തിരുവനന്തപുരം: 1758 അധിവര്‍ഷമാണോ (Leap year)? സെപ്റ്റംബര്‍ 16 വെള്ളിയാഴ്‌ച എങ്കില്‍ സെപ്റ്റംബറില്‍ ആകെ എത്ര ചൊവ്വാഴ്‌ചകള്‍ ഉണ്ടായിരിക്കും? മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സ്ഥിരം തലവേദനയാണ് ഇത്തരം കലണ്ടര്‍ ചോദ്യങ്ങള്‍.
എന്നാല്‍ ചില എളുപ്പ വിദ്യകളിലൂടെ ഇത്തരം ചോദ്യങ്ങളെ നിസാരമായി പരിഹരിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇടുക്കി, കുളമാവ് ഹൈസ്‌കൂളിലെ മുന്‍ കണക്ക് ടീച്ചറും തിരുവനന്തപുരം കല്ലറ സ്വദേശിയുമായ സരിത ടീച്ചര്‍. ലോകത്ത് പല കലണ്ടറുകളും ഉണ്ടെങ്കിലും ഇംഗ്ലീഷ് കലണ്ടറാണ് മത്സര ചോദ്യങ്ങളില്‍ വരിക. ഇംഗ്ലീഷ് കലണ്ടറിന്‍റെ സ്വഭാവം തന്നെ സ്വാധീനിക്കുന്നത് ആഴ്‌ചകളാണ്.
365 ദിവസങ്ങളുള്ള ഒരു സാധാരണ കലണ്ടറിന്‍റെ അടിസ്ഥാന സ്വഭാവങ്ങള്‍ മത്സര പരീക്ഷയ്ക്ക് പഠിക്കുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഇതു കൈയ്യിലുണ്ടെങ്കില്‍ ഏത് കടുപ്പമുള്ള കലണ്ടര്‍ ചോദ്യങ്ങളെയും മറികടക്കാനാകും.
365 ദിവസങ്ങളില്‍ 52 മുഴുവന്‍ ആഴ്‌ചകളും 1 ദിവസം അധികമായും ഉണ്ടാകും.
52*7=364
364+1=365
അധിവര്‍ഷത്തില്‍ 52 ആഴ്‌ചയും 2 ദിവസങ്ങളുമുണ്ടാകും.
52*7=364
364+2=366
ഓരോ 100 വര്‍ഷത്തിലും 76 സാധാരണ വര്‍ഷങ്ങളും 24 അധിവര്‍ഷവും ഉണ്ടായിരിക്കും. അധിവര്‍ഷത്തിലെ ജനുവരി 1 തിങ്കളാഴ്‌ച ആണെങ്കില്‍ ആ വര്‍ഷം ഡിസംബര്‍ 31 ചൊവ്വാഴ്‌ച ആയിരിക്കും. ഒരു നൂറ്റാണ്ടിന്‍റെ ആദ്യ ദിവസമായ ജനുവരി 1 ഒരിക്കലും ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളായിരിക്കില്ല. ഒരു നൂറ്റാണ്ടിന്‍റെ അവസാന ദിവസമായ ഡിസംബര്‍ 31 ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളായിരിക്കുകയുമില്ല.