേയന്‍ അഭിനന്ദിച്ചപ്പോള്‍..

അമരന്‍ പ്രൊമോഷനിടെ ശിവകാര്‍ത്തികേയന്‍ ആദിയെ അഭിനന്ദിച്ചതിനെ കുറിച്ചും നടന്‍ മനസ്സുതുറന്നു. ശിവകാര്‍ത്തികേയനെ പോലൊരു താരം തന്‍റെ പേരെടുത്ത് പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം തോന്നിയെന്നാണ് നടന്‍റെ പ്രതികരണം.

"പരിപാടിയില്‍ എന്‍റെ പേര് അനൗന്‍സ് ചെയ്‌തപ്പോള്‍ സാര്‍ അവിടെയിരുന്ന് ജെസ്‌റ്റ് കിഡ്ഡിംഗ് ഗെസ്‌റ്റര്‍ കാണിക്കുന്നുണ്ടായിരുന്നു. ആ വീഡിയോ റീല്‍സായിട്ടുണ്ടായിരുന്നു. ഭയങ്കര ഹാപ്പിയാണ്. ഇത്രയും വലിയൊരു താരം പ്രത്യേകമായി അഭിനന്ദുക്കുമ്പോള്‍ അല്ലെങ്കില്‍ തന്‍റെ സിനിമ കണ്ട് ഇഷ്‌ടപ്പെട്ടുവെന്ന് പറയുമ്പോള്‍ ഭയങ്കര സന്തോഷാമായിരുന്നു," അദ്ദേഹം പറഞ്ഞു.

ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് മൊമന്‍റ്

വലിയൊരു സദസ്സിന് മുന്നില്‍വച്ച് ആദിയാണ് തന്‍റെ ഫേവറൈറ്റ് ക്യാരക്‌ടര്‍ എന്ന് രാജമൗലി പറഞ്ഞപ്പോള്‍ മനസ്സില്‍ ഉണ്ടായ വികാരങ്ങളെ കുറിച്ചും ശ്യാം മോഹന്‍ പങ്കുവച്ചു.

രാജമൗലിയ്‌ക്കൊപ്പം ശ്യാം മോഹന്‍ (ETV Bharat)

"അയ്യോ അത് വേറൊരു ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് മൊമന്‍റ് ആയിരുന്നു. രാജമൗലി സാര്‍ ആദ്യം ട്വീറ്റ് ആണ് ചെയ്‌തത്. പ്രേമലുവിന്‍റെ ഓണ്‍ലൈന്‍ റിവ്യൂസ് ഒക്കെ വായിച്ച് ഹാപ്പിയായി ഇരിക്കുന്ന സമയത്താണ് പെട്ടെന്നാരോ മെസേജ് അയക്കുന്നത്.. നോക്കുമ്പോള്‍ രാജമൗലി സാറിന്‍റെ ട്വീറ്റ്.. അതില്‍ ഏറ്റവും ഒടുവിലായി ഫേവറൈറ്റ് ക്യാരക്‌ടര്‍ ആദി എന്ന് കുറിച്ചിട്ടുണ്ട്. ക്ലൗഡ് നയണ്‍ ഫീല്‍ ആയിരുന്നു. ഭയങ്കര സന്തോഷം തോന്നി. അത് ശരിക്കും വലിയ പുഷ്‌ തന്നിട്ടുണ്ട്. ഇതിന് ശേഷം കാണുന്നവരൊക്കെ ആദ്യം ചോദിക്കുന്നത് രാജമൗലി എന്നെ പറ്റി പറഞ്ഞതിനെ കുറിച്ചാണ്. ഇന്ത്യയിലെ ബ്രഹ്‌മാണ്ഡ സംവിധായകന്‍ എന്‍റെ പേര് പ്രത്യേകമായി പറയുമ്പോള്‍ അഭിമാനം തോന്നിയിരുന്നു," നടന്‍ പറഞ്ഞു.

സ്‌റ്റേജില്‍ വച്ചും എല്ലാവരുടെയും പേര് പറഞ്ഞ ശേഷം ഏറ്റവും ഒടുവിലാണ് രാജമൗലി തന്‍റെ പേര് വിളിച്ചതെന്നും നടന്‍ പറഞ്ഞു. അതുകൊണ്ട് കൂടുതല്‍ നേരം തന്നെ പറ്റി പറയാന്‍ അദ്ദേഹം സമയം ചിലവഴിച്ചു. അതും വലിയ സന്തോഷം നല്‍കിയ ഒരു നിമിഷമായിരുന്നു. രാജമൗലി സാര്‍ തന്‍റെ തോളില്‍ കൈവച്ച്, ഇനി മുതല്‍ നീ ആദി ശ്യാം എന്നറിയപ്പെടും എന്നൊക്കെ പറഞ്ഞപ്പോള്‍ ശരിക്കും വല്ലാത്തൊരു മൊമന്‍റ് ആയിരുന്നു അതെന്നും ശ്യാം മോഹന്‍ പറഞ്ഞു.

