രാജ്യം കണ്ട ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടികളില്‍ ഒന്നാണ് ഓപ്പറേഷന്‍ ബ്ലൂ സ്‌റ്റാര്‍. സിഖ് മത വിശ്വാസികളുടെ പരമ പവിത്ര തീര്‍ത്ഥാടന കേന്ദ്രമായ സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത് പഞ്ചാബിലെ അമൃത്‌സറിലാണ്. പഞ്ചാബിന് പ്രത്യേക പദവി, സ്വയം ഭരണാവകാശം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി 1984ല്‍ സിഖ് തീവ്രവാദികൾ സുവർണ്ണ ക്ഷേത്രം കീഴടക്കിയിരുന്നു.
ഇതേ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം സിക്ക് തീവ്രവാദികളെ തുരുത്താന്‍ ഇന്ത്യന്‍ സേന സുവര്‍ണ്ണക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ ബ്ലൂ സ്‌റ്റാര്‍. ഇന്ത്യന്‍ സൈനികരും തീവ്രവാദ നേതാവ് സന്ത് ജര്‍ണയില്‍ സിംഗ് ഭിന്ദ്രൻവാലയും ഉള്‍പ്പെടെ 600ലധികം പേരാണ് ഈ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍.
ഇതിന്‍റെ തുടര്‍ച്ചയായി ഇന്ദിരാ ഗാന്ധിയുടെ വധത്തിലും സിഖ് കൂട്ടക്കൊലയിലുമൊക്കെ വ്യാപിച്ച ആഘാതം രാജ്യത്തെ പിടിച്ചുലച്ചിരുന്നു. ദൂരദർശന് വേണ്ടി ഓപ്പറേഷൻ ബ്ലൂ സ്‌റ്റാർ ക്യാമറയിൽ പകർത്തിയത് മലയാള സിനിമ ഛായാഗ്രാഹകന്‍ അഴകപ്പൻ ആയിരുന്നു. ഇപ്പോഴിതാ ഓപ്പറേഷൻ ബ്ലൂ സ്‌റ്റാർ അനുഭവങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് അഴകപ്പന്‍.
'അഗ്നിസാക്ഷി', 'ഛോട്ടാ മുംബൈ', 'നന്ദനം', 'പട്ടം പോലെ', 'മനസ്സിനക്കരെ', 'രസതന്ത്രം', 'കാഴ്‌ച്ച' തുടങ്ങി നിരവധി മലയാള സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച വ്യക്‌തിയാണ് അഴകപ്പൻ. ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം ദൂരദർശനിൽ ക്യാമറാമാനായാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്.
"ഓപ്പറേഷൻ ബ്ലൂ സ്‌റ്റാർ നടക്കുന്നതിന് മുമ്പ് ഇന്ത്യയിലെ ഏറ്റവും സമാധാനമുള്ള സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു പഞ്ചാബ്. ജനങ്ങൾ അവിടെ സ്വസ്ഥതയോടും സമാധാനത്തോടും ജീവിച്ചിരുന്നു. സുവര്‍ണ്ണക്ഷേത്രം അസാസിനേഷൻ വളരെ പെട്ടെന്ന് സംഭവിക്കുന്നതാണ്. സുവര്‍ണ്ണക്ഷേത്രം തീവ്രവാദികൾ കീഴടക്കുന്നതിനും മുൻപ് തന്നെ ഈ പ്രശ്‌നം രൂക്ഷമാകുന്നതിന് കാരണമായ ചില സംഭവങ്ങൾ കൂടി നടന്നിരുന്നു.
അക്കാലത്തെ പഞ്ചാബിലെ പ്രമുഖ പത്രമായ പഞ്ചാബ് കേസരിയുടെ ചീഫ് എഡിറ്റർ ലാല ജഗന്നാഥ് സിഖ് തീവ്രവാദികളാൽ കൊല്ലപ്പെട്ടിരുന്നു. ലാല ജഗന്നാഥ് കൊല്ലപ്പെട്ട ശേഷം അധികം വൈകാതെ തന്നെ സുവർണ്ണക്ഷേത്രം സിഖ് തീവ്രവാദികൾ കയ്യടക്കിയിരുന്നു. അതിനിടെ ഓപ്പറേഷൻ ബ്ലൂ സ്‌റ്റാർ കഴിഞ്ഞ ശേഷം ലാല ജഗന്നാഥ് സാബിന്‍റെ മകൻ രമേഷ് ചന്ദ്രയുടെ ഒരു പരിപാടി ഷൂട്ട് ചെയ്യാൻ അവസരം ലഭിച്ചു.
