'കഷ്ടപ്പെട്ട്, കഷ്ടപ്പെട്ട് ജീവിക്കും മനുഷ്യ'...., 'പണവും പ്രതാപവും നമുക്കെന്തിനാ പുട്ട് ഉണ്ടല്ലോ പുട്ടിൻ പൊടിയുണ്ടല്ലോ'.., 'എല്ലാരും ചൊല്ലണ് നന്നാവൂല ഈ ജന്മം നീ രക്ഷപ്പെടൂല'... കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇതിൽ ഏതെങ്കിലും ഒരു പാട്ടിന്‍റെ വരി മൂളാത്ത മലയാളിയുണ്ടോ എന്ന് സംശയമാണ്. പാട്ടുപാടാൻ കഴിവില്ലെന്ന് ബോധ്യം ഉള്ളവരെ കൊണ്ടുപോലും പാട്ടു പാടിച്ച ചരിത്രമാണ് തകരയ്ക്കുള്ളത്. മാതൃഭൂമിയുടെ എന്‍റര്‍ടെയ്‌മെന്‍റ് നെറ്റ്‌വർക്ക് ആയ കപ്പ ടിവിയിലൂടെയാണ് തകര എന്ന ബാൻഡ് ജനപ്രിയമാകുന്നത്.
മലയാളത്തിലെ പ്രശസ്‌തമായ പല മ്യൂസിക് ബാൻഡുകളും (തൈക്കുടം ബ്രിഡ്‌ജ് അടക്കം) പ്രശസ്‌തിയിലേക്ക് കുതിക്കുന്നത് കപ്പ ടിവി പ്രക്ഷേപണം ചെയ്‌തിരിക്കുന്ന മ്യൂസിക് മോജോ എന്ന പരിപാടിയിലൂടെയാണ്. മ്യൂസിക് മോജോ തകര എന്ന ബാൻഡിന് നൽകിയ മൈലേജ് ചെറുതല്ല.
![THAKARA MUSIC BAND JAMES THAKARA SINGER ജയിംസ് തകര ഗായകന്‍ ലൂപ് ഗാനം തകര ബാന്‍ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/30-12-2024/23209921_th7.jpeg)
ഫോക് വെസ്റ്റേൺ സംഗീത സമന്വയത്തിൽ മലയാളി ഇതുവരെ കേട്ടിട്ടില്ലാത്ത ശൈലിയിൽ ഓരോ വർഷവും ഗാനങ്ങൾ ഹിറ്റായതോടെ തകര എന്ന ബാന്‍ഡും അരുൺ ജെയിംസ് എന്ന ചെറുപ്പക്കാരനും പ്രായഭേദമന്യേ മലയാളികളുടെ ഹരമായി മാറി.
അരുൺ ജെയിംസ് എന്ന പേര് ഒരുപക്ഷേ എല്ലാവർക്കും തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ജെയിംസ് തകര ആ പേരാണ് ആളുകള്‍ക്ക് പരിചയം.
2025 ഓടെ ഇന്ത്യ മുഴുവൻ മ്യൂസിക് കൺസേർട്ടുകൾ അവതരിപ്പിക്കുന്ന വമ്പൻ ബാൻഡ് ആയി ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് തകര. തകര എന്ന ബാന്‍ഡിന്‍റെ അമരക്കാരന്‍ ജെയിംസ് തകര തന്‍റെ സംഗീത വിശേഷങ്ങൾ ഇ ടിവി ഭാരതുമായി പങ്കുവയ്ക്കുന്നു.
ഹിറ്റായ ഗാനങ്ങള്‍
"പുട്ടു പാട്ട്, പ്രവാസി, പൊടി പെണ്ണെ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഒക്കെ തന്നെ തകര ബാൻഡ് വർഷങ്ങൾക്കു മുമ്പ് ചെയ്‌താണെങ്കിലും നിങ്ങൾ ഈ ആർട്ടിക്കിൾ വായിക്കുന്ന സമയത്തും ഈ പാട്ടുകളൊക്കെ ആയിരമോ രണ്ടായിരമോ പേർ കേൾക്കുന്നുണ്ടാകും. അതുതന്നെയാണ് തകരയുടെ വിജയം", ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ജെയിംസ് സംസാരിച്ചു തുടങ്ങിയത്.
"ഇന്‍റര്‍നെറ്റ് റിലീസുകൾക്കൊപ്പം തന്നെ കൺസേർട്ടുകളുടെ രൂപത്തിൽ തകര ബാൻഡ് കഴിഞ്ഞ കുറച്ചു നാളുകളായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട്. തിരുവനന്തപുരം ,എറണാകുളം, കോഴിക്കോട് ചെന്നൈ , ബാംഗ്ലൂർ തുടങ്ങിയ വലിയ നഗരങ്ങളിൽ ഷോകൾ അവതരിപ്പിച്ചു.
നിറഞ്ഞ സദസ്സിൽ വലിയ ആർപ്പുവിളികളോടെയാണ് തകരയുടെ ഓരോ ഷോയും സംഗീതപ്രേമികൾ ഏറ്റെടുക്കുന്നത്", ജയിംസ് പറഞ്ഞു തുടങ്ങി.
ലൂപ് ഗാനം സംഗീത പ്രേമികളിലേക്ക്
"തകരയുടെ സ്വന്തം പ്രൊഡക്ഷനിൽ ഉടൻതന്നെ അഞ്ചു ഗാനങ്ങൾ കൂടി റിലീസ് ചെയ്യും. ഇൻഡി ഗാഗ എന്നൊരു മ്യൂസിക് ഫെസ്റ്റിവൽ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. ആ പരിപാടിയിൽ തകരയുടെ ഒരു ഷോയും അവതരിപ്പിക്കാൻ സാധിച്ചു. ആ ഷോയിലാണ് ഞങ്ങളുടെ ഏറ്റവും പുതിയ ഗാനമായ ലൂപ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
ഗാനം ജനുവരി ആദ്യവാരത്തോടെ ഇന്റർനെറ്റിൽ റിലീസ് ചെയ്യും. നരകവും സ്വർഗ്ഗവും എല്ലാം ഈ ഭൂമിയിൽ തന്നെയാണ്. ജീവിതം അറ്റമില്ലാത്ത ഒരു വൃത്തത്തിനുള്ളിൽ ചുറ്റിക്കറങ്ങുന്നു എന്നിങ്ങനെയുള്ള ആശയങ്ങളാണ് ലൂപ് എന്ന ഗാനം നിങ്ങളോട് സംവദിക്കുക.
![THAKARA MUSIC BAND JAMES THAKARA SINGER ജയിംസ് തകര ഗായകന്‍ ലൂപ് ഗാനം തകര ബാന്‍ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/30-12-2024/23209921_thakara.jpeg)
ഞങ്ങൾ അടുത്തതായി പുറത്തിറക്കാൻ പോകുന്ന ഗാനങ്ങളിൽ ഏറ്റവും പ്രതീക്ഷയുള്ള ഗാനവും ലൂപ്പ് തന്നെയാണ്. തകരയുടെ മറ്റു ഗാനങ്ങൾ സ്വീകരിച്ചത് പോലെ ലൂപ്പിനെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് വിശ്വാസം", ജെയിംസ് പറഞ്ഞു.
അരുൺ ജെയിംസും തകര എന്ന ബാന്‍ഡും
"അരുൺ ജെയിംസ് എന്നാണ് പേരെങ്കിലും എല്ലാവരും എന്നെ ജെയിംസ് എന്നാണ് വിളിക്കാറുള്ളത്. തകര എന്ന ബാൻഡ് ഉത്ഭവിച്ചതോടെ ജെയിംസ് തകരയായി. മലയാളിയെ സംബന്ധിച്ചിടത്തോളം തകര എന്ന വാക്കിന് രണ്ട് അർത്ഥങ്ങളുണ്ട്. ഒന്ന് മഴയത്ത് പറമ്പിലൊക്കെ പൊട്ടിമുളക്കുന്ന ഒരു ചെടി. രണ്ട് ഭരതൻ സംവിധാനം ചെയ്‌ത എക്കാലത്തെ മികച്ച ക്ലാസിക് ചിത്രം", ജയിംസ് പറഞ്ഞു.
![THAKARA MUSIC BAND JAMES THAKARA SINGER ജയിംസ് തകര ഗായകന്‍ ലൂപ് ഗാനം തകര ബാന്‍ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/30-12-2024/23209921_th3.jpeg)
"സംഗീതത്തിന്‍റെ പാരമ്പര്യം ഒന്നുമില്ലാതെ സംഗീതം ഇഷ്‌ടപ്പെട്ട് ഈ മേഖലയിലേക്ക് കടന്നുവന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പാട്ടുകൾക്ക് ഒരു മഴയിൽ പൊട്ടിമുളച്ച തകര എന്ന പേര് നൽകാമെന്നു തോന്നി.
ഭരതന്‍റെ സിനിമയായ തകര പോലെ നമ്മുടെ ബാൻഡ് വർഷങ്ങളോളം ക്ലാസിക് ആയി ഇവിടെ നിലനിൽക്കട്ടെ. തകര എന്ന പേര് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. എ.കെ എന്ന എന്‍റെ സുഹൃത്താണ് തകര എന്ന പേര് ബാൻഡിന് സജസ്‌റ്റ് ചെയ്യുന്നത്.
തകരയ്ക്ക് കേരളത്തിലെ മറ്റൊരു സംഗീത കൂട്ടായ്‌മയുമായും മത്സരമില്ല. ഞങ്ങൾ ഞങ്ങളുടെ വഴിയെയാണ് സഞ്ചരിക്കുന്നത്. ഒരു തമാശയ്ക്ക് തുടങ്ങിയ പ്രോജക്‌ട് ആണ് തകര", ജയിംസ് പറയുന്നു.
സിനിമ മോഹവും ആദ്യ ഗാനവും
"കോട്ടയമാണ് സ്വദേശമെങ്കിലും കണ്ണൂർ തലശ്ശേരിയിലാണ് വളർന്നത്. പഠനം കഴിഞ്ഞതോടെ എന്‍റെ എ.കെ എന്ന സുഹൃത്ത് എറണാകുളത്തേക്ക് വിളിച്ചു. രണ്ടുപേർക്കും സിനിമ തന്നെയാണ് മോഹം. 2011 ഓഗസ്‌റ്റ് മാസത്തിലാണ് എറണാകുളത്ത് എത്തുന്നത്.
കുറച്ചുനാൾ പരിശ്രമിച്ചതോടെ സിനിമ വളരെ എളുപ്പം നടക്കുന്ന പരിപാടിയല്ല എന്ന് ബോധ്യപ്പെട്ടു. എന്ത് ചെയ്യണമെന്ന് അറിയാതെ കൺഫ്യൂഷനായി ഇരിക്കുന്ന സമയത്താണ് മ്യൂസിക്കിൽ ഒരു ഓപ്പണിംഗ് ലഭിക്കുന്നത്.
![THAKARA MUSIC BAND JAMES THAKARA SINGER ജയിംസ് തകര ഗായകന്‍ ലൂപ് ഗാനം തകര ബാന്‍ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/30-12-2024/23209921_th5.jpeg)
വളരെ പെട്ടെന്ന് തന്നെ ലഭിച്ച ആശയങ്ങൾ ആയിരുന്നു ജീവിക്കൂ (J V Q ), പൊടി പെണ്ണെ , പുട്ടു പാട്ട് എന്നിവയൊക്കെ. പൊടി പെണ്ണ് എന്ന പാട്ടാണ് ആദ്യം റിലീസ് ചെയ്യുന്നത്.
ഒരു പാട്ട് റെക്കോർഡ് ചെയ്യാനായി ആദ്യമായി ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ കയറുന്നതും അപ്പോഴാണ്. ഒരു പാട്ട് ഉണ്ടാക്കുന്ന പ്രോസസ് വളരെയധികം ആസ്വദിച്ചു. എന്നാൽ പിന്നെ ഇതുതന്നെയാണ് പ്രൊഫഷൻ എന്ന് തീരുമാനിച്ചു. 2012 ലാണ് ആദ്യ ഗാനം പുറത്തിറങ്ങുന്നത്. 2016 ൽ ആയിരുന്നു സാമ്പത്തികമായ മെച്ചം ഉണ്ടായി തുടങ്ങുന്നത്." ജെയിംസ് തകര വിശദീകരിച്ചു."