രാജമൗലിക്ക് മുന്നില്‍ ചോദിച്ച് വാങ്ങിയ അവസരം

രാജമൗലിയുടെ മുന്നില്‍ വച്ച് പാട്ടുപാടാനുള്ള അവസരം ലഭിച്ചതിനെ കുറിച്ചും ശ്യാം മോഹന്‍ പങ്കുവച്ചു. സത്യത്തില്‍ അത് നടന്‍ അങ്ങോട്ട് ചോദിച്ച് വാങ്ങിയ അവസരമായിരുന്നു. സദസ്സില്‍ ഉണ്ടിയിരുന്ന ഒരാളോട് പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ ആ വ്യക്‌തി അതിന് തയ്യാറാവാതെ ഇരിക്കുകയും ആ അവസരത്തില്‍ താന്‍ പാട്ടു പാടാന്‍ തയ്യാറാവുകയുമായിരുന്നു. കീരവാണി സാറിന്‍റെയും, രാജമൗലി സാറിന്‍റേയുമൊക്കെ മുന്നില്‍ വച്ച് പാട്ടുപാടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശ്യാം പറഞ്ഞു.

രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ അവസരം പ്രതീക്ഷിക്കുന്നോ എന്ന ചോദ്യത്തോടും ശ്യാം പ്രതികരിച്ചു. "അയ്യോ.. അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല.. പക്ഷേ അവസരം ലഭിച്ചാല്‍ ഉറപ്പായും ഹൈദരാബാദിലേയ്‌ക്ക് പറക്കും," ഇപ്രകാരമായിരുന്നു നടന്‍റെ മറുപടി.

മനസ്സില്‍ ലഡു പൊട്ടി

'പ്രേമലു'വിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഫഫദ് ഫാസില്‍. ശ്യാം മോഹന് വളരെ ഇഷ്‌ടമുള്ള താരം കൂടിയാണ് ഫഹദ്. ഭാവന സ്‌റ്റുഡിയോസ് പ്രേമലുവിന്‍റെ ഭാഗമാണെന്ന് അറിഞ്ഞപ്പോഴുള്ള ആവേശത്തെ കുറിച്ചും നടന്‍ പങ്കുവച്ചു.

ഭാവന സ്‌റ്റുഡിയോസ് ആണ് 'പ്രേമലു' നിര്‍മ്മിക്കുന്നതെന്ന് ഓഡീഷന്‍ സമയത്ത് തന്നെ സംവിധായകന്‍ ഗിരീഷ്, ശ്യാം മോഹനോട് പറഞ്ഞിരുന്നു. ഇത് കേട്ടപ്പോഴെ ശ്യാമിന്‍റെ മനസ്സില്‍ ലഡു പൊട്ടി. കാരണങ്ങള്‍ രണ്ടാണ്.. ഒന്നാമതായി ഗിരീഷിന്‍റെ ചിത്രം. രണ്ടാമത്, ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍ പ്ലസ് ഫഫ. ഫഫയെ കാണാലോ എന്നൊരു എക്‌സ്‌ട്രാ സംഭവം കൂടി ശ്യാം മോഹന് മുന്നില്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിന്‍റെ സമയത്തൊന്നും ഫഹദ് അവിടെ വന്നില്ലെന്നും നടന്‍ പറഞ്ഞു.

"ഷൂട്ടിന്‍റെ സമയത്ത് ദിലീഷേട്ടൻ, ശ്യാമേട്ടൻ ഇവരെയൊക്കെ ആദ്യം കാണുമ്പോള്‍ ബഹുമാനം തോന്നുമല്ലോ.. പക്ഷേ അവരൊക്കെ നല്ല കമ്പനിയായി. ശ്യാമേട്ടന്‍റെ കൂടെ അഭിനയിക്കുകയും ചെയ്‌തു. അദ്ദേഹത്തോട് ഞാൻ ഇടയ്‌ക്ക് ചോദിക്കുമായിരുന്നു. ഫഫ വരുമോ എന്ന്.. ആ സമയത്ത് പുഷ്‌പയുടെ ഷൂട്ട് ഹൈദരാബാദിൽ നടക്കാനിരുന്നതാണ്. എന്നാല്‍ എന്തോ കാരണത്താല്‍ അത് മാറി. അല്ലായിരുന്നെങ്കിൽ ഫഹദ് ഇങ്ങോട്ട് വരുമായിരുന്നുവെന്ന് ശ്യാമേട്ടൻ പറഞ്ഞിരുന്നു. അതില്‍ ഞങ്ങള്‍ നിരാശപ്പെട്ടിരുന്നു," ശ്യാം മോഹന്‍ വിശദീകരിച്ചു.

പ്രേമലുവിന്‍റെ സക്‌സസ് മീറ്റിലാണ് ഫഹദ്‌ ഫാസിലിനെ ശ്യാം മോഹന്‍ നേരില്‍ കാണുന്നത്. ഫഹദിനെ നേരില്‍ കണ്ട അനുഭവത്തെ കുറിച്ചും നടന്‍ വാചാലനായി.

