വര്‍ത്തമാന കാലത്ത് ഇന്ത്യയില്‍ പെരുകി വരുന്ന കുറ്റകൃത്യമാണ് നിക്ഷേപ തട്ടിപ്പ്. ഒരു രൂപ ഒരു ലക്ഷമാക്കി മാറ്റി തരാം എന്നത് പോലുള്ള വന്‍ വ്യാജ വാഗ്‌ദാനമാണ് പലപ്പോഴും തട്ടിപ്പുകാര്‍ നല്‍കുന്നത്. ഇതൊരു തന്ത്രമാണ്. സൈബർ കുറ്റവാളികൾ ഇതേ തന്ത്രം സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ അവതരിപ്പിച്ച് ആളുകളെ പറ്റിക്കുന്നു. അവർ ആളുകളെ കബളിപ്പിച്ച് അവരുടെ പണം കൈക്കലാക്കിയ ശേഷം അപ്രത്യക്ഷമാകും. ഈ തട്ടിപ്പുകളുടെ തോത് ഇപ്പോൾ വന്‍തോതില്‍ വർദ്ധിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങളിൽ മുൻനിരയിലുള്ളവരാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിന് വ്യത്യസ്‌ത തലങ്ങളുമുണ്ട്.
ചില ഉദാഹരണങ്ങള്‍ :
- 1) വെബ്സൈറ്റ് അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകൾ
ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പ്രധാന ടൂളാണ് വ്യാജ വെബ്‌സൈറ്റുകൾ. ഇരകളെ വലവീശി പിടിക്കാൻ അവർ വ്യാജ ഇടപാടുകൾ മുന്നിലേക്ക് വെക്കും.
ഉദാഹരണത്തിന്, ഇന്‍റര്‍നെറ്റ് ബ്രൗസ് ചെയ്യുന്നതിനിടെയാകും നിങ്ങള്‍ക്ക് ഒരു പോപ്പ്-അപ്പ് മെസേജ് വരിക. പ്രശസ്‌ത കമ്പനിയുടെ വിലകൂടിയ ഫോണ്‍ നിങ്ങള്‍ക്ക് വലിയ ഓഫറില്‍ തരാം എന്നാകും വാഗ്‌ദാനം. വളരെ കുറഞ്ഞ വിലയായിരിക്കും നിങ്ങള്‍ ഫോണിന് കാണുക. നിങ്ങളെ ഒന്ന് കൂടി വിശ്വസിപ്പിക്കാന്‍, ഇത് ഒരു ക്ലിയറൻസ് വിൽപ്പനയാണെന്നും നിങ്ങൾ മൊത്തമായി വാങ്ങുകയാണെങ്കിൽ ഇതിലും വില കുറയുമെന്ന് കൂടി തട്ടിവിടും. ഇതേ പ്രോഡക്‌ട് വാങ്ങി സന്തുഷ്‌ടരായ ഉപഭോക്താക്കളുടെ ചിത്രങ്ങളും വീഡിയോകളും കമന്‍റുകളും ഒരുപക്ഷേ നിങ്ങള്‍ക്ക് കാണാനാകും. പ്രലോഭനങ്ങളില്‍ മയങ്ങി നിങ്ങള്‍ പണം നൽകുന്നു. കഥ കഴിയുന്നു...
ഹൈദരാബാദിലെ ഒരു വൻകിട സോഫ്‌റ്റ്‌വെയർ കമ്പനിയിലെ എക്‌സിക്യുട്ടീവ് ഇത്തരത്തില്‍ ഒരു ചതിയില്‍ വീണു. ജീവനക്കാർക്ക് റിവാര്‍ഡ് ആയി ഫോണുകള്‍ നല്‍കാമെന്ന് കരുതി ഓര്‍ഡര്‍ ചെയ്‌ത ഇദ്ദേഹത്തിന് നഷ്‌ടമായത് 20 ലക്ഷം രൂപയാണ്.
