കേരളം

kerala

ETV Bharat / business

ആദായ നികുതി അടയ്‌ക്കുന്നവര്‍ക്ക് ആശ്വാസം; കേന്ദ്ര ബജറ്റില്‍ ഇക്കുറി ഇളവുകള്‍, അറിയേണ്ടതെല്ലാം - TAX RELIEF TO INCOME TAX PAYERS - TAX RELIEF TO INCOME TAX PAYERS

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടത്തരം നികുതി ദായകര്‍ക്ക് ഇളവ് നല്‍കിയേക്കുമെന്ന് സൂചന. ആദായനികുതി പരിധി അഞ്ച് ലക്ഷത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്. ഇളവുകളുടെ യോഗ്യത പരിധിയിലും മാറ്റമുണ്ടാകും. സ്വകാര്യ ഉപഭോഗവും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടാണ് ഇത്തരം നടപടികള്‍. കൃഷ്‌ണാനന്ദ് എഴുതുതുന്നു......

BUDGET  ബജറ്റ് 2024 25  ആദായ നികുതി ദായകര്‍ക്ക് ഇളവുകള്‍  ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
പ്രതീകാത്മക ചിത്രം (ETV Bharat)

By ETV Bharat Kerala Team

Published : Jul 11, 2024, 3:00 PM IST

ന്യൂഡല്‍ഹി :രണ്ടാഴ്‌ചയ്ക്കകം ധനമന്ത്രി നിര്‍മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. രാജ്യത്തിന്‍റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നയസൂചികയും അജണ്ടയുമാകും ഈ ബജറ്റെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ പതിനഞ്ച് ശതമാനം വരുന്ന അന്‍പത് ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാകുമിത്.

ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ധനമന്ത്രി നികുതി ഘടനയില്‍ എന്തെങ്കിലും മാറ്റം വരുത്തിയിരുന്നില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്താത്ത കീഴ്‌വഴക്കം നിലവിലുള്ളതിനാലാണ് ധനമന്ത്രി അത്തരമൊരു നീക്കത്തിന് മുതിരാതിരുന്നത്. ഇത്തരം നടപടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന ആക്ഷേപം ഉയരാന്‍ സാധ്യതയുള്ളത് കൊണ്ടാണ് അതില്‍ നിന്ന് ധനമന്ത്രിമാര്‍ സാധാരണ വിട്ടു നില്‍ക്കാറുള്ളത്.

ഏതായാലും ഇടത്തരം നികുതി ദായകര്‍ വളരെ പ്രതീക്ഷയിലാണ്. തങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന എന്തെങ്കിലും ഇളവുകള്‍ ബജറ്റിലുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. 1961ലെ ആദായ നികുതി നിയമപ്രകാരം ഈടാക്കുന്ന വ്യക്തിഗത ആദായ നികുതിയില്‍ എന്തെങ്കിലും ആശ്വാസമുണ്ടാകുമെന്നും കരുതുന്നു.

അഞ്ച് തരം വരുമാനങ്ങളാണ് ആദായ നികുതി ഈടാക്കുന്നതിനായി ആദായനികുതി നിയമത്തിന്‍റെ പതിനാലാം വകുപ്പ് പ്രകാരം പരിഗണിക്കുന്നത്. വേതനത്തില്‍ നിന്നുള്ള ആദായം, വീട്ടുവസ്‌തുവില്‍ നിന്നുള്ള ആദായം, തൊഴില്‍ വ്യവസായം എന്നിവയില്‍ നിന്നുള്ള ലാഭം, മറ്റിടങ്ങളില്‍ നിന്നുള്ള മൂലധനനേട്ടങ്ങളും വരുമാനവുമാണ് ആദായനികുതിയുടെ പരിധിയില്‍ വരുന്നത്.

നിലവില്‍ മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ നിശ്ചിത തീയതിക്ക് മുമ്പ് ആദായ നികുതി അടയ്‌ക്കേണ്ടതുണ്ട്. നേരത്തെ രണ്ടരലക്ഷമായിരുന്ന ആദായ നികുതി പരിധി കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലാണ് മൂന്ന് ലക്ഷമായി ഉയര്‍ത്തിയത്.

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് :ആദായനികുതി പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ആദായനികുതി പരിധി അഞ്ച് ലക്ഷത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ ലക്ഷക്കണക്കിന് ഇടത്തരം ആദായനികുതിദായകരുടെ പക്കല്‍ ധാരാളം അധിക വരുമാനം ഉണ്ടാക്കും. ഇത് ഉപഭോഗത്തെ കൂടുതല്‍ കരുത്തുറ്റതാക്കും. കഴിഞ്ഞ കൊല്ലത്തെ ബജറ്റില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള അധിക ചാര്‍ജ് സര്‍ക്കാര്‍ കുറച്ചിരുന്നു.

