തിരുവനന്തപുരം : കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ പന്മന പ്രാദേശിക ക്യാമ്പസിൽ 2024 - 25 അധ്യയന വർഷത്തെ വിവിധ നാല് വർഷ ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പന്മന പ്രാദേശിക ക്യാമ്പസിൽ സംസ്‍കൃതം വേദാന്തം, മലയാളം എന്നിവയാണ് നാല് വർഷ ബിരുദ സമ്പ്രദായത്തിൽ നടത്തുന്ന ബിരുദ പ്രോഗ്രാമുകൾ. ജൂൺ 7 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. വിശദവിവരങ്ങളറിയാം.
മൂന്ന് വിധത്തിൽ നാല് വർഷ ബിരുദം പ്രോഗ്രാം പൂര്‍ത്തിയാക്കാം : മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം, നാല് വര്‍ഷ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിങ്ങനെ നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ബിരുദ പ്രോഗ്രാം പൂർത്തിയാക്കാൻ കഴിയും.
മൂന്നാം വര്‍ഷം പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി പഠനം പൂര്‍ത്തിയാക്കി മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ ബിരുദം നേടാനാകും. നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാല് വര്‍ഷ ഓണേഴ്‌സ് ബിരുദവും നാലാം വര്‍ഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്‌ട് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദവും നേടാവുന്നതാണ്. സംസ്‍കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് (മേജർ) പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രതിമാസം 500/- രൂപ വീതം സര്‍വ്വകലാശാല സ്കോളര്‍ഷിപ്പും നൽകും.
പ്രവേശന യോഗ്യത അറിയാം : പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് സംസ്‍കൃതം വേദാന്തം, മലയാളം പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. മാത്രമല്ല മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാം.