മുംബൈ : ഓഫ്‌ലൈനായി പ്രവർത്തിക്കുന്ന ഇ-റുപ്പി (ഡിജിറ്റൽ കറൻസി) പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) പൈലറ്റ് പ്രൊജക്റ്റിന്‍റെ ഭാഗമായാകും ഈ സംവിധാനവും അവതരിപ്പിക്കുക. ഈ സംവിധാനം ഉപയോഗിച്ച് പരിമിതമായ ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയുള്ള പ്രദേശങ്ങളിലും ഇ-റുപ്പി ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കും.
2022 ഡിസംബറിലാണ് റിസര്‍വ് ബാങ്ക് 'റീട്ടെയിൽ സി.ബി.ഡി.സി' യുടെ പൈലറ്റ് പദ്ധതി ആരംഭിച്ചത്. ഒരു വർഷത്തിനിപ്പുറം 2023 ഡിസംബറിൽ തന്നെ ഡിജിറ്റൽ കറൻസി പ്രതിദിനം 10 ലക്ഷം ഇടപാടുകൾ നടത്തുക എന്ന ലക്ഷ്യം കൈവരിച്ചു.
പ്രോക്‌സിമിറ്റി, നോൺ പ്രോക്‌സിമിറ്റി എന്നിങ്ങനെ ഉൾപ്പെടുന്ന രണ്ട് ഓഫ്‌ലൈൻ സാധ്യതകളാണ് പരീക്ഷിക്കുന്നതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. മലയോര മേഖലകളിലും ഗ്രാമങ്ങളിലുമാകും ഈ പരീക്ഷണം നടക്കുക. നിലവിൽ പൈലറ്റ് ബാങ്കുകൾ നൽകുന്ന ഡിജിറ്റൽ രൂപ വാലറ്റുകൾ ഉപയോഗിച്ച് പേഴ്‌സൺ ടു പേഴ്‌സൺ (പി2പി), പേഴ്‌സൺ ടു മർച്ചൻ്റ് (പി2എം) ഇടപാടുകൾ നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:ബാങ്ക് അക്കൗണ്ട് വേണ്ട, ഇന്‍റര്‍നെറ്റ് വേണ്ട, ഡിജിറ്റല്‍ പണമിടപാട് വെറും ഒറ്റ ക്ലിക്കില്‍; അറിയാം റിസര്‍വ് ബാങ്കിന്‍റെ പുതിയ പദ്ധതിയെ കുറിച്ച്
ആധാർ അധിഷ്‌ഠിത പേയ്‌മെന്‍റ് സംവിധാനമായ എ.ഇ.പി.എസിന്‍റെ (AEPS) സുരക്ഷ വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും റിസർവ് ബാങ്ക് ഗവർണർ നടത്തി. ഇതിനുള്ള നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. നിലവിൽ സുരക്ഷയ്ക്കായി എസ്.എം.എസ് ഉപയോഗിക്കുന്നുണ്ടെങ്കിലും സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി പുതിയ സംവിധാനങ്ങൾ തുറന്നിട്ടുണ്ടെന്നും ദാസ് പറഞ്ഞു. ഇത്തരം സംവിധാനങ്ങളുടെ ഉപയോഗം സുഗമമാക്കാൻ ഡിജിറ്റൽ പേയ്‌മെൻ്റ് ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.