ഷൂട്ടിംഗിന് ശേഷം ഞാനും ചാനൽ സംഘവും ലുധിയാനയിൽ നിന്നും ജലന്തറിലേക്ക് മടങ്ങുകയായിരുന്നു. എന്‍റെ പിന്നാലെ രമേഷ് ചന്ദ്ര സാർ മറ്റൊരു വാഹനത്തിൽ വരുന്നുണ്ടായിരുന്നു. പെട്ടെന്ന് പിന്നിൽ നിന്നും ഒരു വെടിയൊച്ച കേട്ടു. രമേഷ് ചന്ദ്ര സാബിനെ തീവ്രവാദികൾ വെടിവെച്ചു കൊന്നു. ഞാൻ അപ്പോൾ തന്നെ ക്യാമറ എടുത്ത് ആ രംഗം ഷൂട്ട് ചെയ്യാൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും തീവ്രവാദികൾ രക്ഷപ്പെട്ടിരുന്നു."-അഴകപ്പന്‍ പറഞ്ഞു.
ഓപ്പറേഷൻ ബ്ലൂ സ്‌റ്റാര്‍ ചിത്രീകരണ ദൗത്യത്തെ കുറിച്ചും ഛായാഗ്രാഹകന്‍ വാചാലനായി. ഒരു പട്ടാളക്കാരന്‍റെ മാനസികാവസ്ഥയോടെ വേണം ആ ദൗത്യത്തിലേയ്‌ക്ക് കടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിനൊപ്പമുള്ള ആ പഴയ ഓർമ്മകളിലൂടെ അഴകപ്പന്‍ സഞ്ചരിച്ചു.
"സൂവര്‍ണ്ണക്ഷേത്രം തീവ്രവാദികൾ കയ്യടക്കിയതോടെ ഇന്ത്യൻ മിലിട്ടറി തിരിച്ചടിക്കാൻ തീരുമാനിക്കുന്നു. ഈ സംഭവ വികാസങ്ങൾ ദൂരദർശന് വേണ്ടി ചിത്രീകരിക്കണം. അക്കാലത്ത് ഡൽഹിയിലുള്ള പല ക്യാമറാമാൻമാരും ഈയൊരു ദൗത്യത്തിന് വിസമ്മതിച്ചു. പലരും ലൈഫ് ഇൻഷുറൻസ് എടുക്കാത്തത് കാരണമാണ് വിസമ്മതം പ്രകടിപ്പിച്ചത്. ഒടുവിൽ ഞാനും ചന്ദ്രശേഖർ എന്ന് പറയുന്ന മറ്റൊരു ക്യാമറാമാനും ദൗത്യം ഏറ്റെടുക്കാൻ തീരുമാനിച്ചു.
ആദ്യം സൂവര്‍ണ്ണക്ഷേത്രത്തിൽ മിലിട്ടറിക്കൊപ്പം പോകുന്നത് ചന്ദ്രശേഖർ ആണ്. ഞാൻ മൂന്നു ദിവസം കഴിഞ്ഞാണ് അവിടെ എത്തുന്നത്. ഒരു പട്ടാളക്കാരന്‍റെ മാനസികാവസ്ഥയോടെ വേണം ഉള്ളിലേക്ക് കടക്കാൻ. പട്ടാളക്കാരന്‍റെ കയ്യിൽ തോക്കുണ്ട്. എന്‍റെ ആയുധം ക്യാമറയാണ്. തീവ്രവാദികളുടെ കയ്യിൽ ഗ്രനേടുകളും നമ്മൾ ധരിച്ചിരുന്ന ബുള്ളറ്റ് വസ്ത്രങ്ങളെ തകർക്കാൻ പോന്ന വെടിക്കോപ്പുകളും ഉണ്ട്. പട്ടാളത്തിന് ഒരിക്കലും അങ്ങോട്ട് കയറി വലിയ രീതിയിൽ ആക്രമിക്കാൻ സാധിക്കില്ല. കാരണം ക്ഷേത്രം തകരും.
