ഡെട്രോയിറ്റ് :ലോക കോടീശ്വരൻ ഇലോണ്‍ മസ്‌കിന് ചരിത്രത്തില്‍ ആദ്യമായി നഷ്‌ടം സംഭവിച്ച വര്‍ഷമാണ് 2024. മസ്‌കിന്‍റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ ടെസ്‌ലയാണ് പോയവര്‍ഷം തിരിച്ചടി നേരിട്ടത്. മുൻനിര ഇ വി നിര്‍മാതാക്കളായ ടെസ്‌ലയുടെ ആഗോള തലത്തിലെ വില്‍പ്പന 2024ല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.1 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
9 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ടെസ്‌ലയുടെ വില്‍പ്പന പിന്നിലാകുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ കുറഞ്ഞ വില്‍പ്പന രേഖപ്പെടുത്തിയതാണ് കമ്പനിക്ക് തിരിച്ചടിയായത്. മന്ദഗതിയിലുള്ള തുടക്കമായിരുന്നെങ്കിലും ഇലക്ട്രോണിക് വാഹനങ്ങളുടെ ആഗോള വില്‍പ്പന നാലാം പാദത്തില്‍ 2.3 ശതമാനമായി ഉയര്‍ന്നിരുന്നു.
വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ത്താൻ മികച്ച ഓഫറുകളും കമ്പനി നല്‍കിയിരുന്നു. എന്നാല്‍, അവയ്‌ക്കൊന്നും ഉപയോക്താക്കളെ ആകര്‍ഷിക്കാനായില്ലെന്നതാണ് ശ്രദ്ധേയം. വര്‍ഷാന്ത്യം സീറോ ഫിനാന്‍സിങ്, സൗജന്യ ചാര്‍ജിങ് ഉള്‍പ്പടെ വിവിധ ഓഫറുകളായിരുന്നു ടെസ്‌ല പ്രഖ്യാപിച്ചിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഒക്‌ടോബര്‍-ഡിസംബര്‍ കാലയളവില്‍ ടെസ്‌ല 4,95,570 വാഹനങ്ങള്‍ ഡെലിവര്‍ ചെയ്‌തതായാണ് റിപ്പോര്‍ട്ട്. 2024 ആകെ 1.79 ദശലക്ഷം വാഹനങ്ങളും ടെസ്‌ല നിരത്തിലിറക്കി. 2023ല്‍ ഇത് 1.81 ദശലക്ഷമായിരുന്നു. യുഎസ് വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലോക സമ്പന്നരുടെ പട്ടികയില്‍ ഓരോ ദിവസവും മുന്നേറ്റം തുടരുന്നതിനിടെയാണ് മസ്‌കിന് അപ്രതീക്ഷതമായ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്. കണക്കുകള്‍ ഇനിയും പ്രതികൂലമായാല്‍ ടെസ്‌ല ഓഹരികളും നിറം മങ്ങുമെന്നാണ് വിലയിരുത്തല്‍. വരുന്ന വര്‍ഷങ്ങളില്‍ വില്‍പ്പനയില്‍ 50 ശതമാനം വര്‍ധനവ് കൈവരിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. എന്നാല്‍, ഇതിന് നേര്‍ വിപരീതമാണ് നിലവിലെ കണക്കുകള്‍. യുഎസിന് പുറമെ ചൈന, യൂറോപ്പ് വിപണിയിലും മത്സരം വര്‍ധിക്കുന്നതും കമ്പനിക്ക് വെല്ലുവിളിയാണെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read :ഇലോൺ മസ്‌ക് അമേരിക്കൻ പ്രസിഡന്‍റാകുമോ? ഇല്ലെന്ന് ട്രംപ്: എന്തുകൊണ്ടെന്ന് വിശദീകരണം