ന്യൂഡൽഹി:പതിനെട്ടാം ലോക സഭയുടെ രണ്ടാം സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ കേന്ദ്ര ധന മന്ത്രിനിർമല സീതാരാമൻ 2023-24 സാമ്പത്തിക സർവേ ലോക്‌സഭയിൽ അവതരിപ്പിച്ചു.രാജ്യത്തിന്‍റെ ധനകാര്യ സ്ഥിതിയും വിവിധ മേഖലകളിലെ വളര്‍ച്ചയും സൂചിപ്പിക്കുന്ന പഠനങ്ങളടങ്ങിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഭാരതത്തിന്‍റെ സാമ്പത്തിക ആസൂത്രണത്തില്‍ പരമ പ്രധാനമായ രേഖയാണ്.
സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ആരാണ് തയാറാക്കുന്നത്:
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍റെ മേൽനോട്ടത്തിൽ ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിന്‍റെ സാമ്പത്തിക വിഭാഗമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.തൊഴിൽ, ജിഡിപി വളർച്ച, പണപ്പെരുപ്പം, ബജറ്റ് കമ്മി എന്നിവയെക്കുറിച്ചുള്ള വിവരമുള്‍പ്പെടെ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും വിശകലനങ്ങളും നൽകുന്നതാണ് സർവേ . 2023-24 സാമ്പത്തിക സർവേ രാജ്യം ഇപ്പോൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ കുറിച്ച് പരിശോധിച്ച് മുന്നോട്ടുള്ള നയരൂപീകരണത്തിന് സഹായിക്കുന്ന പഠന റിപ്പോര്‍ട്ടാണിത്. സര്‍വേ മുൻ വർഷത്തെ സാമ്പത്തിക വിശകലനം നടത്തി രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ ഒരു സൂചന കൂടി സാമ്പത്തിക സര്‍വേ നല്‍കും.
സാമ്പത്തിക സർവേയുടെ പങ്ക്
കൃഷി, വ്യാവസായിക ഉൽപ്പാദനം, കയറ്റുമതി, ഇറക്കുമതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളിലെ വിവിധ പ്രവണതകൾ പരിശോധിക്കുന്നതിൽ സർവേ നിർണായക പങ്ക് വഹിക്കുന്നു. ബജറ്റിനെ സാരമായി ബാധിക്കാൻ സാധ്യതയുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള ഉൾക്കാഴ്‌ചകളും റിപ്പോര്‍ട്ട് പറയുന്നു. 1950-51 കാലഘട്ടത്തിലാണ് പാർലമെന്‍റിൽ ആദ്യമായി സാമ്പത്തിക സർവേ അവതരിപ്പിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക നയം രൂപീകരിക്കുന്നതില്‍ വലിയ പങ്കാണ് സര്‍വേ വഹിക്കുന്നത്.
സർവേയുടെ പ്രാധാന്യം
സാമ്പത്തിക സർവേ നയരൂപകർത്താക്കൾക്ക് മൂല്യവത്തായ ഉൾക്കാഴ്ചകളും ശുപാർശകളും നൽകും. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പക്ഷപാതമില്ലാതെ വിശകലനം നല്‍കും. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും നയനിർമ്മാതാക്കൾ മുതൽ പൊതുജനങ്ങൾക്ക് വരെ വിവരം നല്‍കും. ഇന്ത്യൻ സാമ്പത്തിക നയവും പ്രകടനവും പഠിക്കുന്ന ഗവേഷകർ, വിശകലന വിദഗ്ധർ എന്നിവർക്ക് വിലപ്പെട്ടതാണ് സാമ്പത്തിക സർവേ.
മുൻവർഷത്തെ സാമ്പത്തിക സർവേ
ആഗോള സാമ്പത്തിക ആഘാതം മുൻകാലങ്ങളിൽ ഗുരുതരമായിരുന്നുവെങ്കിലും സമയോചിതമായ ഇടപെടലിലൂടെ രാജ്യം പടിച്ചു നിന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരൻ പറഞ്ഞു. 2020 മുതൽ ആഗോള സമ്പദ്‌വ്യവസ്ഥ കുറഞ്ഞത് മൂന്ന് ആഘാതങ്ങളെങ്കിലും നേരിട്ടിട്ടുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കോവിഡ് മഹാമാരിക്ക് ശേഷവും മുന്നോട്ട് തന്നെ നീങ്ങി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 2022 സാമ്പത്തിക വർഷത്തിൽ പൂർണ്ണമായ വീണ്ടെടുക്കൽ നടത്തുകയും 2023 സാമ്പത്തിക വർഷത്തിൽ കോവിഡിന് മുമ്പുള്ള വളർച്ചാ നിരക്കിലേക്ക് ഉയരാനും കഴിഞ്ഞു.
എന്താണ് ജിഡിപി വളർച്ച?
ഒരു രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ നാഡി മിടിപ്പറിയാനുള്ള ഉപാധിയാണ് ജിഡിപി വളർച്ചാ നിരക്ക്. സമ്പദ്‌വ്യവസ്ഥ ഒരു വർഷത്തിലോ പാദത്തിലോ എത്ര വേഗത്തിലാണ് വികസിക്കുന്നുവെന്ന് ജിഡിപി പറയുന്നു.വളര്‍ച്ച മന്ദഗതിയിലാണെങ്കില്‍ അതും ജിഡിപിയില്‍ തെളിയും. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തെ സൂചിപ്പിക്കുന്ന ജിഡിപി രാജ്യത്തിന്‍റെ അതിർത്തിക്കുള്ളിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തം വിപണി മൂല്യം അളക്കുന്നു. സാമ്പത്തിക വിദഗ്ധർ ജിഡിപി വളർച്ചാ നിരക്ക് കണക്കാക്കുന്നത് ഒരു കാലയളവിലെ ജിഡിപിയെ മുൻ കാലയളവിലെ ജിഡിപിയുമായി താരതമ്യം ചെയ്താണ്.
ജിഡിപി വളർച്ചാ നിരക്ക് പോസിറ്റീവ് ആയിരിക്കുമ്പോൾ സമ്പദ്‌വ്യവസ്ഥ വളരുകയാണെന്ന് അർത്ഥമാക്കുന്നു. ഇത് നെഗറ്റീവ് ആണെങ്കിൽ, സമ്പദ്‌വ്യവസ്ഥ തളര്‍ച്ചയിലാണെന്ന് പറയും.
Also Read:കേന്ദ്ര ബജറ്റ് 2024: എന്താണ് ധനകാര്യ ബിൽ? രാഷ്‌ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ? അറിയേണ്ടതെല്ലാം - What Is Finance Bill