ഓരോരോ കോറിഡോറിലൂടെ പതുക്കെ കയറി ഓരോരോ ഭാഗത്തുള്ള തീവ്രവാദികളെ പട്ടാളക്കാർക്ക് കീഴടക്കണം. തീവ്രവാദികളെ കൊണ്ട് പട്ടാളക്കാർക്ക് നേരെ പരമാവധി വെടിയുതിർക്കാൻ പ്രേരിപ്പിച്ച് അവരുടെ ആയുധങ്ങൾ കാലിയാക്കുകയായിരുന്നു മിലിട്ടറിയുടെ ലക്ഷ്യം. പട്ടാളക്കാരെ ബുദ്ധിമുട്ടിക്കാതെ അവർക്കൊപ്പം നിന്ന് കാര്യങ്ങൾ ക്യാമറയിൽ ഒപ്പിയെടുക്കണം.
കാഴ്‌ച്ച അപ്പോൾ ക്യാമറയിലൂടെയാണ്. പട്ടാളക്കാരുടെ അതേ രീതിയിലുള്ള ശ്രദ്ധ എനിക്കും വേണമായിരുന്നു. ഏതു നിമിഷം വേണമെങ്കിലും ബുള്ളറ്റ് എന്‍റെ നെഞ്ചോ തലയോ തുളയ്ക്കാം. കൺമുന്നിലൂടെ വെടിയുണ്ടകൾ കടന്നു പോയിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ക്യാമറയുമായി കയറിയ ശേഷം പട്ടിണിയാണ്. ഉള്ളിൽ കയറി മൂന്നു ദിവസം കഴിഞ്ഞ ശേഷമാണ് ഒരു റൊട്ടി കിട്ടുന്നത്. ചിലപ്പോൾ പച്ചക്ക് കഴിക്കും. ചിലപ്പോൾ റൊട്ടിയോടൊപ്പം ദാൽ ഉണ്ടാകും. പാത്രം ഒന്നും ലഭിക്കില്ല. റൊട്ടിയുടെ മേലെ ദാൽ ഒഴിച്ച് വായിലേക്ക് വയ്ക്കും."-അഴകപ്പന്‍ പറഞ്ഞു.
മരണത്തെ മുന്നിൽ കണ്ട് സുവര്‍ണ്ണക്ഷേത്രത്തില്‍ കഴിച്ചുകൂട്ടിയ ദിനങ്ങളെ കുറിച്ചും ഛായാഗ്രാഹകന്‍ ഓര്‍ത്തെടുത്തു. "ഇന്നത്തെ പോലെ ടെക്നോളജി മികച്ച രീതിയിലുള്ള ഒരു കാലമൊന്നുമല്ല. ഫിലിം ക്യാമറയും വീഡിയോ ക്യാമറയും ഒപ്പമുണ്ട്. രണ്ടിനും നല്ല ഭാരവുമുണ്ട്. പെട്ടെന്ന് ക്യാമറ എടുത്ത് ഷൂട്ട് ചെയ്യാനും ബുദ്ധിമുട്ടാണ്. ഡിജിറ്റൽ അല്ലാത്തത് കൊണ്ട് ടേപ്പും ഫിലിമും തീരാതെ നോക്കണം. ക്യാമറ ബാറ്ററി ചാർജ് ചെയ്യാൻ അതിലേറെ ബുദ്ധിമുട്ട്.
അതിനിടയിൽ ഭിന്ദ്രൻവാല കൊല്ലപ്പെടുന്നു. എന്നോടൊപ്പം ഉണ്ടായിരുന്ന ചന്ദ്രശേഖറാണ് അയാളുടെ മൃതശരീരം പട്ടാളത്തിന് വേണ്ടി തിരിച്ചറിഞ്ഞത്. സുവർണ്ണക്ഷേത്രത്തിൽ പോയിട്ടുള്ളവർക്ക് അറിയാം, ഇതൊരു വലിയ കെട്ടിടമാണെന്നും അകത്തേയ്‌ക്ക് കയറിയാൽ പിന്നീട് രക്ഷപ്പെടുക സാധ്യമല്ലെന്നും. തീവ്രവാദികൾ ആക്രമിച്ചാൽ മരണം സുനിശ്ചിതം. മരണത്തെ മുന്നിൽ കണ്ടാണ് അവിടെ കഴിച്ചുകൂട്ടിയത്."-അഴകപ്പൻ വിശദീകരിച്ചു.
ഓപ്പറേഷൻ ബ്ലൂ സ്‌റ്റാിന് ശേഷം ലുധിയാനയിൽ ഉണ്ടായ സംഭവത്തെ കുറിച്ചും അഴകപ്പന്‍ വാചാലനായി. ലുധിയാനയിൽ സ്വാതന്ത്ര്യ ദിനത്തില്‍ ബോംബ് പൊട്ടിയ സംഭവത്തെ കുറിച്ചാണ് ഛായാഗ്രാഹകന്‍ പറഞ്ഞത്.
