ന്യൂഡല്‍ഹി :രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകള്‍ വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) സേവനങ്ങൾക്കുള്ള ഇടപാട് പരിധികൾ വര്‍ധിപ്പിച്ചു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് യുപിഐ പണമിടപാടുകളുടെ പരിധി വര്‍ധിപ്പിച്ചതായി അറിയിച്ചത്. പ്രതിദിനം കൈമാറാൻ കഴിയുന്ന തുകയുടെ ആകെയുള്ള പരിധി 500 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തിയിട്ടുണ്ട്. യുപിഐ ലൈറ്റ് വാലറ്റ് പരിധി നിലവിലെ 2,000 രൂപയിൽ നിന്ന് 5,000 രൂപയായും ഉയർത്തിയെന്ന് റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
ഇൻ്റർനെറ്റ് കണക്ഷനില്ലാതെ തന്നെ യുപിഐ പേമെൻ്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന സേവനമായ UPI123Pay-യുടെ ഓരോ ഇടപാട് പരിധിയും 5,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തുന്നുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. ആർബിഐയുമായി സഹകരിച്ച് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) 2022 മാർച്ചിൽ സമാരംഭിച്ച UPI123Pay വഴി ഇന്‍റര്‍നെറ്റില്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് പണമിടപാടുകള്‍ നടത്താൻ സാധിക്കും.
കാലഘട്ടത്തിന് അനുസരിച്ച് തുടർച്ചയായ നവീകരണത്തിലൂടെ ഇടപാടുകൾ എല്ലാവർക്കും പ്രാപ്യമാക്കിക്കൊണ്ട് യുപിഐ ഇന്ത്യയുടെ ഡിജിറ്റൽ പേമെൻ്റ് ഇക്കോസിസ്റ്റത്തിൽ വലിയൊരു വിപ്ലവം സൃഷ്‌ടിക്കുകയാണെന്നും ഗവർണർ ദാസ് എടുത്തുപറഞ്ഞു. 'യുപിഐ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്ത് കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും UPI123Payയിലെ ഓരോ ഇടപാട് പരിധി 5,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്താനും UPI ലൈറ്റ് വാലറ്റ് പരിധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായി വർധിപ്പിക്കാനും തീരുമാനിച്ചു. പ്രതിദിന ഇടപാട് പരിധി 500 മുതൽ 1000 രൂപ വരെയാക്കാനും തീരുമാനിച്ചു' -എന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.