മലയാള സിനിമയിൽ പകരം വയ്‌ക്കാനില്ലാത്ത അഭിനയ പ്രതിഭകളിൽ ഒരാളാണ് നടൻ സത്യൻ. നീലക്കുയിൽ, ചെമ്മീൻ, സ്‌നേഹസീമ, വാഴ്‌വേമായം, അനുഭവങ്ങൾ പാളിച്ചകൾ എന്നിങ്ങനെ സത്യൻ മാഷ് മലയാള സിനിമയ്‌ക്ക് സമ്മാനിച്ച ചിത്രങ്ങൾ ഏറെയാണ്. സത്യന്‍റെ ചുവടുപിടിച്ച് മകൻ സതീഷ് സത്യനും പിൽക്കാലത്ത് മലയാള സിനിമയുടെ ഭാഗമായി. ഇപ്പോഴിതാ മലയാള സിനിമ താരങ്ങളുടെ സംഘടനയായ എഎംഎംഎയ്‌ക്ക് (AMMA) എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇദ്ദേഹം.
സത്യൻ മാഷിന്‍റെ മൂന്നു മക്കളെയും കാഴ്‌ച നഷ്‌ടപ്പെടുന്ന അസുഖം പിടികൂടിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നായകനായും സ്വഭാവനടനായും വില്ലനായും മലയാള സിനിമയിൽ വിളങ്ങുന്ന കാലഘട്ടത്തിലാണ് തന്‍റെ കാഴ്‌ച നഷ്‌ടപ്പെടുന്നത് എന്ന് സതീഷ് സത്യൻ ഇടിവി ഭാരതിനോട് പറഞ്ഞു. അഭിനയിച്ച സിനിമകളായ ടാക്‌സി ഡ്രൈവർ, ശുദ്ധികലശം എന്നിവയൊക്കെ അക്കാലത്തെ വലിയ ബോക്‌സ് ഓഫിസ് വിജയങ്ങൾ ആയിരുന്നു.
ചെറിയ വേഷങ്ങളിൽ മാത്രം മുഖം കാണിച്ച ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടല്ല 'അമ്മ' സംഘടനയിൽ അംഗത്വം ആവശ്യപ്പെട്ടത്. എന്നിലെ നടനെ പരിഗണിച്ചില്ലെങ്കിലും സത്യൻ മാഷിന്‍റെ മകന് നൽകാത്ത അംഗത്വം മറ്റ് ആർക്കാണ് ഇവർ നൽകുക? മലയാള സിനിമ കുടുംബത്തിലെ അംഗമായിരുന്നു എന്നതിൽ അഭിമാനിച്ചിരുന്നു. ഇന്നും അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ.
ആ അഭിമാനത്തിന്‍റെ പേരിലാണ് അമ്മ എന്ന സംഘടനയിൽ അംഗത്വമെടുക്കാൻ തീരുമാനിച്ചത്. തുടർന്ന് അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിനെ എന്‍റെ ആവശ്യം അറിയിച്ചു. വളരെ സ്‌നേഹത്തോടെയും സൗഹാർദത്തോടെയുമാണ് ഇടവേള ബാബു അന്ന് സംസാരിച്ചത്. മെമ്പർഷിപ്പ് ലഭിക്കുന്നതിന് ആവശ്യമായ ആപ്ലിക്കേഷൻ മെയിൽ അയച്ചു തരാനും ആവശ്യപ്പെട്ടു.