- 2) ഫോറെക്‌സ്
ഫോറെക്‌സ് (ഫോറിൻ എക്‌സ്ചേഞ്ച്) ട്രേഡിങ് തട്ടിപ്പുകൾക്കായി ആളുകളെ ടാർഗെറ്റ് ചെയ്യാൻ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ടെക്‌നിക്ക് ആണ് വോയ്‌സ് ഓവർ ഇന്‍റർനെറ്റ് പ്രോട്ടോക്കോൾ (VOIP) കോളുകൾ. ഫോറെക്‌സ് ട്രേഡിങ് കമ്പനികളുടെ പ്രതിനിധികളെന്ന വ്യാജേനയായിരിക്കും അവർ നിങ്ങള്‍ക്ക് മുന്നില്‍ അവതരിക്കുക. നിങ്ങൾ നിക്ഷേപം നടത്തിയാല്‍ വലിയ ലാഭം ഉണ്ടാകുമെന്ന് വാഗ്‌ദാനം ചെയ്യും. അന്താരാഷ്‌ട്ര ഇടപാടുകള്‍ വർദ്ധിച്ചതോടെ കറൻസി വിനിമയത്തിന് ഉയർന്ന ഡിമാൻഡുണ്ടെന്ന് അവർ വെച്ചുകാച്ചും. അതായത് കനത്ത കമ്മീഷനുകളില്ലാതെ വലിയ ലാഭം.
നിക്ഷേപം ശേഖരിക്കുന്നതിനായി ഇവർ വ്യാജ വെബ്സൈറ്റുകളും ബാങ്ക് അക്കൗണ്ടുകളും കാണിക്കും. ഇരയുടെ വിശ്വാസം പിടിച്ചുപറ്റാന്‍ തുടക്കത്തിൽ ചില കമ്മീഷനുകൾ പോലും നൽകും. ഇതില്‍ മയങ്ങുന്നവര്‍ കൂടുതൽ നിക്ഷേപം നടത്തും. എന്നാൽ തട്ടിപ്പുകാര്‍ക്ക് ആവശ്യത്തിന് പണം ലഭിച്ച് കഴിഞ്ഞാൽ, അവർ അപ്രത്യക്ഷരാകും. ഗച്ചിബൗളിയിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ഇത്തരമൊരു തട്ടിപ്പില്‍ 73 ലക്ഷം നഷ്‌ടമായി.
- 3) ഫ്രാഞ്ചൈസി
പല കമ്പനികളും ഇപ്പോൾ ഫ്രാഞ്ചൈസികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതായത് അവരുടെ വിജയകരമായ ബിസിനസിന്‍റെ പുതിയ ശാഖകൾ തുറക്കാൻ അവർ നിങ്ങളെ അനുവദിക്കും. തട്ടിപ്പുകാർ ഈ സാധ്യത വ്യാപകമായി മുതലെടുക്കുന്നുണ്ട്. അറിയപ്പെടുന്ന കമ്പനികളുടെ പ്രതിനിധികളായി അവർ നിങ്ങള്‍ക്ക് മുന്നില്‍ വരും. നിങ്ങൾ താത്പര്യം കാണിച്ചാല്‍, ഫ്രാഞ്ചൈസി നൽകാനായി ബന്ധപ്പെടും.
നിയമപരമായ രേഖകൾ എന്ന് തോന്നിക്കുന്ന ചില രേഖകള്‍ അവര്‍ നിങ്ങള്‍ക്ക് മുന്നില്‍ നിരത്തും. എന്നാൽ നിങ്ങൾ പണം അടക്കുന്നതോടെ തട്ടിപ്പുകാര്‍ അപ്രത്യക്ഷമാകും. ഹൈദരാബാദിലെ ഒരാൾക്ക് ഇത്തരത്തില്‍ കെഎഫ്‌സി ഫ്രാഞ്ചൈസി വാഗ്‌ദാനം ചെയ്‌ത് തട്ടിയത് 26.27 ലക്ഷം രൂപയാണ്. മറ്റൊരാൾക്ക് 10000 രൂപ നഷ്‌ടപ്പെട്ടു. ഗ്യാസ് ഡീലർഷിപ്പ് കിട്ടുമെന്ന് പ്രതീക്ഷിച്ച് 45 ലക്ഷം നഷ്‌ടപ്പെടുത്തിയ കേസുമുണ്ട്.
