ന്യുഡല്‍ഹി:രാജ്യത്തിന്‍റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ലോകസഭയില്‍ വച്ചു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ധവളപത്രത്തിൽ മോദി സർക്കാരിന്‍റെ കാലത്ത് സ്വീകരിച്ച നടപടികളും വിശദീകരിക്കുന്നു(Minister Nirmala Seetharaman Presents White Paper on Indian Economy Now In Lok Sabha). 59 പേജുള്ളതാണ് ധവള പത്രം.
ധവളപത്രം പുറത്തിറക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. യുപിഎ സര്‍ക്കാരിന്‍റെ നയങ്ങളെ അക്കമിട്ട് ധവളപത്രത്തില്‍ ധനമന്ത്രി വിമര്‍ശിക്കുന്നുണ്ട്. യുപിഎ ഭരണകാലത്ത് സാമ്പത്തിക കെടുകാര്യസ്ഥതയെന്നും എൻ ഡി എ അധികാരമേൽക്കുമ്പോൾ സാമ്പത്തിക സ്ഥിതി മോശമായിരുന്നെന്നും ധവളപത്രത്തിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍ അടിവരയിടുന്നുണ്ട്.
2014 ല്‍ നരേന്ദ്ര മോദി അധികാരമേല്‍ക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്ന നിലയിലായിരുന്നു. കഴിഞ്ഞ ഒരു ദശാബ്‌ദം കൊണ്ട് സമ്പദ് വ്യവസ്ഥയെ നേരായ ദിശയിലെത്തിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. തകര്‍ന്ന 5 സമ്പദ് വ്യവസ്ഥകളില്‍ ഒന്നായിരുന്നു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, ഇന്ന് മികവുറ്റ 5 സമ്പദ് വ്യവസ്ഥകളിലൊന്നായി മാറി. 2014 ല്‍ ലോകത്തിന് തന്നെ പ്രത്യാശ നഷ്ടമായിരുന്നു. ഇന്ന് ഇന്ത്യ പ്രതീക്ഷയുടെയും പ്രചോദനത്തിന്‍റെയും ഇടമാണെന്നും ധവളപത്രം പറയുന്നു
2ജി സ്പെക്ട്രം അഴിമതിക്ക് പുറമെ ആധാര്‍ സംവിധാനം കുത്തഴിഞ്ഞ രീതിയിലായിരുന്നു, കൂടാതെ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വിദേശ നാണയ വിനിമയത്തില്‍ ഇന്ത്യ പ്രതിസന്ധി നേരിട്ടിരുന്നുവെന്നും നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ധവളപത്രത്തില്‍ പറയുന്നു.