എറണാകുളം:ഇടതുപക്ഷ അധ്യാപക സംഘടനകളില്‍ നിന്നടക്കമുള്ള കടുത്ത എതിര്‍പ്പിനിടയിലും സംസ്ഥാനത്തെ സ്‌കൂളുകള്‍ വരുന്ന രണ്ട് ശനിയാഴ്‌ചകളിലും (ജൂണ്‍ 22,29) പ്രവൃത്തിക്കും. സ്‌കൂള്‍ പ്രവൃത്തി ദിനം 220 ആക്കിയതിനെ ചോദ്യം ചെയ്‌ത് അധ്യാപക സംഘടന പ്രതിനിധികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്‌ചത്തേക്ക് മാറ്റി. ഇതോടെ അടുത്ത രണ്ട് ശനിയാഴ്‌ചയും സ്‌കൂളുകള്‍ പ്രവൃത്തിക്കുമെന്ന് ഉറപ്പായി.
വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് പ്രവൃത്തി ദിനം കുറയ്‌ക്കാനുള്ള തീരുമാനമുണ്ടാകില്ല. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്‌ടിഎയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍ പ്രവൃത്തി ദിവസം കൂട്ടിയത് സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണോ എന്ന് ആരാഞ്ഞു.
തീരുമാനമെടുത്തത് സര്‍ക്കാര്‍ ഏകപക്ഷീയമായി:വിഷയത്തില്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ആഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു. പ്രയോഗിക പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത ആരാഞ്ഞുകൊണ്ടാണ് കോടതി സര്‍ക്കാരിന്‍റെ ഭാഗം അറിയിക്കാന്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തെ 205ല്‍ നിന്നാണ് സ്‌കൂൾ പ്രവൃത്തി ദിവസം 220 ആക്കിയത്. അധ്യാപകരുടേയും രക്ഷിതാക്കളുടേയും അഭിപ്രായം ആരായാതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
പരീക്ഷ ദിനങ്ങള്‍ ഒഴിച്ചാല്‍ ഹൈസ്‌കൂളുകള്‍ക്ക് 220 പ്രവൃത്തി ദിനവും ഹയര്‍ സെക്കണ്ടറിക്ക് 195 പ്രവൃത്തി ദിനവുമാണ് പുതിയ സ്‌കൂള്‍ കലണ്ടര്‍ നിര്‍ദേശിക്കുന്നത്. കേരള വിദ്യാഭ്യാസ ചട്ടം (Kerala Education Rules-KER) അനുസരിച്ച് അധ്യയന വര്‍ഷം തുടങ്ങുന്നതിന് 10 ദിവസം മുമ്പെങ്കിലും അക്കാദമിക് കലണ്ടര്‍ പുറത്തിറക്കണം. എന്നാല്‍ ഇത്തവണ സ്‌കൂള്‍ തുറന്ന ജൂണ്‍ 3ന് മാത്രമാണ് അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അധ്യാപക സംഘടനകള്‍ പറയുന്നത്:രണ്ടാം ശനിയാഴ്‌ചകളും അവധിക്കാലത്തെ ശനിയാഴ്‌ചകളും ഒഴികെയുള്ള എല്ലാ ശനിയാഴ്‌ചകളും ഇപ്പോള്‍ പുതിയ അക്കാദമിക് കലണ്ടര്‍ പ്രകാരം പ്രവൃത്തി ദിനമാണ്. അതേസമയം സ്‌കൂള്‍ പ്രവൃത്തി ദിവസം 220 ആക്കിയതിന് ഒരു ന്യായീകരണവുമില്ലെന്നായിരുന്നു അധ്യാപക സംഘടനകളുടെ വാദം. ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം ഒരേസമയം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസമുണ്ടാക്കുന്നതും പഠന നിലവാരത്തെത്തന്നെ ബാധിക്കാനിടയുള്ളതുമാണെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു.
എന്‍എസ്എസ്, എസ്‌പിസി (Student police cadets) എന്‍സിസി, സ്‌കൗട്ട് എന്നിവയടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശനിയാഴ്‌ചകളിലാണ്. ഈ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിപ്പോരുന്നുമുണ്ട്. കൂടാതെ വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതും ശനിയാഴ്‌ചകളിലാണ്.
