കോഴിക്കോട്: തേങ്ങ വില സർവ്വകാല റെക്കോഡിൽ. പച്ചതേങ്ങ പൊതിച്ചതിന് കിലോയ്‌ക്ക് 51 രൂപയാണ് ഇന്നത്തെ വില. വില ഇനിയും വർധിക്കുമെന്നും തേങ്ങ കിട്ടാനില്ലെന്നും കുറ്റ്യാടി കോക്കനെറ്റ് ഉടമ ഹാഷിം പറഞ്ഞു.
''വില ഇനിയും മുന്നോട്ട് പോകും. തേങ്ങയ്‌ക്ക് വില ഇടിഞ്ഞതോടെ വർഷങ്ങളായി തെങ്ങിനെ പരിപാലിക്കുന്നില്ല. കേര നാട്ടിൽ തെങ്ങ് ഒന്നിനും കൊള്ളാത്ത അവസ്ഥയിലാകുകയാണ്. അതുകൊണ്ട് തന്നെ തേങ്ങയുടെ ലഭ്യതയും കുറഞ്ഞു.'' ആയിരം തേങ്ങ കിട്ടുന്ന പറമ്പുകളിൽ അത് നാലിലൊന്നായി കുറഞ്ഞു. തേങ്ങയിടാനും ആളെ കിട്ടാത്ത അവസ്ഥ. കേര കർഷകർ അനുഭവിച്ചത് ചില്ലറ സങ്കടമൊന്നുമല്ലെന്നും' അദ്ദേഹം പറഞ്ഞു.
5 വർഷത്തിലേറെയായി കിലോയ്‌ക്ക് 23 രൂപ മുതൽ 26 വരെയായിരുന്നു പച്ചതേങ്ങ വില. കഴിഞ്ഞ ഓണത്തിന് മുമ്പ് അത് 39ൽ എത്തി. അത് കഴിഞ്ഞ വില 47ലെത്തി. എന്നാല്‍ അതിന് പിന്നാലെ വില 40ലേക്ക് താഴ്ന്നു. തേങ്ങ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ ഇപ്പോൾ വില സർവ്വകാല റെക്കോഡിലേക്ക് കുതിച്ചു.