അര്‍ജുനെ നായകനാക്കി സംവിധായകന്‍ വസന്ത് ഒരുക്കിയ ചിത്രമാണ് 'റിഥം' (2000). ആക്ഷൻ നായകനായി മാത്രം മുദ്ര കുത്തപ്പെട്ട അർജുന്‍റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു 'റിഥം'. ആക്ഷന് പുറമെ റൊമാൻസും മറ്റ് ഇമോഷൻസും തനിക്ക് കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് അർജുൻ തെളിയിച്ച ചിത്രം കൂടിയാണിത്.
ബോക്‌സ് ഓഫീസ് തരംഗം അല്ലെങ്കിലും ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. മീന, ജ്യോതിക എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍. ചിത്രത്തിലെ അർജുന്‍റെയും മീനയുടെയും റൊമാന്‍റിക് രംഗങ്ങൾ ഇന്നും സോഷ്യൽ മീഡിയയില്‍ തരംഗമാണ്.
സിനിമയെക്കാൾ സിനിമയിലെ ഗാനങ്ങൾ കാലാതീതമായി പ്രേക്ഷകപ്രീതി നേടിയിരുന്നു. അതിന് ഒരേയൊരു കാരണമേയുള്ളൂ. എആർ റഹ്‌മാന്‍... ചിത്രത്തിലെ 'തനിയെ' എന്ന ഗാനം ഹിറ്റ് ലിസ്‌റ്റില്‍ ഇടംപിടിച്ചിരുന്നു. എആര്‍ റഹ്‌മാന്‍റെ സംഗീതത്തില്‍ ശങ്കർ മഹാദേവ് ആലപിച്ച ഈ ഗാനം, ശങ്കറിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി പ്രേക്ഷകർ വിലയിരുത്തി. 'റിഥ'ത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയത് സാക്ഷാൽ വൈരമുത്തുവാണ്.
'അഴകിയ തമിഴ് മകൻ' എന്ന വിജയ് ചിത്രത്തിൽ ഗാനങ്ങളുടെ കമ്പോസിംഗ് കഴിഞ്ഞ ശേഷം ഇൻട്രോ സോംഗിനോട് വിജയ് അനിഷ്‌ടം പുലർത്തിയ ഒരു കഥയുണ്ട്. വിജയ് തന്‍റെ അനിഷ്‌ടം പ്രകടിപ്പിച്ചത് നിർമ്മാതാവായ സ്വർഗ്ഗചിത്ര അപ്പച്ചനോടായിരുന്നു. സ്വർഗ്ഗചിത്ര അപ്പച്ചന് എആർ റഹ്‌മാനെ വർഷങ്ങൾക്ക് മുമ്പേ പരിചയമുള്ളത് കൊണ്ട് ഗാനം മാറ്റി ചെയ്യണമെന്ന് ആവശ്യപ്പെടാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. നിർമ്മാതാവിന് ഗാനം ഇഷ്‌ടപ്പെട്ടില്ലെന്ന് മനസ്സിലായതോടെ എആർ റഹ്‌മാന്‍, ഗാനം മാറ്റി ചെയ്യാൻ തീരുമാനിച്ചു.
ഒരുപക്ഷേ എആർ റഹ്‌മാന്‍റെ കെരിയറിൽ ഇതാദ്യ സംഭവമായിരിക്കുമെന്ന് സ്വർഗ്ഗചിത്ര അപ്പച്ചൻ പിൽക്കാലത്ത് തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്ത ദിവസം രാവിലെ ഒരു ലക്ഷം രൂപയുമായി വൈരമുത്തുവിന്‍റെ വീട്ടിലേക്കെത്തി, 'എല്ലാ പുകഴും ഒരുവൻ ഒരുവന്ക്ക്' എന്ന ഗാനം തത്സമയം എഴുതി വാങ്ങി. ആ വരികൾക്കാണ് എആർ റഹ്‌മാന്‍ സംഗീത സംവിധാനം നിർവഹിച്ചത്. വൈരമുത്തു ഗാനങ്ങൾ എഴുതുമ്പോൾ സംഗീത സംവിധായകന്‍റെ പണി കുറയുന്നുവെന്ന് എആർ റഹ്‌മാനും ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
'റിഥം' സിനിമയുടെ സംഗീത നിർവ്വഹണത്തിന് സംവിധായകൻ വസന്തുമായി റഹ്‌മാന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. സിനിമയുടെ കഥാസന്ദർഭങ്ങളെല്ലാം വെളിപ്പെടുത്തിയ ശേഷം അഞ്ച് ഗാനങ്ങൾ വേണമെന്നും എല്ലാ ഗാനങ്ങൾക്കും ഒരു കണക്ഷൻ ഉണ്ടായാൽ നല്ലതെന്നും അഭിപ്രായപ്പെട്ടു. എ ആർ റഹ്‌മാന്‍ വൈരമുത്തുവിനോട് ഗാനങ്ങളെ കുറിച്ച് സംസാരിച്ചു. സന്ദര്‍ഭം അനുസരിച്ച് വരികൾ എത്തി. പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തി എആർ റഹ്‌മാന്‍ ഉണ്ടാക്കിയ ചിത്രത്തിലെ അഞ്ച് ഗാനങ്ങളും പിൽക്കാലത്ത് സിനിമയേക്കാൾ സൂപ്പർഹിറ്റായി.
