കേരളം

kerala

ETV Bharat / education-and-career

സംസ്ഥാനത്ത് ആദ്യമായി ഓണ്‍ലൈനില്‍ കീം പ്രവേശന പരീക്ഷ: വിദ്യാര്‍ഥികളെ കുഴക്കി കണക്ക് - KEAM ENTRANCE EXAM STARTED - KEAM ENTRANCE EXAM STARTED

എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷകൾ തുടങ്ങി. ആദ്യ ദിനത്തിലെ ഫിസിക്‌സ്, കെമിസ്‌ട്രി ചോദ്യങ്ങൾ എളുപ്പമായിരുന്നെന്ന് വിദ്യാര്‍ഥികള്‍. ജൂണ്‍ 5ന് ആരംഭിച്ച പരീക്ഷ ജൂണ്‍ 9ന് അവസാനിക്കും.

KEAM EXAM STARTED  ENGINEERING ENTRANCE EXAM  ഓണ്‍ലൈനില്‍ കീം പ്രവേശന പരീക്ഷ  കീം പരീക്ഷ ആരംഭിച്ചു
KEAM EXAM (ETV Bharat)

By ETV Bharat Kerala Team

Published : Jun 6, 2024, 7:32 PM IST

കോഴിക്കോട്:സംസ്ഥാനത്ത് എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷകൾക്ക് തുടക്കമായി. ചരിത്രത്തിലാദ്യമായി ഇത്തവണ ഓണ്‍ലൈനായിട്ടാണ് പരീക്ഷ നടക്കുന്നത്. ഒന്നേകാൽ ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.

ആദ്യ ദിവസം നടന്ന ഫിസിക്‌സ്, കെമിസ്‌ട്രി പരീക്ഷകള്‍ എളുപ്പമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അതേസമയം കണക്ക് പരീക്ഷ വിദ്യാര്‍ഥികളെ കുഴക്കി. പ്രയാസമേറിയ ചോദ്യങ്ങളായത് കൊണ്ട് തന്നെ ഓരോ ചോദ്യത്തിനും ഉത്തരമെഴുതാന്‍ കൂടുതല്‍ സമയമെടുക്കേണ്ടി വന്നു. അതുകൊണ്ട് പലര്‍ക്കും നിശ്ചിത സമയത്ത് പരീക്ഷ എഴുതി തീർക്കാൻ സാധിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

2024-25 അധ്യയന വര്‍ഷത്തില്‍ കേരളത്തിലെ വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്‍റെ ഭാഗമായി നടത്തുന്ന പരീക്ഷയാണിത്. ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെയാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ. എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ നിന്ന് യഥാക്രമം 75, 45, 30 ഒബ്‌ജക്‌ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു പേപ്പർ ഉണ്ടായിരിക്കും (മൊത്തം 150 ചോദ്യങ്ങൾ). മൂന്നുമണിക്കൂറാണ് പരീക്ഷ സമയം (180 മിനിറ്റ്).

ഫാർമസി പ്രവേശന പരീക്ഷ ജൂൺ 10ന് ഉച്ചയ്ക്ക് 3.30 മുതൽ 5 വരെ നടക്കും. ഫാർമസി കോഴ്‌സ് പ്രവേശന പരീക്ഷ മാത്രം അഭിമുഖീകരിക്കുന്നവർക്ക് ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ നിന്ന് യഥാക്രമം 45,30 ഒബ്‌ജക്‌ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. അവർക്കുള്ള പരീക്ഷ സമയം 90 മിനിറ്റ് ആയിരിക്കും.

ഒബ്‌ജക്‌ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉത്തരം തെരഞ്ഞെടുത്ത് നിർദേശിച്ച രീതിയിൽ രേഖപ്പെടുത്തണം. ഓരോ ശരിയുത്തരത്തിനും 4 മാർക്ക് ലഭിക്കും. തെറ്റുന്ന ഓരോ ഉത്തരത്തിനും ലഭിച്ച മാര്‍ക്കില്‍ നിന്നും ഓരോ മാര്‍ക്ക് വീതം കുറയും. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൂടാതെ ന്യൂഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ നടക്കും.

പരീക്ഷയ്ക്ക് പോകുമ്പോൾ അഡ്‌മിറ്റ് കാർഡ് കൈവശം വേണം. അതോടൊപ്പം ഫോട്ടോയുള്ള സാധുവായ ഒരു തിരിച്ചറിയൽ രേഖയും കൊണ്ടുപോകണം. സ്‌കൂൾ ഐഡൻറിറ്റി കാർഡ്, പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, ആധാർ കാർഡ്, ഇ-ആധാർ, പാസ്പോർട്ട്, പ്ലസ് ടു ഹാൾ ടിക്കറ്റ്/അഡ്‌മിറ്റ് കാർഡ്, ഫോട്ടോ ഉള്ള ബാങ്ക് പാസ്ബുക്ക് എന്നിവയിൽ ഏതെങ്കിലും ഒന്ന് കൈവശമുണ്ടാകണം.

