കേരളം

kerala

ETV Bharat / education-and-career

ഗെറ്റ്, സെറ്റ്, ഗോ...! കലാനഗരിയിലേക്ക് തിരിച്ച് സ്വര്‍ണക്കപ്പ്; ആദ്യമായി എല്ലാ ജില്ലകളിലും സ്വീകരണം, പിന്നിലെ ചരിത്രം ഇങ്ങനെ - HISTORY OF KALOLSAVAM GOLDEN CUP

ജേതാക്കള്‍ക്ക് സ്വര്‍ണക്കപ്പ് എന്ന ആശയം വൈലോപ്പിള്ളി ശ്രീധര മേനോന്‍റേത്. കപ്പ് ഏറ്റവും കൂടുതല്‍ തവണ നേടിയ ചരിത്രം കോഴിക്കോടിന് സ്വന്തം.

63RD KALOTHSAVAM  KALOLSAVAM 2025  സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025  കലോത്സവം സ്വര്‍ണക്കപ്പ് ചരിത്രം
Golden Cup (ETV Bharat)

By ETV Bharat Kerala Team

Published : Dec 31, 2024, 4:22 PM IST

Updated : Jan 1, 2025, 2:08 PM IST

കാസര്‍കോട് :കൗമാര കലാമാമാങ്കത്തിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാന ആകര്‍ഷണമായ സ്വര്‍ണക്കപ്പ് പ്രയാണത്തിന് തുടക്കമായി. ചരിത്രത്തിലാദ്യമായി എല്ലാ ജില്ലകളിലും പ്രയാണം നടത്തിയാകും സ്വര്‍ണക്കപ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്ന തിരുവനന്തപുരത്ത് എത്തിച്ചേരുക. 14 ജില്ലകളിലെയും സ്വീകരണം ഏറ്റുവാങ്ങി ജനുവരി മൂന്നിന് സ്വര്‍ണക്കപ്പ് തലസ്ഥാന നഗരിയിലെത്തും. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് കപ്പ് പ്രയാണം ആരംഭിച്ചത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് ജില്ലകള്‍ തമ്മില്‍ നടക്കുന്നത്. ഇഞ്ചോടിഞ്ച് പോരാടിയാണ് പലപ്പോഴും സ്വര്‍ണക്കപ്പ് മിക്ക ജില്ലകളും സ്വന്തമാക്കുന്നത്. തിരുവനന്തപുരത്ത് 63-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ കേളികൊട്ടുയരുമ്പോള്‍ നമ്മുടെ കലോത്സവ കപ്പിന്‍റെ ചരിത്രം ഒന്ന് പരിശോധിക്കാം.

ജേതാക്കള്‍ക്ക് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയത് 1987-ലാണ്. കോഴിക്കോട് നടന്ന ആ കലോത്സവത്തില്‍ തിരുവനന്തപുരം ജില്ലയാണ് ആദ്യമായി സ്വര്‍ണക്കപ്പ് നേടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വൈലോപ്പിള്ളിയുടെ ആശയം :ജേതാക്കള്‍ക്ക് സ്വര്‍ണക്കപ്പ് എന്ന ആശയം, വൈലോപ്പിള്ളി ശ്രീധര മേനോനാണ് 1985ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടിഎം ജേക്കബിന് മുന്നില്‍വച്ചത്. പിന്നാലെ മന്ത്രി അടുത്തവര്‍ഷം 101 പവന്‍ സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, അതിനുള്ള പണം സ്വരൂപിക്കാനായില്ല. എങ്കിലും മന്ത്രി ശ്രമം തുടര്‍ന്നു. 1987-ല്‍ കോഴിക്കോട് കലോത്സവം നടന്നപ്പോഴേക്കും 101-ന് പകരം 117.5 പവന്‍ സ്വര്‍ണക്കപ്പ് മന്ത്രിയുടെ ശ്രമഫലമായി ഏര്‍പ്പെടുത്തി.

ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മാസികയായ വിദ്യാരംഗത്തിന്‍റെ ആര്‍ട്ട് എഡിറ്ററുമായ ചിറയിന്‍കീഴ് ശ്രീകണ്‌ഠന്‍ നായരുടെ ഡിസൈന്‍ പ്രകാരമാണ് കപ്പ് തയാറാക്കിയത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, മാനേജര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് പണപ്പിരിവ് നടത്തിയാണ് കപ്പിനുള്ള ഫണ്ട് സമാഹരിച്ചത്. രണ്ടേകാല്‍ ലക്ഷം രൂപയായിരുന്നു കപ്പിന്‍റെ നിര്‍മാണച്ചെലവ്.

കോഴിക്കോടിന്‍റെ 'സുവര്‍ണ ഗാഥ' :സ്വർണക്കപ്പ് തുടർച്ചയായി നേടിയ ജില്ലയ്ക്കുള്ള ഖ്യാതി കോഴിക്കോടിനാണ്. 1986ൽ തൃശൂരിൽ വച്ച് നടന്ന കലോത്സവത്തിൽ തിരുവനന്തപുരമാണ് ആദ്യമായി സ്വർണകപ്പ് ഉയർത്തിയത്. 1981 മുതൽ 1989 വരെ തലസ്ഥാന ജില്ലയാണ് തുടർച്ചയായി ചാംപ്യൻമാരായതും സ്വർണകപ്പിൽ മുത്തമിട്ടതും.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് കൂടുതൽ തവണ നേടിയവരുടെ ചരിത്രം പരിശോധിച്ചാൽ അതിനൊരു വടക്കൻ വീരഗാഥ പറയാനുണ്ട്. പട്ടികയിൽ മുന്നിലുള്ളത് കോഴിക്കോടാണ്. വടക്കൻ ജില്ലയായ കണ്ണൂർ നാല് തവണ സ്വർണകപ്പിൽ മുത്തമിട്ടു. തൃശൂർ മുന്നുതവണയും തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നീ ജില്ലകൾ നാലു തവണയും കപ്പടിച്ചു.