എ ആര്‍ റഹ്മാന്‍ എന്ന ഗുരു
"എആർ റഹ്മാനാണ് സംഗീതം എന്ന ആത്മീയതയിലെ ഗുരു. അദ്ദേഹത്തിന്‍റെ പാട്ടുകൾ കേൾക്കുന്നത് ഒരു ട്രാൻസിലേക്ക് എന്നെ പലപ്പോഴും കൊണ്ടുപോയിരുന്നു. പക്ഷേ കേട്ട് ആസ്വദിച്ച ലെജന്‍ഡുകളുടെ സംഗീത ശൈലികൾ ഒന്നും തന്നെ തകരയെ സ്വാധീനിച്ചില്ല. ഞങ്ങളുടെ വഴി മറ്റൊന്നായിരുന്നു.
![THAKARA MUSIC BAND JAMES THAKARA SINGER ജയിംസ് തകര ഗായകന്‍ ലൂപ് ഗാനം തകര ബാന്‍ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/30-12-2024/kl-ekm-01-jamesthakarainterview_28122024133502_2812f_1735373102_50.jpeg)
ക്ലാസിക് ചിത്രമായ 'കുമ്മാട്ടി'യിലെ 'മാനത്തൊരു മയിലാട്ടം' എന്ന ഹിറ്റ് ഗാനത്തിനോട് തകരയുടെ പാട്ടുകൾക്ക് സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. 'കുമ്മാട്ടി' എന്നല്ല ഒരു ഗാനത്തിന്‍റെയും സ്വാധീനം തകരയുടെ പാട്ടുകൾ ഇല്ല. ഫോക്കിന്‍റെ എസന്‍സ് പാട്ടുകളിൽ ഉണ്ട്. എന്നാൽ അങ്ങനെ ഒരു ഹാങ്ങോവർ കേൾവിക്കാരന് തോന്നുകയുമില്ല.
പാട്ടുകൾ കേൾക്കുമ്പോൾ എപ്പോഴും ഫ്രഷ് ആയിരിക്കുന്നു എന്നുള്ള കമന്റുകൾ ആണ് കേൾക്കാറ്. ആദ്യകാലങ്ങളിൽ ഒക്കെ ധാരാളം വിമർശനങ്ങളും തകരയ്ക്ക് ലഭിച്ചിട്ടുണ്ട്.
![THAKARA MUSIC BAND JAMES THAKARA SINGER ജയിംസ് തകര ഗായകന്‍ ലൂപ് ഗാനം തകര ബാന്‍ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/30-12-2024/kl-ekm-01-jamesthakarainterview_28122024133502_2812f_1735373102_51.jpeg)
എന്‍റെ ശബ്‌ദം പാറയിൽ കല്ലുകൊണ്ട് ഉരയ്ക്കുന്നത് പോലെയാണെന്ന് ഇവിടത്തെ ഒരു പ്രമുഖ മാധ്യമം ആർട്ടിക്കിൾ വരെ എഴുതി. വിമർശനങ്ങളെ ജീവിതത്തിന്‍റെ ഊർജ്ജമാക്കി മാറ്റി തകര മുന്നേറി. തകരയിലെ പാട്ടുകളിലൂടെ ഓരോ ആശയങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചതെന്ന് ജെയിംസ് തകര പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തകരയുടെ പുട്ട് പാട്ട്
കൊച്ചുകുട്ടികൾക്ക് വരെ പ്രിയപ്പെട്ട പാട്ടാണ് തകരയുടെ 'പുട്ടു പാട്ട്'. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണം. മലയാളികളുടെ മാത്രമല്ല കേരളത്തിൽ വരുന്നവരുടെയും പ്രിയപ്പെട്ട കേരളീയ വിഭവമാണ് പുട്ട്. 'പുട്ടു പാട്ടിന്‍റെ' ജനനത്തിനു പിന്നിൽ വളരെ രസകരമായ ഒരു കഥയുണ്ട്.
