തിരുവനന്തപുരം:തകൃതാ മില്ല തൈ താളം... മുൻഫോ മുൻഫോ... ഒറ്റ ഒയിഞ്ഞ... കോല്‍ക്കളി ഗാനം ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍ വട്ടം കൂടി നിന്ന കലാകാരൻമാർക്ക് പിന്തുണയുമായി കോയ ഗുരുക്കളുമുണ്ട്. കോഴിക്കോട് പന്നിയങ്കര സ്വദേശി കോയ ഗുരുക്കൾ ഇത്തവണയും ശിഷ്യ ഗണങ്ങള്‍ക്കൊപ്പം വഴുതക്കാട് വുമൺസ് കോളേജിലെ കലോത്സവ വേദിയിലുണ്ട്. കലോത്സവം തുടങ്ങിയ കാലം തൊട്ട് ഗുരുക്കളുടെ കുട്ടികള്‍ അരങ്ങിലെത്തുന്നുണ്ട്.
കഴിഞ്ഞ 40 വർഷമായി കോൽക്കളി പരിശീലന രംഗത്ത് സജീവമാണ് കോയ ഗുരുക്കൾ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശിഷ്യഗണങ്ങളുണ്ട് ഇദ്ദേഹത്തിന്. സംസ്ഥാന യൂണിവേഴ്‌സിറ്റി ആരോഗ്യ വിഭാഗം കലോത്സവങ്ങളിലും ശിഷ്യന്മാരെ വാർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഐസിഎസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളെ മാത്രമാണ് പരിശീലിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡോക്‌ടർമാരും എൻജിനീയർമാരും അധ്യാപകരുമെല്ലാമുണ്ട് അദ്ദേഹത്തിന് ശിഷ്യന്മാരായി. 365ഓളം കളികളുള്ള കോൽക്കളിയെ കുറിച്ച് ഗവേഷണം നടത്തിയ അധ്യാപകൻ കൂടിയാണ് അദ്ദേഹം. ഈറ പനയും ചിലങ്കയും കൊണ്ട് ഉണ്ടാക്കിയ കോലാണ് കോൽക്കളിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ശാസ്‌ത്രീയ വശങ്ങൾ കൃത്യമായി പാലിച്ചുവേണം കോൽക്കളിയുടെ ചുവടുകൾ വെക്കാൻ. കോൽക്കളിയിൽ പ്രധാനമായും കളരി മുറകളാണ് വായ്‌ത്താരികളായി ഉപയോഗിക്കുന്നത്.