തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അദ്ധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 4 ന് ആരംഭിച്ച് മാര്‍ച്ച് 25 ന് അവസാനിക്കുന്ന രീതിയിലും ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 1 ന് ആരംഭിച്ച് മാര്‍ച്ച് 26 ന് അവസാനിക്കുന്നരീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് ആകെ 2971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്‍ററി പരീക്ഷയ്ക്ക് 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 4,15,044 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷം 4,44,097 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയില്‍ 389 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 27,770 കുട്ടികളും രണ്ടാംവര്‍ഷം 29,337 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ക്ക് കേരളത്തില്‍ മാത്രമേ സെന്‍ററുകള്‍ ഉള്ളൂ. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ക്ക് കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ സെന്‍ററുകളുണ്ട്. 2024 ഏപ്രിലിലാണ് മൂല്യ നിര്‍ണയം. ഹയര്‍ സെക്കന്‍ററിയില്‍ എഴുപത്തി ഏഴും എസ്എസ്എല്‍സി ക്ക് എഴുപതും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയ്ക്ക് എട്ടും മൂല്യനിര്‍ണ്ണയ ക്യാമ്പുകളുമാണുള്ളത്.
എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പിന്‍റെ ഭാഗമായി രണ്ട് ദിവസമായി പൊലീസ് അകമ്പടിയോടെ ചോദ്യപേപ്പര്‍ വിതരണം നടന്നു വരികയാണ്. കൂടാതെ കേരളത്തിലെ 41 വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെ സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യ പേപ്പറുകള്‍ക്ക് മാര്‍ച്ച് 25 വരെ പൊലീസ് സംരക്ഷണം ഉണ്ടാകും. ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷ ചോദ്യ പേപ്പറുകള്‍ അതത് സ്‌കൂളുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി സിസിടിവി സംവിധാനത്തില്‍ സൂക്ഷിക്കും.