'രോമാഞ്ചം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'ആവേശം'. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ സിനിമയുടെ വരവിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രാസ്വാദകർ. ഏപ്രിൽ 11ന് 'ആവേശം' തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തും.
'ആവേശം' തിയേറ്ററുകളിലേക്ക് എത്തുമ്പോൾ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കാൻ താരങ്ങളും അണിയറ പ്രവർത്തകരും പ്രൊമോഷൻ പരിപാടികളുമായി 'കട്ട'യ്‌ക്കുണ്ട്. ഫഹദ് ഫാസിൽ അടക്കമുള്ള പ്രധാന താരങ്ങളും അണിയറക്കാരും പ്രമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടു.
ഇത് താൻ ഇതുവരെ ചെയ്യാത്ത പരിപാടിയാണെന്നും തന്നെ ഇതിന് മുൻപ് ആരും ഇങ്ങനെ 'അഴിച്ചുവിട്ടിട്ടി'ല്ലെന്നും ഫഹദ് തമാശയായി പറഞ്ഞു. ജിത്തു മാധവന്‍റെയും തന്‍റെയും കരിയറിൽ ഇത്തരമൊരു സിനിമയും കഥാപാത്രവും ആദ്യമായാണ്. സിനിമയിലും അതിലെ കഥാപാത്രത്തിലും താൻ വളരെയധികം എക്‌സൈറ്റഡ് ആണ്. അതുകൊണ്ടാണ് സിനിമയെ കുറിച്ച് സംസാരിക്കാൻ ഇവിടെ എത്തിയത്.
അതേസമയം പ്രമോഷനുകളിൽ താൻ വിശ്വസിക്കുന്നില്ലെന്നും ഫഹദ് ചൂണ്ടിക്കാട്ടി. സിനിമ നല്ലതാണെങ്കിൽ ജനങ്ങളെ തിയറ്റേറിലേക്ക് സിനിമ തന്നെ വിളിച്ചു വരുത്തിക്കൊള്ളും എന്നാണ് ഫഹദ് ഫാസിൽ ആദ്യം തന്നെ പ്രതികരിച്ചത്. എന്നാൽ 'ആവേശം' താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയായതിനാലാണ് ചിത്രത്തെ കുറിച്ച് സംസാരിക്കാൻ എത്തിയതെന്നും ഫഹദ് വ്യക്തമാക്കി. തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണ് 'ആവേശം' എന്നും താരം പറഞ്ഞു.