എക്‌സൈറ്റ്‌മെന്‍റും നസ്രിയയുടെ ചോദ്യവും

"സക്‌സസ് മീറ്റിന് സ്‌റ്റേജിൽ കയറിയപ്പോള്‍ തന്നെ ഞാൻ പറഞ്ഞു. പ്രധാന കാരണം, ഈ ചിത്രത്തില്‍ ഏറ്റവും പ്ലസ് ആയിരുന്നത് ഫഫയെ കാണാന്‍ പറ്റുമല്ലോ എന്നതായിരുന്നു. അന്നേരം അദ്ദേഹം നന്നായി ചിരിച്ച് അതൊക്കെ കേട്ട് ഇരിക്കുന്നുണ്ടായിരുന്നു. ശേഷം സ്‌റ്റേജിന് പുറകില്‍ പോയി ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്നു. പിന്നീട് ഫഫയുടെ കൂടെ ഫോട്ടോ എടുത്തപ്പോള്‍ ഇപ്പോള്‍ സന്തോഷമായില്ലെ എന്ന് നസ്രിയ ചോദിച്ചിരുന്നു. നസ്രിയയ്ക്ക് എന്‍റെ എക്‌സൈറ്റ്‌മെന്‍റ് മനസ്സിലായിരുന്നു. അതൊരു വല്ലാത്ത നിമിഷമായിരുന്നു," ശ്യാം മോഹന്‍ കൂട്ടിച്ചേര്‍ത്തു.

ശ്യാം മോഹനും ഗോപികയും ഫഹദ് ഫാസിനൊപ്പം (ETV Bharat)

ഫഹദിനോടുള്ള ഇഷ്‌ടം ആരംഭിച്ച കഥയും നടന്‍ പങ്കുവച്ചു. ഫഹദിന്‍റെ ആദ്യ ചിത്രം 'കൈ എത്തും ദൂരത്ത്' പുറത്തിറങ്ങിയത് മുതല്‍ തുടങ്ങിയതാണ് ശ്യാമിന് ഫഹദിനോടുള്ള ഇഷ്‌ടം. ശ്യാം സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ചിത്രം റിലീസ് ചെയ്‌തത്. എല്ലാവരും നെഗറ്റീവ് പറഞ്ഞ ചിത്രം തനിക്ക് വളരെ ഇഷ്‌ടമായിരുന്നുവെന്നും നടന്‍ തുറന്നു പറഞ്ഞു.

"കൈ എത്തും ദൂരത്തിന് ശേഷം അദ്ദേഹത്തിന്‍റെ തിരിച്ച് വരവ് എന്ന് പറയുന്നത് 'കേരള കഫെ' എന്ന സിനിമയിലെ ഒരു ക്യാരക്‌ടര്‍ ആയിരുന്നു. അന്ന് തിയേറ്ററിലിരുന്ന് ചിത്രം കാണുമ്പോള്‍ ഞങ്ങള്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു. ഫഹദിനെ ഇഷ്‌ടമുള്ള ഞങ്ങള്‍ ഒന്ന് രണ്ട് ആളുകള്‍ ഉണ്ടായിരുന്നു അവിടെ.. പെട്ടെന്ന് ഞങ്ങള്‍ക്ക് ആവേശമായി. എടാ ഇത് മറ്റേ പുള്ളി അല്ലേ.. ഫാസിൽ സാറിന്‍റെ മോൻ.. എന്ന് തിയേറ്ററിലിരുന്ന് ആവേശത്തോടെ പറഞ്ഞിരുന്നു. അങ്ങനെ ആദ്യം മുതല്‍ അദ്ദേഹത്തിന്‍റെ ഗ്രോത്ത് കണ്ട് വരുന്നത് കാരണം പുള്ളിയുടെ ഒരു സിനിമയില്‍ അഭിനയിക്കാൻ സാധിച്ചതില്‍ വലിയ സന്തോഷം ആയിരുന്നു," ശ്യാം മോഹന്‍ വാചാലനായി.

ഫഹദിന്‍റെ വില്ലനോ?

ഫഹദിന്‍റെ വില്ലനായി അഭിനയിക്കാന്‍ താല്‍പ്പര്യം ഉണ്ടോ എന്ന ചോദ്യത്തിനും നടന് ഉത്തരമുണ്ട്. വില്ലന്‍ എന്ന് കേട്ടപ്പോഴെ അയ്യോ എന്നായിരുന്നു ആദ്യ പ്രതികരണം. എന്നാല്‍ അവസരം ലഭിച്ചാല്‍ ഉറപ്പായും ചെയ്യും എന്നായിരുന്നു മറുപടി. ഇതേ കുറിച്ചും നടന്‍ പ്രതികരിച്ചു.

