ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും. ഡബ്ല്യൂസിസി ശക്തമായി പ്രതികരിച്ചപ്പോഴാണ് ഇത്തരമൊരു വിഷയത്തെ കുറിച്ച് പൊതുസമൂഹത്തിന് ധാരണ ഉണ്ടായതെന്ന് ആഷിഖ് അബു പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ സന്തോഷമുണ്ടെന്നും ഒരുപാട് പേരുടെ ഒരുപാട് കൊല്ലത്തെ ചോരയും നീരുമാണ് ഇതെന്നും, തങ്ങളുടെ ജീവിതവും കരിയറും കളഞ്ഞുള്ള കളിയായിരുന്നുവെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റിമ കല്ലിങ്കലും ആഷിഖ് അബുവും.
'ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ളത് ഗൗരവമായ വിഷയങ്ങളാണ്. ആ ഗൗരവ സ്വഭാവം സംബന്ധിച്ച് പൊതു സമൂഹത്തില്‍ വ്യക്തമായൊരു ധാരണ ഉണ്ടായിരുന്നില്ല. ആ ധാരണയാണിപ്പോള്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ ഉണ്ടായിരിക്കുന്നത്. ഡബ്ല്യൂസിസി ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചപ്പോഴാണ് പൊതു സമൂഹം ഇതിനെ കുറിച്ച് അറിഞ്ഞത് തന്നെ. ഡബ്ല്യൂസിസി ഇപ്പോഴും സമരത്തിലാണ്. മാറ്റത്തിനായുള്ള അവസരം ആയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കാണുന്നത്. സര്‍ക്കാര്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നു. -ആഷിഖ് അബു പറഞ്ഞു.
'235 പേജുള്ള റിപ്പോര്‍ട്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട് വായിച്ച ശേഷം പ്രതികരിക്കും. റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ എന്താണ് നിര്‍ദേശിച്ചിട്ടുള്ളത് എന്ന് ഡബ്ല്യൂസിസി നോക്കും. ശേഷമാകും ഭാവിയിലേയ്‌ക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. ഞങ്ങള്‍ക്കും ഇപ്പോഴാണ് റിപ്പോര്‍ട്ട് കിട്ടിയത്. നാല് വര്‍ഷമായി ഞങ്ങള്‍ ചോദിക്കുന്ന റിപ്പോര്‍ട്ടാണ്. കൃത്യമായി വായിച്ച ശേഷം ഞങ്ങള്‍ ഉറപ്പായും പ്രതികരിക്കും.