- 4) പാർട്ട് ടൈം ജോലി
വ്യാജ പാർട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പുകളും ഒട്ടും കുറവല്ല. പ്രശസ്‌തമായ കമ്പനികളുടേതെന്ന് അവകാശപ്പെട്ടാണ് സോഷ്യൽ മീഡിയയിൽ ജോലികൾ പരസ്യപ്പെടുത്തുക. തൊഴിലന്വേഷകർക്ക് ഇവർ വ്യാജ നിയമന കത്തുകൾ പോലും അയക്കുന്നുണ്ട്. ലൈക്ക് ചെയ്‌തും റിവ്യൂ എഴുതിയും പണം സമ്പാദിക്കാമെന്നാണ് തട്ടിപ്പുകാരുടെ പ്രധാന വാഗ്‌ദാനം. ഗൂഗിൾ മാപില്‍ ബിസിനസുകൾക്കായി റിവ്യൂ എഴുതിയാല്‍ പേയ്‌മെന്‍റ് തരാം എന്നൊക്കെയുള്ള വാഗ്‌ദാനങ്ങള്‍ തന്നേക്കാം. പക്ഷേ ഇതെല്ലാം തട്ടിപ്പാണെന്ന് ഓര്‍ക്കുക. ഒരു സർക്കാർ ജീവനക്കാരന് ഇത്തരത്തില്‍ 84.9 ലക്ഷമാണ് നഷ്‌ടപ്പെട്ടത്.
- 5) സ്‌റ്റോക്ക് എക്‌സ്ചേഞ്ച്
ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് ഇന്നത്തെ കാലത്ത് സാധാരണമാണ്. എന്നാൽ തട്ടിപ്പുകാർ ഇത് മുതലെടുക്കുന്നു. ഏത് കമ്പനിയുടെ ഓഹരികളാണ് ഉയരാന്‍ പോകുന്നതെന്ന് പ്രവചിക്കാൻ കഴിയുമെന്ന് പറഞ്ഞായിരിക്കും ഇവര്‍ നിങ്ങളുടെ മുന്നിലേക്ക് വരിക. സ്‌റ്റോക്ക് ബ്രോക്കർമാരായി ഓൺലൈനിൽ പരസ്യവും കണ്ടേക്കാം. രാവിലെ നിക്ഷേപിച്ചാൽ വൈകുന്നേരത്തോടെ നിങ്ങൾക്ക് വരുമാനം ലഭിക്കുമെന്ന വാഗ്‌ദാനങ്ങളും ഇവര്‍ നല്‍കും. നിങ്ങളെ ഒന്നു കൂടി വിശ്വസിപ്പിക്കാൻ നിങ്ങളുടെ അക്കൗണ്ടിൽ കൃത്രിമമായുണ്ടാക്കിയ ലാഭം പോലും ഇവര്‍ ഉണ്ടാക്കി കാണിക്കും.
വരാനിരിക്കുന്ന ഐപിഒകളെ കുറിച്ചുള്ള രഹസ്യ വിവരങ്ങളും അവർ നിങ്ങള്‍ക്ക് മുന്നില്‍ വെക്കും. അവരുടെ ആപ്പ് ഉപയോഗിക്കാൻ നിങ്ങളുടെ പേരും അക്കൗണ്ട് വിശദാംശങ്ങളും ആവശ്യപ്പെടും. ഒരു വലിയ തുക നിക്ഷേപിച്ചു കഴിഞ്ഞാൽ, ആപ്പില്‍ വലിയ ലാഭം കാണിക്കും. എന്നാൽ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ സംഗതി കുഴയും. നിങ്ങൾ തയാറല്ലെങ്കില്‍ കൂടി കൂടുതൽ തുക നിക്ഷേപിക്കേണ്ടി വരും. ഇത്തരത്തില്‍ ഹൈദരാബാദിൽ ഒരാളിൽ നിന്ന് തട്ടിയത് 36 ലക്ഷം രൂപയാണ്.
- 6) ക്രിപ്‌റ്റോ കറൻസി
ക്രിപ്‌റ്റോകറൻസി ഇപ്പോഴത്തെ ട്രെന്‍ഡിങ് തട്ടിപ്പ് രീതിയാണ്. വലിയ ലാഭം വാഗ്‌ദാനം ചെയ്‌ത് വാട്ട്‌സ്ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും തട്ടിപ്പുകാര്‍ ആളുകളെ ബന്ധപ്പെടുന്നു. നിക്ഷേപിച്ചു കഴിഞ്ഞാല്‍ കോടികള്‍ കൊയ്യാം എന്നൊക്കെയാവും വാഗ്‌ദാനം. എന്നാൽ ഒരിക്കൽ നിക്ഷേപിച്ചാൽ പണം പിൻവലിക്കാൻ കഴിയില്ല. ഇതിലും വലിയ വരുമാനം ലഭിക്കുമെന്ന് പറഞ്ഞ് കൂടുതൽ നിക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. ഹൈദരാബാദിലെ കപ്ര പ്രദേശത്തെ ഒരു ഐടി ജീവനക്കാരന് ക്രിപ്‌റ്റോ തട്ടിപ്പില്‍ നഷ്‌ടമായത് 78 ലക്ഷം രൂപയാണ്.