"അയ്യോ.. ഉറപ്പായും ചെയ്യും.. പക്ഷേ എനിക്കറിയില്ല. പുള്ളിയെ പോലൊരു പവർ ഹൗസ് ആക്‌ടറുടെ മുന്നിൽ വില്ലനായി നിൽക്കണമെങ്കിൽ നമ്മള്‍ അതിന്‍റെ പത്തിരട്ടി ചെയ്യണം. അറിയില്ല.. ഒരു അവസരം ലഭിച്ചാല്‍ ഉറപ്പായും ഞാന്‍ ചാടിപ്പിടിക്കും. പക്ഷേ എത്രത്തോളം ഫഫയുടെ മുന്നില്‍ പിടിച്ച് നിൽക്കാൻ പറ്റുമെന്നുള്ളത് എനിക്കറിയില്ല. അത്രയും വലിയൊരു താരമാണല്ലോ അദ്ദേഹം.. എന്തായാലും ശ്രമിക്കും," ശ്യാം മോഹന്‍ പറഞ്ഞു.

ഭാവിയില്‍ കൂടെ അഭിനയിക്കാന്‍ ആഗ്രമുള്ള താരങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പ്രത്യേകിച്ചൊരു ആഗ്രഹം ഇല്ലെന്നായിരുന്നു ശ്യാമിന്‍റെ മറുപടി. എന്നാല്‍ മികച്ച സംവിധായകരുടെയും നടന്‍മാരുടെയും സിനിമയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുണ്ട് നടന്. നല്ല സംവിധായകരുടെ ചിത്രത്തില്‍ അവസരം നഷ്‌ടമായതിനെ കുറിച്ചും നടന്‍ മനസ്സുതുറന്നു.

"ചില ചിത്രങ്ങളുടെ കമ്മിറ്റ്‌മെന്‍റ് കാരണം കുറച്ച് നല്ല സംവിധായകരുടെ സിനിമകള്‍ ചെയ്യാനായില്ല. ഞാന്‍ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരുന്ന അതേ സമയത്ത് തന്നെ വേറെ സിനിമകളില്‍ നിന്നും വിളി വന്നിരുന്നു. പലതും എനിക്ക് കൂടെ അഭിനയിക്കണം, കൂടെ വര്‍ക്ക് ചെയ്യണം എന്ന് ഭയങ്കരമായി ആഗ്രഹമുള്ള ആളുകളുടെ പടങ്ങള്‍ ആയിരുന്നു. എല്ലാം ഒരേ സമയത്താകും പലപ്പോഴും വരുന്നത്. പക്ഷേ പിന്നീട് എപ്പോഴെങ്കിലും കിട്ടുമെന്നൊരു പ്രതീക്ഷയുണ്ട്," ശ്യാം മോഹന്‍ തുറന്നു പറഞ്ഞു.

ബോളിവുഡിലും റെഡിയാണ്

മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി ഒടുവില്‍ തമിഴിലും ശ്യാമിന് അവസരം ലഭിച്ചു. ഇനി ബോളിവുഡ് ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളില്‍ അവസരം ലഭിച്ചാലും അഭിനയിക്കാന്‍ റെഡിയാണ് ശ്യാം മോഹന്‍. നിലവില്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുകയാണെന്നും അതിന്‍റെ വിവരങ്ങള്‍ പുറത്തുവിടാന്‍ ആകില്ലെന്നും നടന്‍ വ്യക്‌തമാക്കി.

"തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും കോളുകള്‍ വരുന്നുണ്ട്. എന്നാല്‍ ബോളിവുഡില്‍ നിന്നും ഇതുവരെ വിളി വന്നിട്ടില്ല. നല്ല വേഷമാണെങ്കില്‍ ഉറപ്പായും ചെയ്യും. പക്ഷേ ഹിന്ദി ഓക്കെയാണ് എനിക്ക്. ഞാന്‍ ബോംബെയില്‍ അഞ്ച് വര്‍ഷം ഉണ്ടായിരുന്നു. കൂടാതെ എന്‍റെ അപ്പുപ്പനും അമ്മുമ്മയും ഒക്കെ പണ്ട് ബോംബെയില്‍ ഉണ്ടായിരുന്നു. ഞാന്‍ കുട്ടിയായിരുന്ന സമയത്ത് ദൂരദര്‍ശനായിരുന്നു കൂടുതലും കണ്ടിരുന്നത്. എല്ലാവര്‍ക്കും ഒരുവിധം ഹിന്ദി അറിയാം. ബോംബെയില്‍ പോയതോടെ ഹിന്ദി കൂടുതല്‍ ഓക്കെയായി," ശ്യാം മോഹന്‍ പറഞ്ഞു.

ഒരു സച്ചിന്‍ കമല്‍ ഹാസന്‍ ഹീറോ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ടുല്‍ക്കറാണ് ശ്യാം മോഹന്‍റെ ഹീറോ. സച്ചിന്‍ എങ്ങനെ തന്‍റെ ഹീറോ ആയി എന്നതിനെ കുറിച്ചും നടന്‍ പറയുന്നുണ്ട്. "പണ്ട് കാലത്ത് യൂട്യൂബും റീല്‍സും ഫോണും ഒന്നും ഇല്ലാതിരുന്ന കാലത്ത് എല്ലാവരും ടിവിയാണ് കാണുന്നത്. ടിവിയില്‍ വരുന്നതെല്ലാം എല്ലാവരും കാണും. അങ്ങനെയാണ് ക്രിക്കറ്റ് കാണുന്നതും സച്ചിന്‍ എന്‍റെ ഹീറോ ആകുന്നതും," നടന്‍ പറഞ്ഞു.