മേല്‍പ്പറഞ്ഞ രേഖകളൊന്നും ഹാജരാക്കാൻ സാധിച്ചില്ലെങ്കില്‍ പരീക്ഷാർഥി പ്ലസ്‌ടു തല പ്രോഗ്രാമിന് പഠിച്ച സ്ഥാപനത്തിന്‍റെ മേധാവിയിൽ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും ഗസറ്റഡ് ഓഫിസറിൽ നിന്നോ വാങ്ങിയ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥൻ ഫോട്ടോയിൽ സാക്ഷ്യപ്പെടുത്തണം. അഡ്‌മിറ്റ് കാർഡ്, സാധുവായ തിരിച്ചറിയൽ കാർഡ് എന്നിവ ഇല്ലാത്തവരെ പരീക്ഷ അഭിമുഖീകരിക്കാൻ അനുവദിക്കുന്നതല്ല.

പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ബയോമെട്രിക് പരിശോധന ഉണ്ടാകും. തുടർന്ന് പരീക്ഷ ഹാളിൽ, കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയ്ക്ക് അനുവദിച്ച സീറ്റിലേക്ക് നീങ്ങാം. അനുവദിച്ച സീറ്റ് നമ്പർ കംമ്പ്യൂട്ടര്‍ ലോഗിൻ സ്ക്രീനിന്‍റെ താഴെ ഇടതുഭാഗത്ത് പ്രദർശിപ്പിച്ചിരിക്കും. അലോട്ട് ചെയ്‌ത സീറ്റ് നമ്പറും ലോഗിൻ സ്ക്രീനിൽ കാണുന്ന സീറ്റ് നമ്പറും ഒന്നുതന്നെയാണെന്ന് ഉറപ്പാക്കണം.

കംമ്പ്യൂട്ടര്‍ ടെർമിനലിൽ ലോഗിൻ സ്ക്രീനിൽ റോൾ നമ്പർ രേഖപ്പെടുത്താനുള്ള ഒരു ടെക്സ്റ്റ് ബോക്‌സ് കാണാൻ കഴിയും. വെർച്വൽ കീബോർഡ് ഉപയോഗിച്ച് റോൾ നമ്പർ നൽകി, സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യണം. റോൾ നമ്പർ വാലിഡേഷൻ പൂർത്തിയാകുമ്പോൾ ലോഗിൻ പ്രക്രിയ പൂർത്തിയാക്കാൻ, പരീക്ഷാർഥി പരീക്ഷ ഹാളിൽ വച്ച് ലഭിക്കുന്ന സീക്രട്ട് കോഡ് സിസ്റ്റത്തിൽ രേഖപ്പെടുത്തണം. തുടർന്ന് പൊതു നിർദേശങ്ങൾ സ്ക്രീനിൽ കാണാൻ കഴിയും. നിർദേശങ്ങൾ അടങ്ങുന്ന പേജിന്‍റെ മുകളിൽ വലത് ഭാഗത്തായി പരീക്ഷാർഥിയുടെ പേര്, റോൾ നമ്പർ, ഫോട്ടോ എന്നിവയും കാണാൻ കഴിയും.

യഥാർഥ പരീക്ഷ സ്ക്രീനിൽ എത്തുന്ന വേളയിൽ സ്ക്രീനിന്‍റെ മുകളിൽ വലതുഭാഗത്ത് ഇൻഫർമേഷൻ പാനലിൽ പരീക്ഷയിലെ മൊത്തം ചോദ്യങ്ങളുടെ എണ്ണം, ഉത്തരം നൽകിയ ചോദ്യങ്ങളുടെ എണ്ണം, അവശേഷിക്കുന്ന സമയം (കൗണ്ട് ഡൗൺ ടൈമർ) എന്നിവ കാണാൻ കഴിയും. ഇൻഫർമേഷൻ പാനലിന് താഴെ തെരഞ്ഞെടുത്ത ചോദ്യവും (ക്വസ്റ്റ്യൻ ബ്ലോക്ക്) അതിനോടുചേർന്ന് ഉത്തര ഓപ്ഷനുകളും കാണാൻ കഴിയും. ഏറ്റവും അനുയോജ്യമായ ഉത്തരം, മൗസ് ഉപയോഗിച്ച് ഓപ്ഷന് നേരേയുള്ള ബട്ടൺ ക്ലിക്ക് ചെയ്‌ത് തെരഞ്ഞെടുക്കാം. ചോദ്യത്തിന്‍റെ ഫോണ്ട് വലുപ്പം മാറ്റാനുള്ള സൗകര്യം ക്വസ്റ്റ്യൻ ബ്ലോക്കിന്‍റെ മുകളിൽ വലത് ഭാഗത്ത് ഉണ്ടാകും.

