ഇടുക്കി : കൊക്കോയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച വിലവർധനയില്‍ പ്രതീക്ഷയർപ്പിച്ച് കർഷകർ. ചരിത്രത്തില്‍ ആദ്യമായി ഉണക്ക കൊക്കോയുടെ വില 800 രൂപയും കടന്നു. ഈസ്റ്ററിനു മുന്‍പ് 750 രൂപയില്‍ എത്തിയിരുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിപണി അവധിയായിരുന്നതിനാല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അവധികഴിഞ്ഞ് വിപണികള്‍ സജീവമായതോടെയാണ് കൊക്കോ വില വീണ്ടും ഉയർന്നത്.
ഹൈറേഞ്ചിലാണ് ഉയർന്ന വില ലഭിച്ചത്. പച്ചയ്ക്ക് കിലോയ്ക്ക് 200-250 രൂപവരെയായി. സംസ്ഥാനത്ത് കൊക്കോ ഉത്പാദനത്തില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഹൈറേഞ്ച് മേഖലയില്‍ ഉത്പാദിപ്പിക്കുന്ന കൊക്കോയ്ക്ക് ഗുണമേൻമയും കൂടുതലാണ്. അതിനാല്‍ ചോക്ലേറ്റ് നിർമാണ കമ്പനികള്‍ ഇവിടെ നിന്നും കൊക്കോ സംഭരിക്കാൻ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്.
അതേസമയം വിലവർധന കർഷകർക്ക് കാര്യമായ പ്രയോജനം ചെയ്യപ്പെടാത്ത സാഹചര്യമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഫെബ്രുവരി, മാർച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഉത്പാദനം ഏറ്റവും താഴ്ന്ന നിലയിലെത്തിയ വർഷമാണിത്. മുൻവർഷങ്ങളെ അപേക്ഷിച്ച് വേനല്‍മഴയിലുണ്ടായ കുറവാണ് ഉത്പാദനം കുറയാൻ കാരണം. കടുത്ത ചൂടില്‍ പൂവിരിയുന്നത് പൊഴിഞ്ഞുപോകുകയാണ്.