"ജോസഫ് വിജീഷ് എന്നൊരു അടുത്ത സുഹൃത്ത് ആണ് പുട്ടു പാട്ടിന്‍റെ കാരണക്കാരൻ. പുള്ളി ഇപ്പോൾ അവറാച്ചൻ ആൻഡ് സൺസ് (ബിജു മേനോൻ നായകൻ) എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്താണ്. തകരയുടെ തുടക്കകാലത്ത് ഞങ്ങൾ ജിമ്മില്‍ ഇരിക്കുമ്പോൾ ജോസഫ് വിജീഷാണ് ഈ വരികൾ എന്നോട് പറയുന്നത്.
മുൻപൊരിക്കൽ മലയാളത്തിലെ മറ്റൊരു പ്രമുഖ സംഗീത സംവിധായകനോട് ഈ വരികൾ പറഞ്ഞപ്പോൾ അയാൾ ജോസഫ് വിജേഷിനെ സ്റ്റുഡിയോയിൽ നിന്നും പുറത്താക്കി.
പുള്ളി സംഗീത സംവിധായകനോട് പറഞ്ഞ വരികൾ ഇങ്ങനെയായിരുന്നു 'പണവും പ്രതാപവും നമുക്കെന്തിനാ പുട്ട് ഉണ്ടല്ലോ പുട്ടിൻ പൊടി ഉണ്ടല്ലോ..' കേട്ടപ്പോൾ തന്നെ വരികൾ എന്നെ സ്ട്രൈക്ക് ചെയ്‌തു. പുട്ട് പാട്ട് ജനിക്കുന്നു. ഗാനം ബംബർഹിറ്റ്. കൊച്ചു കുട്ടികൾ മുതൽ 100 വയസ്സായവർ വരെ പുട്ടു പാട്ട് പാടി നടന്നു. ആദ്യകാലങ്ങളിൽ എന്‍റെ ശബ്‌ദത്തെ മാത്രമാണ് ചിലർ വിമർശിച്ചത്", ജെയിംസ് പറഞ്ഞു.
ജീവിക്കൂ എന്ന ഗാനം
'പൊടി പെണ്ണ്' എന്ന ആദ്യ ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. അതുകൊണ്ടുതന്നെ തകരയുടേതായി പുറത്തുവരുന്ന ഓരോ ഗാനങ്ങളും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഓരോ പാട്ട് ഇറങ്ങുമ്പോഴും ജനപിന്തുണ കൂടി വന്നു. വെറുപ്പുണ്ടായിരുന്നവർ പോലും പിന്നീട് കയ്യടിച്ചു. ഒപ്പം ചുണ്ടനക്കി",. ജെയിംസ് തകര ഓർമ്മകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
2014ലാണ് ജീവിക്കൂ (J V Q ) പുറത്തിറങ്ങുന്നത്. 'കൂതറ' എന്ന മോഹൻലാൽ അതിഥി വേഷത്തില്‍ എത്തിയ സിനിമയുടെ പ്രമോ സോങ് ആയാണ് ജീവിക്കൂ (J V Q ) ആകുന്നത്. ജീവിക്കുന്ന ഗാനത്തെ സത്യത്തിൽ ഹിറ്റാക്കിയത് ഇവിടുത്തെ ചെറുപ്പക്കാരാണ്. എഞ്ചിനീയറിങ് കോളേജ് പിള്ളേർ ഈ പാട്ടിനെ നെഞ്ചോട് ചേർത്തു. 'എല്ലാരും ചൊല്ലണ് നന്നാവൂല്ല ഈ ജന്മം നീ രക്ഷപ്പെടില്ല' എന്ന വരികൾ പലരും സ്വന്തം ജീവിതത്തിന്‍റെ പ്രതിഫലനമായാണ് കണ്ടത്.