1990ൽ ആലപ്പുഴയിൽ നടന്ന കലോത്സവത്തിൽ എറണാകുളം സ്വർണക്കപ്പടിച്ചു. തൊട്ടടുത്ത വർഷം കാസർകോട് വച്ച് നടന്ന കലോത്സവത്തിലാണ് കോഴിക്കോട് ആദ്യമായി സ്വർണക്കപ്പ് നേടുന്നത്. 92, 93 വർഷങ്ങളിലും കപ്പ് നേടിയ കോഴിക്കോട് സ്വർണക്കപ്പിൽ ഹാട്രിക് മുത്തമിട്ടു. 1994ൽ കോഴിക്കോട് വച്ച് നടന്ന കലോത്സവത്തിൽ കപ്പ് കോഴിക്കോടിന് നഷ്‌ടമായി. തൃശൂരാണ് അന്ന് സ്വർണക്കപ്പ് നേടിയത്. 2001ലും 2002ലും കപ്പ് കോഴിക്കോടിന് തന്നെ. 2003ൽ എറണാകുളം വീണ്ടും കപ്പ് ഉയർത്തി. പിന്നീടുള്ള രണ്ട് വർഷങ്ങളിലും കപ്പ് കോഴിക്കോടിന് തന്നെ.

Also Read:സ്‌കൂള്‍ കലോത്സവത്തിന്‍റെ സ്വാഗത ഗാനം പിറന്നത് തൂണേരിയിലെ മേല്‍ശാന്തിയുടെ തൂലികയില്‍

2006ൽ കപ്പുമായി പാലക്കാട്ടുകാർ പോയി. 2007 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ കപ്പ് കോഴിക്കോടിന് തന്നെയായിരുന്നുവെങ്കിലും 2015ൽ പാലക്കാടുമായി കോഴിക്കോട് കപ്പ് പങ്കിടേണ്ടി വന്നു. 2010ല്‍ കോഴിക്കോട്ട് നടന്ന കലോത്സവത്തില്‍ ചാനലുകാര്‍ തമ്മിലുള്ള പിടിവലിക്കിടെ സ്വര്‍ണക്കപ്പ് ഒടിഞ്ഞതും കലോത്സവത്തിലെ മറക്കാനാകാത്ത ഒരേടാണ്.

സ്വര്‍ണക്കപ്പ് പ്രയാണത്തിന് തുടക്കം (ETV Bharat)

2019ലും 2020ലും പാലക്കാട് കപ്പ് കൊണ്ടുപോയപ്പോൾ 2021-22 വർഷത്തെ കലോത്സവം കൊറോണ കൊണ്ടുപോയി. 2023ൽ കോഴിക്കോട് വച്ചു തന്നെ നടന്ന കലോത്സവത്തിൽ കപ്പും കോഴിക്കോടിന് തന്നെയായിരുന്നു. 20 തവണയാണ് കോഴിക്കോടിന് സ്വർണക്കപ്പിൽ മുത്തമിടാൻ കഴിഞ്ഞത്. 1957ൽ തുടങ്ങിയ കലോത്സവത്തിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യൻമാരായതും കോഴിക്കോട് തന്നെയാണ്.

എന്നാൽ 17 തവണ തിരുവനന്തപുരം ചാംപ്യൻമാരായെങ്കിലും സ്വർണക്കപ്പ് നേടിയത് നാല് തവണയാണ്. 1989ന് ശേഷം തിരുവനന്തപുരം ചാംപ്യൻമാരായിട്ടില്ലെന്നതും മറ്റൊരു ചരിത്രം. കഴിഞ്ഞ തവണ ആതിഥേയത്വം വഹിച്ച കൊല്ലം 1965ൽ ചാംപ്യൻമാരായിട്ടുണ്ട്.

ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, കാസർകോട് ജില്ലകൾ ചരിത്രത്തിൽ ഇതുവരെ കലോത്സവത്തിൽ ചാംപ്യൻമാരായിട്ടില്ല. വയനാടിനെയും കാസർകോടിനെയും ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പൂർണമായി ശരിയല്ല എന്നും നിരീക്ഷണമുണ്ട്. കാരണം 1957ൽ ആദ്യമായി നടന്ന കലോത്സവത്തിൽ വടക്കൻ മലബാറാണ് ചാംപ്യൻമാരായതെന്നത് പരിഗണിച്ചാൽ ആ നേട്ടത്തിൽ വയനാടിനും കാസർകോടിനും പങ്കുണ്ടെന്ന് ജില്ലക്കാർ വാദിക്കും. മലപ്പുറം പക്ഷേ ഈ പട്ടികയിൽ ഉൾപ്പെടുന്നുമില്ലെന്നത് മറ്റൊരു രസകരമായ സംഭവം.

Also Read:സ്‌കൂള്‍ കലോത്സവം: നാടകം ടാഗോര്‍ തിയേറ്ററില്‍, ഒപ്പനയും സംഘനൃത്തവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍, ഭക്ഷണം പുത്തരിക്കണ്ടത്ത്

Last Updated : Jan 1, 2025, 2:08 PM IST

ABOUT THE AUTHOR

...view details