അന്‍പത് ലക്ഷത്തിനും അഞ്ച് കോടിക്കും ഇടയ്ക്ക് വരുമാനമുള്ളവരുടെ സര്‍ചാര്‍ജ് നിരക്ക് ഒരേ നിലയില്‍ തന്നെ നിലനിര്‍ത്തുകയും അഞ്ച് കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവരുടെ ആദായനികുതിയിലെ അധിക നിരക്ക് 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കുറയ്ക്കുകയും ചെയ്‌തു. ഈ അധിക നിരക്കിലെ ഇളവ് ഇക്കൊല്ലം ഏപ്രില്‍ മുതല്‍ നിലവില്‍ വന്ന പുതിയ നികുതി നിയമങ്ങള്‍ സ്വീകരിക്കുന്ന നികുതി ദായകര്‍ക്ക് മാത്രമാണ് ബാധകം.

പുത്തന്‍ നികുതി ക്രമം സ്വീകരിച്ചവര്‍ക്കുള്ള ഇളവ് നിരക്ക് ഒരു വര്‍ഷം 12500ല്‍ നിന്ന് 25000 ആക്കി ഉയര്‍ത്തി. ഇതിന് പുറമെ ഇവരുടെ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്‌തു. ഇവര്‍ക്കാണ് ഈ ഇളവ് കിട്ടുക.

അതായത് പുതിയ നികുതിക്രമം സ്വീകരിക്കുന്ന, ഏഴ് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് യാതൊരു നികുതിയും അടയ്‌ക്കേണ്ടതില്ല. പ്രതിവര്‍ഷം അന്‍പതിനായിരം കൂടി കുറച്ചതോടെ ഫലത്തില്‍ ഏഴര ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി അടയ്‌ക്കേണ്ടതില്ലെന്ന സ്ഥിതിയായി. പുതിയ നികുതിക്രമമോ പഴയ നികുതി ക്രമമോ തെരഞ്ഞെടുക്കുന്നവര്‍ക്ക് അന്‍പതിനായിരം രൂപ ഇളവുണ്ട്.

ആശ്വാസത്തിനുള്ള മുറവിളി :രാജ്യത്തെ ഇടത്തരം നികുതിദായകരാണ് സ്വകാര്യ ഉപഭോഗത്തിന്‍റെ ഏറ്റവും വലിയ ഉറവിടവും രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ ഏറ്റവും വലിയ ഗതി നിയന്ത്രിതാവും. നികുതി ചുമത്താവുന്ന വരുമാനം ഏഴ് ലക്ഷത്തില്‍ നിന്ന് എട്ട് ലക്ഷമാക്കണമെന്നും ആദായ നികുതി നിയമത്തിലെ 87(എ) വകുപ്പ് പ്രകാരം കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നികുതി പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതിന് പുറമെ ഇളവ് അനുവദിക്കാനുള്ള പരിധി ഏഴ് ലക്ഷത്തില്‍ നിന്ന് എട്ട് ലക്ഷമാക്കി ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലാണ്. ഇവയെല്ലാം ഇടത്തരം നികുതിദായകര്‍ക്ക് വലിയ ആശ്വാസമായിരിക്കും.

പുത്തന്‍ നികുതി ക്രമം തെരഞ്ഞെടുക്കുന്നവരുടെ ആദായനികുതി പരിധി എട്ടരലക്ഷമാകും. പഴയ നികുതി ക്രമം പിന്തുടരുന്നവര്‍ക്കും പുതിയ ക്രമം പിന്തുടരുന്നവര്‍ക്കും അന്‍പതിനായിരം രൂപയുടെ ഇളവുണ്ടാകും. നികുതി പിരിവിലുണ്ടായ വര്‍ധന, പ്രത്യേകിച്ച് വ്യക്തിഗത ആദായനികുതി പിരിവിലുണ്ടായ വര്‍ധന ധനമന്ത്രിക്ക് ഇതിനകം തന്നെ വലിയ ആശ്വാസമുണ്ടാക്കിയിട്ടുണ്ട്.

വ്യക്തിഗത ആദായ നികുതി പിരിവില്‍ വര്‍ധന ഉണ്ടായതിന് പുറമെ ജിഎസ്‌ടി പിരിവിലും ശക്തമായ ഉണര്‍വുണ്ട്. ഇവ രണ്ടും ഫലപ്രദമായ ആദായ നികുതി നിരക്കുകള്‍ നിശ്ചയിക്കാന്‍ ധനമന്ത്രിക്ക് പ്രേരണയാകും. ഇത് നികുതിദായകരുടെ പക്കല്‍ കൂടുതല്‍ പണം നില്‍ക്കാനും അത് വഴി സ്വകാര്യ ഉപഭോഗം വര്‍ധിക്കാനും ഇടയാക്കും.

Also Read:മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്; റെക്കോഡ് അടിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍, അവതരണം ജൂലൈ 23ന്

ABOUT THE AUTHOR

...view details