തിരുവനന്തപുരം:63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണക്കപ്പിനായി ജില്ലകള്‍ തമ്മില്‍ കടുത്ത പോരാട്ടം. കണ്ണൂരും തൃശൂരും കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. രണ്ട് ദിവസം നീണ്ട മത്സരങ്ങളില്‍ കണ്ണൂരിന് 449 പോയിന്‍റും തൃശൂരിനും കോഴിക്കോടിനും 448 പോയിന്‍റുമാണ് നേടാനായത്. അതേസമയം ചെറിയ പോയിന്‍റ് വ്യത്യാസത്തില്‍ പാലക്കാടാണ് തൊട്ട് പിന്നാലെയുള്ളത്.
ജില്ലകള്‍ മാത്രമല്ല പോയിന്‍റ് നിലയില്‍ സ്‌കൂളുകള്‍ തമ്മിലും കടുത്ത മത്സരമാണ് കാണാനാകുക. 65 പോയിന്‍റുകളോടെ തിരുവനന്തപുരത്തെ കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മുന്നിലുള്ളത്. പത്തനംതിട്ടയിലെ എസ്‌വിജിവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ 60 പോയിന്‍റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം ദിനമായ ഇന്ന് കൂടുതല്‍ മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍ പോയിന്‍റ് നിലകള്‍ മാറി മറിയാനും സാധ്യതയുണ്ട്.