സച്ചിനാണ് ജീവിതത്തില്‍ ഹീറോ എങ്കിലും കമല്‍ ഹാസനാണ് സിനിമയില്‍ ശ്യാമിന്‍റെ ഹീറോ. കുട്ടിക്കാലം മുതല്‍ കമല്‍ ഹാസനെ വലിയ ഇഷ്‌ടമാണ് നടന്. അങ്ങനെയെങ്കില്‍ ഒരേ ദിവസം, ഒരേ സമയം സച്ചിനെയും കമല്‍ ഹാസനെയും കാണാനുള്ള അവസരം ലഭിച്ചാല്‍ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യമുയര്‍ന്നു ശ്യാമിനോട്. ഒരു കണ്ടീഷനും ഉണ്ട്.. ഒരാളെ മാത്രമെ കാണാനാകൂ.

"ഉറപ്പായും കമല്‍ ഹാസന്‍ സാറിനെ തിരഞ്ഞെടുക്കൂ.. സച്ചിനെ പിന്നെ കാണാമെന്ന് വയ്‌ക്കാം. കാരണം കമല്‍ ഹാസന്‍ സാറിനെ കണ്ടിട്ട് സിനിമയില്‍ അവസരം ചോദിക്കാം," ചിരിച്ച് കൊണ്ടായിരുന്നു ശ്യാം മോഹന്‍റെ മറുപടി.

സിനിമയിലെ ആത്‌മ ബന്ധങ്ങള്‍

സിനിമയില്‍ ആത്‌മ ബന്ധമുള്ളവരുടെ അഞ്ച് പേരുടെ പേരുകള്‍ ചോദിച്ചാല്‍ അങ്ങനെയൊരു ആത്‌മബന്ധം ഉണ്ടെന്ന് തനിക്കറിയില്ല എന്നാകും നടന്‍റെ മറുപടി. എന്നാല്‍ പ്രേമലുവിലെ എല്ലാവരുമായി നല്ല സൗഹൃദത്തിലാണ് നടന്‍. നസ്ലിന്‍, മമത, സംഗീത്, അഖില, അഖിലയുടെ ഭര്‍ത്താവ് രാഹുല്‍ അങ്ങനെ.. അതില്‍ ഏറ്റവും ഇഷ്‌ടം നസ്ലിനെയും മമതയെയും ആണ്. കാരണം അവരുടെ വയസ്സും അവര്‍ കാണിക്കുന്ന പക്വതയും കാണുമ്പോള്‍ തനിക്ക് പലപ്പോഴും അത്ഭുതം തോന്നാറുണ്ടെന്നാണ് ശ്യാം പറയുന്നത്.

ബാക്കി ഉള്ളവരുമായി പരിചയപ്പെട്ട് വരുന്നതെയുള്ളു ഉള്ളുവെന്നും ജോമിന്‍ ജ്യോതിര്‍ നല്ലൊരു സുഹൃത്താണെന്നും നടന്‍ പറഞ്ഞു. എന്തെങ്കിലും ഉണ്ടേല്‍ ഞങ്ങള്‍ പരസ്‌പരം വിളിച്ച് സംസാരിക്കും. എന്നാല്‍ ആത്‌മബന്ധം ഉണ്ടോന്ന് അറിയില്ല. തന്‍റെ ബെസ്‌റ്റ് ഫ്രണ്ട് ഭാര്യ തന്നെയാണ്. എല്ലാ കാര്യങ്ങളും സംസാരിക്കുകയും പറയുകയും ചെയ്യുന്നത് ഭാര്യയോടാണെന്നും ശ്യാം പറഞ്ഞു.

ജീവിതത്തിലെ കടപ്പാടുകള്‍

ജീവിതത്തില്‍ ഒരുപാട് വ്യക്‌തികളോട് കടപ്പാടുണ്ട് ശ്യാമിന്. വല്യച്ഛന്‍, വല്യമ്മ, ബോംബൈയിലുള്ള അങ്കിള്‍ അങ്ങനെ നിരവധി പേരുണ്ട്. നടന്‍റെ മാതാപിതാക്കള്‍ മരിച്ച ശേഷം ഈ പറഞ്ഞ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു ശ്യം. താന്‍ സര്‍വൈവ് ചെയ്യാന്‍ കാരണക്കാര്‍ അവരാണെന്നും നടന്‍ വ്യക്‌തമാക്കി. സിനിമയിലെ കടപ്പാടുള്ള വ്യക്‌തികളെ കുറിച്ചും നടന്‍ വെളിപ്പെടുത്തി.