മലയാളിയും തമിഴ് മക്കളും ഒരു പോലെ പാടി നടക്കുന്ന 'കാട്രെ എൻ വാസൽ' എന്ന് തുടങ്ങുന്ന പ്രണയ ഗാനം പഞ്ചഭൂതങ്ങളിൽ ഒന്നായ വായുവിനെ അടിസ്ഥാനപ്പെടുത്തിയാണ് എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചത് കവിത കൃഷ്‌ണമൂർത്തിയും ഉണ്ണികൃഷ്‌ണനും ചേർന്നാണ്. ആറ് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള 'നദിയെ നദിയെ' എന്ന് തുടങ്ങുന്ന ഗാനം പഞ്ചഭൂതങ്ങളിലെ ജലം എന്ന ഘടകത്തെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയതാണ്. മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ഉണ്ണിമേനോൻ ആയിരുന്നു ആ ഗാനത്തിന് ജീവൻ പകർന്നത്.
ആനന്ദ ഭൈരവി രാഗത്തിൽ ഒരുക്കിയ 'തനിയെ തനന്തനിയെ' എന്ന് തുടങ്ങുന്ന ഗാനം ശങ്കർ മഹാദേവന്‍റെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനമാണ്. ഇത് ഭൂമിയെ അടിസ്ഥാനപ്പെടുത്തിയാണ് രചിച്ചിരിക്കുന്നത്. രമേഷ് അരവിന്ദിന്‍റെ കഥാപാത്രത്തിന്‍റെയും മീനയുടെ കഥാപാത്രത്തിന്‍റെയും ഫ്ലാഷ് ബാക്ക് പ്രണയ രംഗങ്ങൾ സംവദിക്കുന്ന സാധനാ സർഗം ആലപിച്ച 'അൻപേ ഇത്' എന്ന് തുടങ്ങുന്ന ഗാനം പഞ്ചഭൂതങ്ങളിലെ ആകാശം എന്ന ഘടകത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയതാണ്. ഉദിത് നാരായണനും വസുന്തര ദാസും ചേർന്ന് ആലപിച്ച ചിത്രത്തിലെ 'അയ്യോ പത്തിക്കിച്ച്' എന്ന ഗാനം പഞ്ചഭൂതങ്ങളിലെ അഗ്നിയെ പ്രതിനിധാനം ചെയ്യുന്നു.
ഇന്ത്യൻ സിനിമയിൽ തന്നെ ഒരു സിനിമയിലെ എല്ലാ ഗാനങ്ങൾക്കും പരസ്‌പരം ബന്ധമുണ്ടാക്കുക എന്നുള്ള വസ്‌തുത ആദ്യമായി ഉപയോഗപ്പെടുത്തിയത് ഈ ചിത്രത്തിലാണ്. എന്തുകൊണ്ടാണ് എആർ റഹ്‌മാന് പകരക്കാരൻ ഇനിയും ഭൂമിയിൽ ജനിച്ചിട്ടുണ്ടാകില്ലെന്ന് സംഗീത പ്രേമികൾ പറയാനുള്ള കാരണം ഇതില്‍ നിന്നും മനസ്സിലാക്കാം.
Also Read: അമ്മയുടെ വിയോഗം, അനിയന്‍റെ ആത്‌മഹത്യ.... ഉള്ളൊരുകിയപ്പോൾ കവിയായി, പിന്നീട് വിഖ്യാത ഗാന രചേതാവും - Rajeev Alunkal life journey