റിലീസ് ചെയ്‌ത് മൂന്നുനാല് വർഷങ്ങൾക്കു ശേഷമാണ് ജീവിക്കൂ(J V Q ) വലിയ തരംഗമായി മാറിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രവാസ ജീവിതം നയിക്കുന്നവരാണ്. ഇന്ത്യയിലുള്ള മറ്റു ജനതയെക്കാൾ പ്രവാസ ജീവിതത്തിന്‍റെ കഷ്‌ടപ്പാടുകൾ മലയാളിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് പ്രവാസി എന്ന ഗാനം രചിക്കാൻ തയ്യാറായത്. 'കഷ്‌ടപ്പെട്ട് കഷ്ടപ്പെട്ട് ജീവിക്കും മനുഷ്യ' എന്ന പാട്ടിലെ ആദ്യ വരി തന്നെ മലയാളികളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ടാകണം.
തകരയുടെ പാട്ടുകളിൽ മലയാളി ജീവിതം കൂടി കാണുന്നു. അടുത്തിടെ പോലും പ്രവാസി എന്ന ഗാനം ഇൻസ്‌റ്റഗ്രാം റീലുകളിൽ ട്രെൻഡ് ആയിരുന്നു. 2016ൽ പുറത്തിറങ്ങിയ ഗാനമാണ് പ്രവാസി എന്ന് ആലോചിക്കണം, കോവിഡ് കാലത്തിനുശേഷം അന്യഭാഷയിൽ ഉള്ളവരും തകരയുടെ പാട്ടുകൾ കേൾക്കാൻ ആരംഭിച്ചു, " തകര പറഞ്ഞു.
ബ്രേക്ക് അപ്പിനുള്ള റിലീഫ് ഗാനം
2025 ൽ ഇന്ത്യ ഒട്ടുക്ക് ബാന്‍ഡിന്‍റെ ഷോ പ്ലാൻ ചെയ്യുന്നുണ്ട്. മലയാളികൾക്ക് പുറമേ അതാത് നാടുകളിലെ സംഗീത പ്രേമികളെയും ലക്ഷ്യമിടുന്നു. തമിഴ് , ഹിന്ദി ഗാനങ്ങൾ ഒരുക്കുന്ന പണിപ്പുരയിലാണ് തകര ഇപ്പോൾ.
"മായും മുൻപേ എന്നൊരു ട്രാക്ക് ഹിന്ദിയിലും തമിഴിലും ഞങ്ങൾ ഒരുക്കി വെച്ചിട്ടുണ്ട്. ഞങ്ങടെ ഷോകളിൽ ഈ പാട്ട് പെർഫോം ചെയ്യുന്നുമുണ്ട്.
മികച്ച ഒരു ബ്രേക്ക് അപ്പ് ഗാനമായാണ് മായും മുൻപേ ഒരുക്കിയിരിക്കുന്നത്. ഒരു ബ്രേക്ക് അപ്പ് ഗാനം എന്നതിലുപരി ബ്രേക്കപ് മൂലം സംഭവിച്ച മാനസിക പ്രശ്‌നങ്ങളിൽ നിന്ന് ഗാനം നിങ്ങളെ റിലീഫ് ചെയ്യും. മായും മുൻപേ സ്പോർട്ടിഫയിലൂടെ നിങ്ങൾക്ക് ആസ്വദിക്കാവുന്നതാണ്",തകര പറഞ്ഞു.
ഇംഗീഷിലും ഗാനം
"ഇംഗ്ലീഷ് ഭാഷയിലും ഗാനങ്ങൾ ഒരുക്കുന്നുണ്ട്. ദ സൺറൈഡ് ഹ്യൂമൻസ് എന്ന ഗാനം മാർച്ചിൽ പുറത്തിറങ്ങും. കൊറോണ സമയത്തെ മൈഗ്രൻ ക്രയിസസ് ഒക്കെയാണ് സൺ റൈഡ് ഹ്യൂമൻസ് എന്ന ഗാനത്തിന്‍റെ ഇതിവൃത്തം. ലോക്ക് ഡൗൺ സമയത്ത് ചെയ്‌ത ഗാനമാണ്. പക്ഷേ ഇപ്പോഴാണ് പുറത്തിറങ്ങാനുള്ള യോഗം." ജെയിംസ് തകര വ്യക്തമാക്കി.