"സിനിമയില്‍ ഒന്നാമത്തെ ആള്‍ അക്കി വിനായക് (ഇടിവി ഭാരത് റിപ്പോര്‍ട്ടര്‍) ആണ്. എന്‍റെ സുഹൃത്താണ്. ഞങ്ങള്‍ അനിമേഷന്‍ ഒരുമിച്ച് പഠിച്ചതാണ്. പുള്ളിയാണ് എന്നെ ആദ്യമായി ഒരു മ്യൂസിക് വീഡിയോയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്.. 2017ല്‍. അന്ന് ഞാന്‍ അഭിനയത്തെ പറ്റി ചിന്തിച്ചിരുന്നില്ല. കുഞ്ഞു കുഞ്ഞു വീഡിയോകളൊക്കെ ചെയ്‌തിരിക്കുന്ന സമയത്ത് അവനാണ് എന്നെ ഒരു വീഡിയോയില്‍ അഭിനയിപ്പിച്ചത്. പിന്നീട് ഒരു ഷോര്‍ട്ട് ഫിലിമിലും അഭിനയിപ്പിച്ചു. അവിടെ തുടങ്ങിയതാണെന്ന് തോന്നുന്നു എന്‍റെ ഈ യാത്ര," ശ്യാം മോഹന്‍ പറഞ്ഞു.

സോനു ടിപി ആണ് ശ്യാമിന് സിനിമയില്‍ കടപ്പാടുള്ള രണ്ടാമത്തെ വ്യക്‌തി. നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിം ശ്യാമിന് വലിയൊരു ടേണിംഗ് പോയിന്‍റായിരുന്നു. ഈ ഷോര്‍ട്ട് ഫിലിമിലേയ്‌ക്ക് താന്‍ തന്നെ വേണമെന്ന് സോനു പ്രൊഡക്ഷനോട് നിര്‍ബന്ധിച്ചിരുന്നു. അങ്ങനെയാണ് തന്നെ കാസ്‌റ്റ് ചെയ്യുന്നതും അത് വലിയൊരു ബ്രേക്കായതും.

ഗിരീഷ് എഡിയും ഭാവന സ്‌റ്റുഡിയോസും പ്രേമലുവുമാണ് തനിക്ക് ലൈഫ് തന്നതെന്നും നടന്‍ തുറന്നു പറഞ്ഞു. ഇങ്ങനെ ഒരാളുണ്ട് എന്നൊരു സ്‌പെയിസ് കിട്ടിയത് പ്രേമലു വന്നതിന് ശേഷമാണെന്നും ഇവരോടൊക്കെയാണ് ശരിക്കും കടപ്പാട് ഉള്ളതെന്നും ശ്യാം വ്യക്‌തമാക്കി.

സിനിമയ്‌ക്ക് മുമ്പുള്ള ശ്യാം മോഹന്‍

സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള ശ്യാം മോഹനെ കുറിച്ചും നടന്‍ പരിചയപ്പെടുത്തി. "ഡിഗ്രി കഴിഞ്ഞ് അനിമേഷന്‍റെ ഒരു കോഴ്‌സ് ചെയ്‌തിരുന്നു. ആ സമയത്ത് കുറച്ച് പടംവരയ്‌ക്കലും കാര്യങ്ങളും ഉണ്ടായിരുന്നു. അനിമേഷനില്‍ വരപ്പ് ഉള്ളത് കൊണ്ട് കുറച്ച് ഉപകാരപ്പെടുമെന്ന് കരുതി. പക്ഷേ എനിക്കത് തുടര്‍ന്ന് ചെയ്യാനായില്ല. അങ്ങനെയാണ് 2010ല്‍ ഞാന്‍ ബോംബൈയിലേക്ക് പോയത്. അവിടെ അഞ്ച് വര്‍ഷത്തോളം കോര്‍പ്പറേറ്റ്‌സിലും ഫിനാന്‍ഷ്യല്‍ കമ്പനികളിലുമൊക്കെ ജോലി ചെയ്‌തു," ശ്യാം മോഹന്‍ പറഞ്ഞു.

ബോംബൈയില്‍ ജോലി ചെയ്യുന്ന സമയത്താണ് ശ്യാം സ്വയം തിരിച്ചറിയുന്നത്, തനിക്ക് ക്രിയേറ്റീവായി ചെയ്യാനുള്ള താല്‍പ്പര്യമാണ് ഉള്ളതെന്ന്. കാരണം അന്ന് യൂട്യൂബ് ചാനലുകള്‍ പോപ്പുലറായി വരുന്ന സമയമായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ ഇതുപോലെ എന്തെങ്കിലും കണ്ടന്‍റ് ചെയ്യണമെന്ന് ശ്യാം ആഗ്രഹിച്ചിരുന്നു.

