ഇടുക്കി: ജില്ലയിലെ മാതൃകാ കര്‍ഷകനായ കൃഷ്‌ണൻ കണ്ടമംഗലത്തിന്‍റെ കൃഷിയിടം ഇപ്പോള്‍ സമൃദ്ധമായ വിളനിലം മാത്രമമല്ല. ഒരു കാര്‍ഷിക സർവകലാശാലകൂടിയാണ്. 96 ഇനം പച്ചക്കറികളാണ് കഴിഞ്ഞ മുപ്പത്തിയാറ് വർഷക്കാലമായി രാജാക്കാട് സ്വദേശിയായ ഈ കർഷകൻ നട്ട് പരിപാലിക്കുന്നത്. വ്യത്യസ്‌തമായ കൃഷി രീതികൾ കാണാനും പഠിക്കുവാനും നിരവധിയാളുകളാണ് കൃഷ്‌ണന്‍റെ കൃഷിയിടത്തിലേക്ക് എത്തുന്നത്. രണ്ട് ഏക്കർ പാടത്തെ കൃഷികൾക്ക് ഒപ്പം സൂര്യകാന്തി പൂക്കൾ നിറഞ്ഞു നിൽക്കുന്നതും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു (Krishnan Kandamangalam With 96 Varaiety Vegitables in Farmland).
തന്നാണ്ട് വിളകളാണെങ്കിലും ഏതെങ്കിലുമൊരു കൃഷി മാത്രം നടത്തിയാല്‍ അത് പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് കൃഷ്‌ണൻ്റെ വ്യത്യസ്ഥമായ കൃഷി രീതിക്ക് പിന്നിൽ. കപ്പയും വാഴയും പാവലും പരിപാലിക്കുന്നതിനൊപ്പം ഇടവിളയായി 96 ഇനം പച്ചക്കറികളും സമൃദ്ധമായി നട്ടു പരിപാലിക്കുന്നു. കൃഷി പരിപാലനത്തിനും ചെലവിനുമുള്ള പണം ഇടവിളയില്‍ നിന്ന് ലഭിക്കും. അതുകൊണ്ട് വിലയിടിവ് നേരിടുന്ന സമയത്തും കൃഷി ലാഭകരമാണെന്നാണ് കൃഷ്‌ണന്‍ പറയുന്നത്.
നെല്‍കൃഷി നഷ്‌ടത്തിലേയ്ക്ക് കൂപ്പ് കുത്തിയതോടെയാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ പാടശേഖരങ്ങളില്‍ കപ്പയും വാഴയും ഉള്‍പ്പടെയുള്ള തന്നാണ്ട് വിളകള്‍ നട്ട് പരിപാലിക്കാന്‍ തുടങ്ങിയത്. എന്നാല്‍ വിളവെടുപ്പ് സമയത്തുണ്ടാകുന്ന വിലയിടിവ് വാഴ, പാവല്‍ തുടങ്ങിയ കൃഷികള്‍ക്ക് പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥലം പാഴാക്കാതെയുള്ള ഇടവിള കൃഷിയുമായി കൃഷ്‌ണന്‍ കണ്ടമംഗലത്ത് രംഗത്തെത്തിയത്.