എറണാകുളം :ഒരൊറ്റ ചിത്രം കൊണ്ട് സമ്പാദിക്കുന്ന താരമൂല്യം തുടർന്നുവരുന്ന ചിത്രങ്ങൾക്കും ഒരുപോലെ ബാധകമാണെന്നതാണ് ആക്‌ടിങ് കരിയറിലെ ചലഞ്ചെന്ന് നടന്‍ ചന്ദുനാഥ്. പതിനെട്ടാം പടി, ഫീനിക്‌സ്, മാലിക്, സീക്രട്ട് ഹോം, സിബിഐ 5, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമായ ചന്തുനാഥ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു...
മൂല്യമുള്ള ഒരു താരമായി വളരണമെന്ന് തന്നെയാണ് ജീവിതലക്ഷ്യം പക്ഷേ ഇപ്പോൾ ഒരു സേഫ് സൊണിലൂടെയാണ് എന്‍റെ കരിയർ മുന്നോട്ടുപോകുന്നത്. വിജയ ചിത്രങ്ങളുടെ ഭാഗമാക്കുക. പ്രേക്ഷകർക്ക് തിരിച്ചറിയാൻ സാധിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന നിലയിൽ.
ഒരു നടനെന്ന രീതിയിൽ സിനിമയിൽ പിടിച്ചുനിൽക്കാൻ സുരക്ഷിതമായ മാർഗം ഇതുതന്നെയാണ്. ഇറങ്ങുന്ന ചിത്രങ്ങളെല്ലാം വിജയിക്കുന്ന മലയാള സിനിമയുടെ സുവർണ കാലമാണിത്. അക്കാലത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പരാജയപ്പെടുന്ന ഒരു ചിത്രത്തിന്‍റെ ഭാഗമാകാൻ ഞാനില്ല.
നല്ല സിനിമകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. മിനിമം ഗ്യാരണ്ടിയുള്ള ഒരു നടനായി ഉറപ്പായും മാറണം. സിനിമയിൽ പിടിച്ചുനിൽക്കുക ഏറെ ബുദ്ധിമുട്ടുള്ള സംഗതി തന്നെ. അതിനുവേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ഒരു പക്ഷേ ഒരു മാധ്യമത്തിനു മുന്നിൽ തുറന്നു പറയാൻ സാധിക്കുന്നതല്ല. സിനിമ ഇൻഡസ്ട്രിയുടെ ഭാഗമായി നിലനിൽക്കുന്നതിന് പാലിക്കപ്പെടേണ്ട ചട്ടങ്ങൾ ഒരു അഭിനേതാവിന് കൃത്യമായ അറിയാം. ഒരു സിനിമ ചെയ്യാനും രണ്ട് സിനിമ ചെയ്യാനും വളരെ എളുപ്പമാണ്. ദീർഘനാൾ നിലനിൽക്കുന്നതാണ് ബുദ്ധിമുട്ടേറിയ വസ്‌തുത. ഒരുപാട് ചിന്തിച്ചു ഉറപ്പിച്ച ശേഷമാണ് സിനിമയിലേക്ക് കടന്നുവന്നത്.
നേരിട്ട് കടമ്പകൾ വളരെ വലുതായിരുന്നു. മലയാള സിനിമയുടെ ഭാഗമായ ശേഷം തിരിച്ചുപോക്കിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഒരു പിൻബലമോ സിനിമാ ബന്ധമോ ഇല്ലാതെ അഭിനയ ലോകത്തേക്ക് കടന്നുവന്ന ആളാണ് താൻ. ഒരു നിർമാതാവിന് വിശ്വസിക്കാവുന്ന താരമായി വളരേണ്ടത് എന്‍റെ കടമയാണ്. പ്രതിസന്ധികൾ വരുമ്പോൾ ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ തെറ്റായിപ്പോയി എന്ന് തോന്നാറില്ല.
അധ്യാപന ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ എത്തിയത്. സിനിമയ്ക്ക് വേണ്ടിയുള്ള എന്‍റെ ശ്രമങ്ങൾ എത്ര കഠിനമായാലും നേരിടാൻ തന്നെയാണ് തീരുമാനം. എപ്പോഴെങ്കിലും തോറ്റുപോയി എന്ന് തോന്നിയാൽ പഴയ ജോലിയിലേക്ക് തന്നെ തിരിച്ചു പോകാം. ഒരു നടനായ ശേഷം സിനിമയോടുള്ള സമീപനത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. ബെംഗളൂരുവിൽ അധ്യാപകനായി ജോലി ചെയ്യുന്ന സമയം ധാരാളം സിനിമകൾ കാണുമായിരുന്നു.