ശേഷം കൊച്ചിയിലെത്തി കുറേനാള്‍ ഫിലിം പ്രൊമോഷന്‍സില്‍ അസിസ്‌റ്റന്‍റായി വര്‍ക്ക് ചെയ്‌തിരുന്നു നടന്‍. സിനിമാക്കാരെ കാണാം എന്ന ഉദ്യേഷവും ശ്യാമിന് ഉണ്ടായിരുന്നു. ശേഷം ചെറിയ കണ്ടന്‍റുകള്‍ ചെയ്യാന്‍ തുടങ്ങി, ഒടുവില്‍ ഡബ്‌സ്‌മാഷ്, മ്യൂസിക്കലി, സ്മ്യൂള്‍ എന്നിവ ചെയ്‌തു. സ്‌മൂളിലൂടെയാണ് നടനെ ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ഇതേ കുറിച്ചും അദ്ദേഹം സംസാരിച്ചു.

"ഞാന്‍ പാട്ടുകാരന്‍ ഒന്നുമല്ല. പക്ഷേ എന്‍റെ പാട്ട് ആളുകള്‍ക്ക് ആ സമയത്ത് നല്ല പാട്ടായിട്ടൊക്കെ തോന്നി. പിന്നെ ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളുമൊക്കെ ചെയ്‌തു. അങ്ങനെയാണ് പൊന്‍മുട്ട എന്ന യൂട്യൂബ് ചാനല്‍ ലാന്‍ഡ് ചെയ്യുന്നത്. അതാണ് ശരിക്കും ഒരു ബ്രേക്ക് എന്ന് പറയാം. ബ്രേക്കെന്ന് പറഞ്ഞാല്‍ ആളുകളും സിനിമാക്കാരും തിരിച്ചറിഞ്ഞ് തുടങ്ങിയത് അതിലാണെന്ന് തോന്നുന്നു. കാരണം, കരിക്കും പൊന്‍മുട്ടയും ഒക്കെ അത്യാവശ്യം പോപ്പുലര്‍ ആയിരുന്നു," ശ്യാം മോഹന്‍ പറഞ്ഞു.

ഭാഗ്യ ദേവതയായി ഭാര്യ

സ്‌മൂളിലൂടെയാണ് തന്‍റെ ഭാര്യയെ പരിചയപ്പെടുന്നതും നടന്‍ വ്യക്‌തമാക്കി. "ഞങ്ങളുടേത് ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ ജീവിതമായിരുന്നു. എല്ലാ സാഹചര്യങ്ങളിലും അവള്‍ വലിയ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു. സിനിമയില്‍ വരുന്നതിന് മുമ്പും വളരെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയത്തും അവള്‍ ഒപ്പമുണ്ടായിരുന്നു," ശ്യാം മോഹന്‍ പറഞ്ഞു.

ശ്യാം മോഹനും ഗോപികയും (ETV Bharat)

ജീവിതത്തില്‍ ഭാര്യ വന്നതിന് ശേഷം ശ്യാം മോഹന് കരിയറിലും വളര്‍ച്ചയുണ്ടായി. ഭാര്യ ഗോപിക ഒരു ഭാഗ്യ ദേവതയാണോ എന്ന ചോദ്യത്തോടും നടന്‍ പ്രതികരിച്ചു. "എന്നെക്കാള്‍ എന്‍റെ സുഹൃത്തുക്കളാണ് ഇത് പറയുന്നത്. അവള്‍ എന്‍റെ ജീവിതത്തില്‍ വന്ന ശേഷമാണ് എനിക്ക് അവസരങ്ങള്‍ ലഭിക്കുന്നത്. അവളുമായുള്ള വിവാഹ ശേഷമാണ് എനിക്ക് നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ അവസരം ലഭിക്കുന്നത്. അതിന് അവാര്‍ഡും ലഭിച്ചിരുന്നു. ശേഷം അനുരാഗ സുന്ദര സ്വപ്‌നം എന്ന ഷോര്‍ട്ട് ഫിലിമിലും അവസരം ലഭിച്ചു. ശേഷം പത്രോസിന്‍റെ പടപ്പുകള്‍, ഹെവന്‍, 18 പ്ലസ്, പ്രേമലു.. അങ്ങനെ പോകുന്നു," ശ്യാം മോഹന്‍ പറഞ്ഞു.

രാജിക്ക് ശേഷമുള്ള ലേര്‍ണിംഗ് പ്രോസസ്

താന്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് ജോലി രാജിവെച്ച ശേഷമുള്ള ജീവിതത്തെ കുറിച്ചു ശ്യാം മനസ്സുതുറന്നു. 2015ല്‍ താന്‍ ജോലി രാജിവച്ചത് ഒരു ലേര്‍ണിംഗ് പ്രോസസ് എന്ന് പറയാവുന്ന സമയം ആയിരുന്നുവെന്നാണ് നടന്‍ പറയുന്നത്. അക്കാലത്ത് നടന്‍ അഭിനയത്തെ കുറിച്ച് അത്ര സീരിയസായി ആലോച്ചിരുന്നില്ല. പിന്നീട് പതുക്കെ പതുക്കെ ശ്യം സ്വയം തിരിച്ചറിയുകയായിരുന്നു, ഇതാണ് തന്‍റെ കരിയര്‍ എന്ന്.

