ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് ഉള്‍പ്പെടെയുള്ളതിന്‍റെ ഉപയോഗം യുവതലമുറയില്‍ സേവിങ്സ് ശീലം കുറയ്ക്കുന്നു എന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ പണം ഉടനടി ചെലവാക്കുകയും നീക്കിയിരിപ്പ് കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമ്പത്തിക, നിയന്ത്രണ നയങ്ങൾ പുതിയ വെല്ലുവിളികൾ നേരിടുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാലദ്വീപില്‍ നടന്ന മാലദ്വീപ് മോണിറ്ററി അതോറിറ്റി (എംഎംഎ) റിസർച്ച് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഐആര്‍ബി ഡെപ്യൂട്ടി ഗവർണർ.
'ബൈ നൗ പേ ലേറ്റര്‍ (പണമില്ലാതെ ഉത്പന്നങ്ങള്‍ വാങ്ങി പിന്നീട് തുക തിരിച്ചടയ്‌ക്കുന്ന സമ്പ്രദായം) ക്രെഡിറ്റ് കാർഡ് ചെലവുകൾ എന്നിവ ഉടനടിയുള്ള ഉപഭോഗം സുഗമമാക്കും. എന്നാല്‍ സേവിങ്സ് കുറയ്ക്കുകയും ചെയ്യും. യുവതലമുറകളിലാണ് ഈ രീതി കണ്ടുവരുന്നത്.' - മൈക്കൽ ദേബബ്രത പത്ര പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാമ്പത്തിക പരിഹാരങ്ങള്‍ ഡിജിറ്റലായി ദ്രുതഗതിയില്‍ അവലംബിക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. പരമ്പരാഗത സേവിങ്സ് രീതികളിൽ നിന്നുള്ള മാറ്റം യഥാർഥ സമ്പദ്‌വ്യവസ്ഥയിലെ പണനയങ്ങളുടെ പ്രവര്‍ത്തനത്തെ ദുർബലപ്പെടുത്തും. സാമ്പത്തിക പ്രവർത്തനങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും ഇത് കേന്ദ്ര ബാങ്കുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടാമതായി, എളുപ്പത്തിലുള്ള ഡിജിറ്റല്‍ വായ്‌പ സമ്പ്രദായം വ്യക്തികളില്‍ സാമ്പത്തിക സമ്മർദം ഉണ്ടാക്കുകയും കടം വർധിക്കുന്നതിന് കാരണമാവുകയും ചെയ്യും. ഡിജിറ്റൽ സാമ്പത്തിക സാക്ഷരത കുറയുന്നത് മൂലം സാമ്പത്തിക ദുരുപയോഗം ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.