എല്ലാ ഭാഷയിലും ഉള്ള ഗാനങ്ങൾ തകരയെ ഇൻസ്പെയർ ചെയ്‌തിട്ടുണ്ട്. പക്ഷേ മറ്റൊരു ഗാനത്തിന്‍റെ സ്വാധീനം തകരയുടെ പാട്ടുകളിൽ പ്രേക്ഷകർക്ക് ഒരിക്കലും കേൾക്കാനാകില്ല. എന്നാൽ തകരയുടെ പാട്ടുകൾ പിന്നീട് പുറത്തിറങ്ങിയ ഒരുപാട് ഗാനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രശസ്‌ത സംഗീത കൂട്ടായ്‌മയായ മലയാളി മങ്കിസിന്‍റെ ഊ.. കഞ്ഞിയും (s*k and food) പ്രശസ്തമായ ഗാനം തകരയുടെ പുട്ട് പാട്ട് സ്വാധീനിച്ച് സൃഷ്ടിച്ചിട്ടുള്ളതാണ്. ആവേശം സിനിമയിലെ മാതാപിതാക്കളെ മാപ്പ് എന്ന ഗാനം ആലപിച്ച ടീമാണിത് . തിങ്ക് മ്യൂസിക് ഇന്ത്യ പുറത്തിറക്കിയ ഗാനം 30 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിരുന്നു.
![THAKARA MUSIC BAND JAMES THAKARA SINGER ജയിംസ് തകര ഗായകന്‍ ലൂപ് ഗാനം തകര ബാന്‍ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/29-12-2024/kl-ekm-01-jamesthakarainterview_28122024133502_2812f_1735373102_46.jpeg)
എന്‍റെ ജീവിതം ഊ ** കഞ്ഞിയുമായി.. എന്നു തുടങ്ങുന്ന പാട്ടിന്‍റെ അവസാന വരികൾ ഇപ്രകാരമാണ്. 'ഇത് പുട്ട് പാട്ടല്ല' മറ്റൊരു സോങ്ങാണ് . കോപ്പി റൈറ്റ് സ്ട്രൈക്ക് അടിക്കാതെടാ.'.. ഞങ്ങൾ ഒരിക്കലും കോപ്പിറൈറ്റ് സ്ട്രൈക്ക് ഒന്നും അടിക്കാൻ പോകുന്നില്ല. തകരയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നത് എനിക്ക് വളരെയധികം സന്തോഷമുള്ള കാര്യമാണെന്ന് ജയിംസ് വ്യക്തമാക്കി.
'ലവകുശ' എന്ന സിനിമയിലെ "എന്‍റെ കയ്യിൽ ഒന്നുമില്ല ' എന്ന ഗാനം തകരുടേതാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.
"ഞങ്ങടെ പാട്ടുകൾ വലിയ കോംപ്ലിക്കേഷൻസ് ഒന്നുമില്ലാത്ത പാട്ടുകൾ ആണ്. ഏതൊരു സാധാരണക്കാരനും പാടി നടക്കണം. വഴിയരികിൽ എടിഎമ്മിന് മുന്നിലിരിക്കുന്ന ഒരു സെക്യൂരിറ്റിക്കും ചുമ്മാ മൂളാൻ സാധിക്കണം. അതാണ് തകരയുടെ പോളിസി. പാട്ടുപാടാൻ അറിയാത്തവർക്കും പാടാവുന്ന പാട്ടുകൾ. രസമല്ലേ അങ്ങനെ ഒരു കോൺസെപ്റ്റ്". ജെയിംസ് തകര പ്രതികരിച്ചു.
![THAKARA MUSIC BAND JAMES THAKARA SINGER ജയിംസ് തകര ഗായകന്‍ ലൂപ് ഗാനം തകര ബാന്‍ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/30-12-2024/23209921_th2.jpeg)
വരും മാസങ്ങളിൽ മുംബൈ പുണെ ഹൈദരാബാദ് നഗരങ്ങളിൽ തകര കണ്‍സര്‍ട്ടുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ തീയതിയും മറ്റു വിശദാംശങ്ങളും തകരയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നിന്നും മനസ്സിലാക്കാം.