റായ്‌പൂർ: മന്ത്രാവാദത്തിലും മറ്റും വിശ്വസിച്ച് തട്ടിപ്പിന് ഇരയാകുന്നവർ നിരവധിയാണ്. ഇപ്പോഴിതാ മന്ത്രവാദത്തിൽ വിശ്വസിച്ച് ജീവൻ നഷ്‌ടപ്പെട്ട യുവാവിന്‍റെ വാർത്തയാണ് പുറത്തുവരുന്നത്. കുട്ടികളുണ്ടാകാൻ കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങി ആനന്ദ് യാദവ് എന്ന 35കാരനാണ് മരിച്ചത്. ഛത്തിസ്‌ഗഡിലെ അംബികാപൂരിലാണ് നാടിനെ നടുക്കിയ സംഭവം.
അതേസമയം യുവാവിന്‍റെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് കണ്ട് എല്ലാവരും ഞെട്ടി. യുവാവ് വിഴുങ്ങിയ കോഴിക്കുഞ്ഞിന് അപ്പോഴും ജീവനുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ആനന്ദ് കുമാറിന് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. പല ചികിത്സകൾ ചെയ്‌തിട്ടും ഫലമൊന്നും കാണാതെ വന്നതോടെ ഇയാൾ മന്ത്രവാദിയെ സമീപിച്ചു. മന്ത്രവാദിയാണ് കുഞ്ഞുണ്ടാകാനുള്ള ഈ വിചിത്ര 'ചികിത്സ' നിർദേശിച്ചത്.
കുഞ്ഞുണ്ടാകാൻ കറുത്ത കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങണമെന്നായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം. അന്ധവിശ്വാസിയായ ആനന്ദ് ആ നിർദേശം അതേപടി അനുസരിക്കുകയായിരുന്നു. കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ഉടൻ ആനന്ദ് മുറിയിൽ കുഴഞ്ഞുവീണു. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മുറിയില്‍ കുഴഞ്ഞുവീണെന്നാണ് ആനന്ദിനെ ആശുപത്രിയിലെത്തിച്ച ബന്ധുക്കള്‍ ഡോക്‌ടര്‍മാരോട് പറഞ്ഞത്. എന്നാൽ അപ്പോഴേക്കും ആനന്ദിന് ജീവന്‍ നഷ്‌ടമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം മരണകാരണം എന്താണെന്ന് ഡോക്‌ടർമാർക്ക് വ്യക്തമായിരുന്നില്ല. പോസ്‌റ്റ്‌മോര്‍ട്ടത്തിനിടെ കഴുത്തിന്‍റെ ഭാഗം പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ ജീവനോടെയിരിക്കുന്ന കോഴിക്കുഞ്ഞിനെ കണ്ടത്. അത്യാവശം വലുപ്പമുള്ള കോഴിക്കുഞ്ഞ് തൊണ്ടയില്‍ കുടുങ്ങിയതോടെ യുവാവിന് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ വന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍ വ്യക്തമാക്കി. ആനന്ദ് നിരന്തരം മന്ത്രവാദികളെ കണ്ടിരുന്നതായി പ്രദേശവാസികളും കുടുംബവും പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.