പരീക്ഷയ്ക്കിടയിൽ കംമ്പ്യൂട്ടര്‍/മൗസ് എന്നിവ പ്രവർത്തിക്കാതെ വന്നാൽ മറ്റൊരു സിസ്റ്റം അനുവദിക്കും. പരീക്ഷയുടെ മുഴുവൻ സമയം ലഭിക്കുന്ന രീതിയിൽ, നഷ്‌ടപ്പെട്ട സമയം നൽകും. അത്തരത്തിൽ ഒരു പ്രശ്‌നം ഉണ്ടാകുന്ന പക്ഷം, അല്ലെങ്കിൽ പരീക്ഷയ്ക്കിടയിൽ എന്തെങ്കിലും സഹായം വേണ്ടിവരുന്ന പക്ഷം, ഇൻവിജിലേറ്ററുടെ ശ്രദ്ധ ക്ഷണിക്കാന്‍ പരീക്ഷാർഥിക്ക് സീറ്റിൽ ഇരുന്ന് കൈ ഉയർത്താവുന്നതാണ്.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിൽ ഏറ്റവും ഇഷ്‌ട്ടപ്പെട്ട വിഷയത്തിലെ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം നൽകാം. അത് ആത്മവിശ്വാസം വർധിപ്പിക്കും. ബുദ്ധിമുട്ടുള്ള വിഷയത്തിലെ ചോദ്യങ്ങൾ തുടക്കത്തിൽ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. പരീക്ഷയ്ക്ക് 150 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്.

180 മിനിറ്റാണ് സമയം ലഭിക്കുക (10,800 സെക്കൻഡ്). അതായത്, ഒരു ചോദ്യത്തിന്മേൽ ചെലവഴിക്കാവുന്ന ശരാശരി സമയം, 72 സെക്കൻഡുകൾ (ഒരു മിനിറ്റും 12 സെക്കൻഡും). ചോദ്യം വായിച്ച് മനസിലാക്കി ഓപ്ഷൻസ് പരിശോധിച്ച് ക്രിയ ചെയ്തോ അല്ലാതെയോ ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തി അത് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താനുള്ള സമയമാണിത്.

ലളിതമായ ചോദ്യങ്ങൾക്ക് ഈ സമയം വേണ്ടിവരില്ല. അവയിൽ ഓരോന്നിലും ലാഭിക്കുന്ന സമയം കൂടുതൽ സമയം ചെലവഴിച്ച് ഉത്തരമെഴുതേണ്ടയിടത്ത് ചെലവഴിക്കാനാകും. ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശരാശരി സമയത്തിൽ കൂടുതൽ തുടക്കത്തിൽ ചെലവഴിക്കാതിരിക്കുന്നതാണ് ഉചിതം. ഉത്തരം ലഭിക്കാൻ വൈകിയാൽ തത്കാലം അത് ഒഴിവാക്കി അടുത്ത ചോദ്യത്തിലേക്ക് കടക്കുക. സമയം പിന്നീട് ലഭിക്കുന്ന പക്ഷം ഒഴിവാക്കിയ ചോദ്യത്തിലേക്ക് തിരികെയെത്ത് ഉത്തരമെഴുതാന്‍ ശ്രമിക്കാം.

പരീക്ഷ കഴിഞ്ഞ് ഉത്തര സൂചികകൾ പ്രസിദ്ധപ്പെടുത്തുമ്പോൾ അത് പരിശോധിക്കുക. അതിന്മേൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ പ്രഖ്യാപിക്കുന്ന സമയപരിധിക്കകം നിർദേശിച്ച രീതിയിൽ നിശ്ചിത ഫീസടച്ച് പരാതിപ്പെടാൻ ശ്രദ്ധിക്കുക. പ്രോസ്പെക്‌ട്‌സ് പ്രകാരമുള്ള വ്യവസ്ഥകളാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. അഡ്‌മിറ്റ് കാർഡിലും പരീക്ഷാഹാളിലും ലഭിക്കാവുന്ന നിർദേശങ്ങളും പാലിക്കുക.

പരീക്ഷ സംബന്ധിച്ച് മൊബൈൽ, ഇ-മെയിൽ എന്നിവയിലേക്ക് വന്നേക്കാവുന്ന സന്ദേശങ്ങൾ, വെബ്സൈറ്റ് അറിയിപ്പുകൾ തുടങ്ങിയവയും ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങൾക്ക്: www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ALSO READ:ഈ കഴിവുകൾ നിങ്ങൾക്കുണ്ടോ?; എന്നാൽ ഐടി കമ്പനികൾ നിങ്ങളെ തേടി വരും

ABOUT THE AUTHOR

...view details