ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം' സിനിമയില്‍ ഹക്കീം ആയി എത്തി പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് കെആർ ഗോകുൽ. അസാമാന്യ പ്രകടനത്തിലൂടെയും ഞെട്ടിപ്പിക്കുന്ന മേക്കോവറിലൂടെയും ഗോകുൽ കൈയ്യടികൾ വാരിക്കൂട്ടി. ഇപ്പോഴിതാ തന്‍റെ മേക്കോവർ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ഗോകുൽ.
തനിക്ക് ഇങ്ങനൊരു ശ്രമം നടത്താൻ പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയിൽ ആണെന്ന് കുറിച്ചുകൊണ്ടാണ് ഗോകുൽ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ചത്. ഏതായാലും ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഗോകുലിന്‍റെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രശംസിച്ച് നിരവധി പേരാണ് ചിത്രത്തിന്‍റെ കമന്‍റ് ബോക്‌സിലേക്ക് ഒഴുകിയെത്തുന്നത്.
'ക്രിസ്റ്റ്യൻ ബെയിലിന്‍റെ ആത്മസമർപ്പണമാണ് ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്ക് പ്രചോദനമായത്. 2004-ൽ ദി മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവർ റെസ്‌നിക് എന്ന കഥാപാത്രത്തിനായി 28 കിലോയാണ് അദ്ദേഹം കുറച്ചത്. അന്ന് വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയും മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ഭക്ഷണം. ഇത് എന്നെ ആഴത്തിൽ പ്രചോദിപ്പിച്ചു.
ബെയിലിന്‍റെ പ്രകടനം മൂലമാണ് ആ സിനിമ അറിയപ്പെട്ടത് തന്നെ എന്ന് പറയാം. ഹക്കിം അദ്ദേഹത്തിന് വേണ്ടിയുള്ള എന്‍റെ ഒരു ട്രിബ്യൂട്ട് ആയിരുന്നു'- ഗോകുല്‍ വ്യക്തമാക്കി. 'ആടുജീവിതം' സിനിമയ്‌ക്കായി കഠിനമായ ഡയറ്റിങാണ് ഗോകുൽ നടത്തിയത്. ഭക്ഷണം കഴിക്കാതെ പോലും ദിവസങ്ങളോളം കഴിഞ്ഞെന്ന് ഗോകുൽ തന്നെ വെളിപ്പെടുത്തിയിരുന്നു.