- 7) പോൻസി
പോന്‍സി സ്‌കാം പലപ്പോഴും ആരംഭിക്കുക ഒരു വാട്ട്‌സ്ആപ്പ് കോളിലാണ്. സ്‌റ്റോക്ക് ബ്രോക്കിങ് കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞായിരിക്കും കോള്‍ വരിക. നിങ്ങൾ ചേരുകയും മറ്റുള്ളവരെ റിക്രൂട്ട് ചെയ്യുകയും ചെയ്‌താൽ വലിയ കമ്മീഷനുകൾ നല്‍കാമെന്ന് പറയും. ആദ്യം ചേരുന്നവർക്ക് വലിയ പ്രതിഫലം ലഭിക്കും എന്നതിനാല്‍ കൂടുതൽ ആളുകള്‍ വലിയില്‍ വീഴും. വലിയ തുക കൈക്കലാക്കുന്നത് വരെ ഈ സൈക്കിള്‍ തുടരും. തുടർന്ന് അവര്‍ അപ്രത്യക്ഷമാകും. പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിന് അനുസരിച്ച് ആദ്യ കാല നിക്ഷേപകർക്ക് റിട്ടേൺ നൽകുന്ന സ്‌കീമാണിത്. എന്നാൽ ആത്യന്തികമായി ഇത് സുസ്ഥിരമല്ല. കൂടുതൽ റിക്രൂട്ട്‌മെന്‍റുകള്‍ ഇല്ലാതെ വന്നാല്‍ പദ്ധതി സ്വാഭാവികമായും തകരും.
ഇത്തരം തട്ടിപ്പില്‍ ആകെ രജിസ്‌റ്റര്‍ ചെയ്‌ത കേസുകൾ : 20,500
മൊത്തം നഷ്‌ടമായ തുക : 582.3 കോടി
ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്?
അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് സിഐഡി ശിഖ ഗോയൽ, വിഷയത്തില്‍ ഇടിവി ഭാരതിനോട് സംസാരിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാലത്ത് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ട്രെൻഡായ കുറ്റകൃത്യം നിക്ഷേപ തട്ടിപ്പാണെന്ന് ശിഖ ഗോയല്‍ പറയുന്നു.
'സ്‌റ്റോക്കുകൾ, ഐപിഒ എന്നിങ്ങനെയുള്ള നിക്ഷേപത്തില്‍ ഞങ്ങൾ നിങ്ങളുടെ പണം ഇരട്ടിയാക്കാമെന്ന് പറഞ്ഞു കൊണ്ട് തട്ടിപ്പുകാര്‍ നിങ്ങളെ വശീകരിക്കം. ആദ്യം വാട്ട്‌സ്ആപ്പ് വഴിയാകും ആശയ വിനിമയം. എത്ര നിക്ഷേപിക്കണം, ഏത് ഐപിഒ, എന്താണ് ട്രെൻഡിങ് ഏതിലാണ് കൂടുതൽ പണമുള്ളത്, നിങ്ങൾക്ക് എവിടെ ലാഭം നേടാം എന്നൊക്കെ അവര്‍ പറയും'- ശിഖ ഗോയല്‍ പറയുന്നു.
മോഡസ് ഓപ്പറാൻഡി:
ഇരകളെ ലഭിച്ചു കഴിഞ്ഞാല്‍ ഏജന്‍റുമാര്‍ യഥാർത്ഥ സ്ഥാപനങ്ങളുടെ വ്യാജ വെബ്‌സൈറ്റുകൾ കാണിക്കുകയും ചില പ്രശസ്‌ത കമ്പനികളുടെ ക്ലോൺ ചെയ്‌ത-വ്യാജ വെബ്‌സൈറ്റുകളിൽ അക്കൗണ്ടുകൾ സൃഷ്‌ടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.