വിദ്യാര്‍ഥികള്‍ പഠിച്ച ഭാഗങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കാനും അധ്യാപകര്‍ക്ക് അടുത്തയാഴ്‌ചത്തേക്കുള്ള പാഠ ഭാഗങ്ങള്‍ ആസൂത്രണം ചെയ്യാനുമുള്ള സമയമാണ് ശനിയാഴ്‌ചയെന്നും കൂടിയാലോചന കൂടാതെ ഏകപക്ഷീയമായാണ് ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമാക്കാന്‍ തീരുമാനമെടുത്തതെന്നും അധ്യാപക സംഘടനകള്‍ പറയുന്നു. 220 പ്രവൃത്തി ദിനങ്ങളുള്ള ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമായ പുതിയ അക്കാദമിക് കലണ്ടര്‍ റദ്ദാക്കണമെന്ന കാര്യത്തില്‍ സിപിഎം അധ്യാപക സംഘടന കെഎസ്‌ടിഎ, സിപിഐയുടെ എകെഎസ്‌ടിയു, കോണ്‍ഗ്രസ് സംഘടന കെപിഎസ്‌ടിഎ എന്നിവയ്‌ക്കും ഏകാഭിപ്രായമാണ്.
എതിർപ്പറിയിച്ച് ഭരണാനുകൂല സംഘടനകളും: ഈ അധ്യയന വർഷത്തേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടറില്‍ 220 അധ്യയന ദിനം തികയ്‌ക്കാന്‍ 25 ശനിയാഴ്‌ചകളാണ് പ്രവൃത്തി ദിനമാക്കിയത്. ഇതിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കെഎസ്‌ടിഎ ഉൾപ്പടെയുള്ള ഭരണാനുകൂല സംഘടനകൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി.
കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്‌ചകളാണ് പുതിയ കലണ്ടറിൽ പ്രവർത്തി ദിനമായി ഉൾപ്പെടുത്തിയത്. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അധ്യയന വര്‍ഷവും അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചശേഷം എതിര്‍പ്പിനെത്തുടര്‍ന്ന് ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമാക്കിയത് വിദ്യാഭ്യാസ വകുപ്പ് പുനഃപരിശോധിച്ചിരുന്നു. കഴിഞ്ഞ തവണ അക്കാദമിക് കലണ്ടർ പ്രകാരം 210 പ്രവൃത്തി ദിനങ്ങൾ പ്രഖ്യാപിച്ചത് അധ്യാപക സംഘടനകളുടെ എതിര്‍പ്പിന് വഴങ്ങി 205 ആക്കുകയായിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം: ഇത്തവണത്തെ അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ മാസത്തില്‍ മൂന്നും ജൂലൈ മാസത്തില്‍ രണ്ടും ഓഗസ്റ്റിൽ മൂന്നും സെപ്റ്റംബറിലും ഒക്‌ടോബറിലും രണ്ട് വീതവും നവംബറില്‍ നാലും ഡിസംബറില്‍ ഒന്നും ജനുവരിയില്‍ രണ്ടും ഫെബ്രുവരിയില്‍ മൂന്നും മാര്‍ച്ചില്‍ മൂന്നും ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമാക്കി. ജൂണ്‍ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ 7, 28, ഒക്‌ടോബർ 5, 26, നവംബർ 2, 16, 23, 30, ഡിസംബർ 7, ജനുവരി 4, 25, ഫെബ്രുവരി 1, 15, 22, മാർച്ച് 1, 15, 22 ശനിയാഴ്‌ചകളിലാണ് അവധി ഒഴിവാക്കിയത്. 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്.
അധ്യാപക സംഘടനകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നപ്പോള്‍ കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് അധ്യയന വര്‍ഷത്തില്‍ 220 പ്രവൃത്തിദിവസം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും അത് ലംഘിച്ചാല്‍ സര്‍ക്കാരിന് കോടതിയിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി നിലപാടെടുത്തത്. 220 അധ്യയന ദിവസം വേണമെന്ന് കേരള വിദ്യാഭ്യാസ ചട്ടത്തിലുണ്ടെങ്കിലും 2022 വരെ കേരളത്തിലെ സ്‌കൂളുകള്‍ക്ക് 194 അധ്യയന ദിനങ്ങളായിരുന്നു ഉണ്ടായിരുന്നത്.