മാതാപിതാക്കളെ കുറിച്ചും അവരുടെ നഷ്‌ടത്തെ കുറിച്ചും അവരുടെ ഓര്‍മ്മകളും ശ്യാം മോഹന്‍ പങ്കുവച്ചു. സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു നടന് തന്‍റെ മാതാപിതാക്കളെ നഷ്‌ടമാകുന്നത്. അതും രണ്ട് വര്‍ഷത്തെ ഗ്യാപ്പില്‍.. കാര്‍ഡിയാക് അറസ്‌റ്റ് ആയിരുന്നു രണ്ടു പേരുടെയും മരണ കാരണം.

മാതാപിതാക്കളുടെ വിയോഗം

"രണ്ട് വര്‍ഷത്തെ ഗ്യാപ്പിലാണ് രണ്ട് പേരും പോയത്. കാര്‍ഡിയാക് അറസ്‌റ്റ് ആയിരുന്നു. അമ്മ നിമ്മി മോഹന്‍ ഒരു ഡ്രാമ ആര്‍ട്ടിസ്‌റ്റായിരുന്നു. അച്ഛന്‍റെയും അമ്മയുടെയും ഒരു സര്‍പ്രൈസ് ഡെത്ത് ആയിരുന്നു. ആ സമയത്ത് എനിക്കൊന്നും അറിയില്ല. എന്നാല്‍ തീരെ ചെറുതും ആയിരുന്നില്ല. 10-ാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്നത്തെ 10-ാം ക്ലാസ് എന്ന് പറയുന്നത് ഇന്നത്തെ അത്ര പക്വത ഒന്നുമില്ല. ഇന്നത്തെ കുട്ടികള്‍ക്ക് കുറേക്കൂടി പക്വതയുണ്ട്. അന്ന് ഒരു കുട്ടിത്വം വിട്ട് മാറാത്തതിനാല്‍ എനിക്കറിയില്ല അതെന്നെ ഭയങ്കരമായി അഫക്‌ട് ചെയ്‌തിട്ടുണ്ടോ ഇല്ലെയോ എന്ന്. എന്നാല്‍ അഫക്‌ട് ചെയ്‌തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ചെയ്‌തിട്ടുണ്ട്. പക്ഷേ വല്യച്ഛനും വല്യമ്മയും ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് ഞാനത് സര്‍വൈവ് ചെയ്‌തു," ശ്യാം മോഹന്‍ പറഞ്ഞു.

തനിക്ക് 16 വയസ്സ് ഉള്ളപ്പോള്‍ അമ്മ നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയെന്നും ശ്യാം വ്യക്‌തമാക്കി. "എനിക്ക് ചിലപ്പോള്‍ അതില്‍ നിന്നാകും ഈ ടേസ്‌റ്റ് കിട്ടിയത്. ഗള്‍ഫിലെ ജോലി കളഞ്ഞ് നാടക മാനേജ്‌മെന്‍റ് കാര്യങ്ങളും, നാടക കമ്പനികളുടെ മാനേജര്‍ ആയൊക്കെ അച്ഛൻ ജോലി ചെയ്‌തിരുന്നു. സീരിയലില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചിരുന്നു. 90കളിലെ ദൂരദര്‍ശന്‍ സീരിയലുകളിലൊക്കെ അമ്മ അഭിനയിച്ചിരുന്നു. സിനിമയില്‍ വലിയ വേഷങ്ങളൊന്നും അമ്മ ചെയ്‌തിട്ടില്ല. ചെറിയ വേഷങ്ങളായിരുന്നു. കൂടുതലും നാടകത്തിലായിരുന്നു അമ്മ ഫോക്കസ് ചെയ്‌തിരുന്നത്," ശ്യാം മോഹന്‍ കൂട്ടിച്ചേര്‍ത്തു.

അമ്മയും മകനും ഒന്നിച്ചൊരു സിനിമയില്‍

മോഹന്‍ലാലിന്‍റെ 'കിലുക്കം' സിനിമയില്‍ ശ്യാമും അമ്മയും ഒന്നിച്ചഭിനയിച്ചിരുന്നു. 'കിലുക്ക'ത്തില്‍ തിലകന്‍റെ ഭാര്യയുടെ വേഷമായിരുന്നു ശ്യാമിന്‍റെ അമ്മയ്‌ക്ക്. തന്‍റെ കുട്ടിക്കാലം കൂടുതലും നാടക വണ്ടികളിലും റിഹേഴ്‌സല്‍ ക്യാമ്പിലും അമ്പലപ്പറമ്പിലും ഒക്കെ ആയിരുന്നുവെന്നും അതൊക്കെ കണ്ട് വളര്‍ന്നത് കൊണ്ടാകാം തനിക്ക് ഇതിനോടൊരു പാഷന്‍ എന്‍റെ ഉള്ളില്‍ കിടന്നതെന്നും നടന്‍ പറഞ്ഞു നിര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.