മുംബൈ: അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തിയെന്ന യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്‍റെ റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരി വിപണിയിലും അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി. ഓഹരി വിപണിയില്‍ ഇന്ന് സെൻസെക്‌സും നിഫ്റ്റിയും വൻ നഷ്‌ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്‌സ് 468.17 പോയിന്‍റ് ഇടിഞ്ഞ് 77,110.21 എന്ന നിലയിലെത്തി. നിഫ്റ്റി 179.75 പോയിന്‍റ് താഴ്ന്ന് 23,338.75 എന്ന നിലയിലെത്തി. അദാനി എന്‍റര്‍പ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ് എന്നിവയുൾപ്പെടെയുള്ള അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും ആദ്യ വ്യാപാരത്തിൽ കുത്തനെ ഇടിഞ്ഞു.
20 വര്‍ഷത്തിനുള്ളില്‍ 2 ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ കരാറുകൾ നേടുന്നതിന് അദാനിയും കൂട്ടരും 250 മില്യൺ യുഎസ് ഡോളറിലധികം കൈക്കൂലി നൽകി, ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപ തട്ടിപ്പ് നടത്തി എന്നിവയാണ് അദാനിക്കെതിരെയുള്ള ആരോപണങ്ങള്‍. ഇതിനുപിന്നാലെയാണ് ഓഹരി വിപണിയില്‍ അദാനി കമ്പനികള്‍ കനത്ത നഷ്‌ടം നേരിട്ടത്.
അദാനി ഗ്രീൻ എനർജി 18.76 ശതമാനവും അദാനി എനർജി സൊല്യൂഷൻസ് 20 ശതമാനവും അദാനി എന്‍റര്‍പ്രൈസസ് 10 ശതമാനവും അദാനി പവർ 13.98 ശതമാനവും അദാനി പോർട്‌സ് 10 ശതമാനവും ഇടിഞ്ഞു. അദാനി ഓഹരിക്ക് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, ടാറ്റ മോട്ടോഴ്‌സ് എന്നിവയും നഷ്‌ടത്തിലാണ്.