"സുവര്‍ണ്ണക്ഷേത്രം തിരിച്ച് പിടിച്ചതോടെ പിന്നെ ശവശരീരങ്ങളുടെ കൂമ്പാരമായിരുന്നു. ചോര സർവ്വസാധാരണമായ കാര്യമായി ജീവിതത്തിൽ. തീവ്രവാദികളുടെ ശവശരീരങ്ങൾ പല മുറികളിലായി കിടക്കുന്നുണ്ട്. മുറിവേറ്റ പട്ടാളക്കാരെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആ സാഹചര്യങ്ങളെ ഒക്കെ ക്യാമറയിൽ കൃത്യമായി പകർത്തി.
പട്ടാളക്കാര്‍ക്കൊപ്പം ഒറ്റയ്ക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പോകാൻ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനൊരിക്കലും പോകില്ലായിരുന്നു. എന്‍റെ കയ്യിലുള്ള ക്യാമറയുടെ പിൻബലമാണ് സധൈര്യം ഉള്ളിലേക്ക് കയറി പോകാൻ എന്നെ പ്രേരിപ്പിച്ചത്. മരണ ഭയം മറക്കാൻ ക്യാമറ ഓൺ ചെയ്യുമ്പോൾ കേൾക്കുന്ന ശബ്‌ദം സഹായിക്കും.
സുവര്‍ണ്ണക്ഷേത്രം സംഭവത്തിന് ശേഷം ഒരു മാസം കഴിഞ്ഞ് വീണ്ടും മരണത്തെ മുന്നിൽ കണ്ടു. ആ സംഭവം ലുധിയാനയിൽ ആയിരുന്നു. തൊട്ട് മുന്നിലാണ് വലിയൊരു ബോംബ് പൊട്ടുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയാണ്. വിദ്യാഭ്യാസ മന്ത്രി വേദിയിൽ സംസാരിക്കുന്നു. പൊടുന്നനെ ഒരു തീവ്രവാദി വേദിക്ക് മുന്നിലെത്തി. ആദ്യം ഒരു ബോംബ് എറിഞ്ഞു. അത് പൊട്ടിയില്ല. വീണ്ടും ഒരു ബോംബ് കൂടി എറിഞ്ഞു. അതും പൊട്ടിയില്ല. മൂന്നാമത് എറിഞ്ഞ ബോംബ് പൊട്ടി.
അന്ന് ദൂരദർശൻ മാത്രമെ ഈ നാട്ടിലുള്ളൂ. ഈ ദൃശ്യങ്ങളൊക്കെ പകർത്താൻ ഭാഗ്യം ലഭിച്ചത് എനിക്കും. ഭാഗ്യമെന്ന് പറഞ്ഞുകൂടാ, വിധി. എന്‍റെ തൊട്ട് മുന്നിലാണ് ബോംബ് പൊട്ടിയത്. ബോംബ് എറിയുന്നതും പൊട്ടുന്നതും ഞാൻ എന്‍റെ ഫിലിം ക്യാമറയിൽ റെക്കോർഡ് ചെയ്‌തു. ദൃശ്യങ്ങൾ വ്യക്തമായിരുന്നു.
ആകെ മഴയുള്ള ഒരു ദിവസമായിരുന്നു അന്ന്. നാട്ടുകാർ ചിതറി ഓടി. ഇനിയും ബോംബ് പൊട്ടാൻ സാധ്യതയുണ്ട്. ഞാൻ അവിടെ നിന്ന് മാറിയില്ല. ആളുകള്‍ മറിഞ്ഞു വീഴുന്നതും, ഓടുമ്പോൾ കാലുകൾ ചെളിയിൽ താഴുന്നതുമൊക്കെ ഞാൻ കൃത്യമായി ഷൂട്ട് ചെയ്‌തു. സംഭവ ബഹുലമായിരുന്നു ആ കാലങ്ങൾ." -അഴകപ്പൻ പറഞ്ഞു.
Also Read: കീറിയ ചെരുപ്പുമായി മമ്മൂട്ടി.. ക്യാമറയ്‌ക്ക് പിന്നിൽ നിന്ന് കരഞ്ഞ് ഛായാഗ്രാഹകൻ