കോഴിക്കോട്: കേരളത്തിലേക്ക് സ്വകാര്യ സർവകലാശാലകൾ എത്തുമ്പോൾ വിദ്യാഭ്യാസ മേഖലയിൽ അത് എന്ത് മാറ്റം കൊണ്ടുവരും..?. എന്താണ് വിദേശ സർവകലാശാലകൾ സംസ്ഥാനത്തേക്ക് എത്തിയാലുള്ള ഗുണദോഷങ്ങൾ..?. നിബന്ധനകളും ആശങ്കകളും എന്തൊക്കെ..
നിബന്ധനകൾ..
- യു.ജി.സി യുടെ (യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്‌സ് കമ്മീഷൻ) അനുമതി ലഭിച്ചാൽ രാജ്യത്തെവിടെയും സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാം (സർവകലാശാലാ വിദ്യാഭ്യാസം ഏകീകരിക്കൽ, ഗവേഷണ സൗകര്യങ്ങൾ, മൂല്യനിർണ്ണയം, അധ്യാപനം എന്നിവയുടെ പരിശോധന നടത്തി ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകി മെച്ചപ്പെടുത്തൽ, അടിസ്ഥാന വിദ്യാഭ്യാസ നിലവാരത്തിൽ അനിവാര്യമായ നിയമ നിർമ്മാണം നടത്തുക, വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കുക, ആവശ്യമായ ധനസഹായം നൽകുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക തുടങ്ങിയതാണ് യു.ജി.സിയുടെ മുഖ്യ ലക്ഷ്യങ്ങൾ.)
- ഒരു സ്വകാര്യ സർവകാലശാല അനുമതി ആവശ്യപ്പെടുമ്പോൾ 25 കോടി രൂപ കോർപ്പസ് ഫണ്ടായി ട്രഷറിയിൽ നിക്ഷേപിക്കണം.
- ചാൻസലർ, പ്രൊ. ചാൻസലർ, വൈസ് ചാൻസലർ, അധ്യാപക നിയമനങ്ങളെല്ലാം സർവകലാശാലക്ക് നടത്താം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഗവേണിങ് കൗൺസിലിൽ ഉണ്ടാവണം.
- ഫീസിൽ സർക്കാർ നിയന്ത്രണമില്ല. എന്നാൽ കേരളത്തിലെ വിദ്യാർഥികൾക്ക് 40% സംവരണവും പിന്നോക്ക സംവരണവും ഉണ്ടാകും.
നേട്ടങ്ങൾ..
- ഗുണനിലവാരവും ജോലിസാധ്യതയുമുള്ള ഒട്ടേറെ കോഴ്‌സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കും.
- മെഡിക്കൽ, എൻജിനീയറിങ്, അഗ്രികൾച്ചറൽ ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകൾക്ക് അനുമതി നൽകുന്നതോടെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റത്തിന് കാരണമാകും.
- ബിരുദവും ബിരുദാനന്തര ബിരുദവും അടക്കമുള്ള പരമ്പരാഗത കോഴ്‌സുകളിൽ നിന്ന് മാറി പ്രവർത്തനപരമായ നൈപുണ്യവും വൈദഗ്‌ധ്യവുമുള്ള ഒരു വ്യക്തിയെ വാർത്തെടുക്കാം.
- അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ തേടി മലയാളികൾ നാടുവിടുന്ന പ്രവണതക്ക് വലിയ മാറ്റം വരും.
- കോളജുകൾ, റസിഡൻഷ്യൽ ക്യാമ്പസ്, ഷോപ്പിങ് മാളുകൾ, സെമിനാറിനുള്ള വേദികൾ എന്നിവയുൾപ്പെടെ ഭാവിയിൽ ടൗൺഷിപ്പായി സ്വകാര്യ സർവകലാശാലകൾ മാറും.
ആശങ്കകൾ..
- സംസ്ഥാനത്തെ സർവകലാശാലകളുടെ നിലനിൽപ്പിന് ഭീഷണിയാകുമോ..? സ്വാശ്രയ കോളജുകളേയും ബാധിക്കുമോ.. ?
- വിദഗ്‌ധരായ അധ്യാപകരെ സ്വകാര്യ സർവകലാശാലകൾ റാഞ്ചിയാൽ സംസ്ഥാനത്തെ സർവകലാശാലകളിലെ പഠന നിലവാരം കുറയുമോ..?
- നല്ല രീതിയിൽ പോകുന്ന സർക്കാർ കോഴ്‌സുകൾക്കും ആളില്ലാത്ത അവസ്ഥ വരുമോ..?