ഡൽഹി:വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിലെ ലോക്‌സഭ സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന് ജനങ്ങൾ. ആറ് ജില്ലകളുള്ള നാഗാലാൻഡിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ജനങ്ങൾ വോട്ടെടുപ്പ് ബഹിഷികരിച്ചത്.
മേഖലയിലെ ഏഴ് ഗോത്രവർഗ സംഘടനകളുടെ ഉന്നത ബോഡിയായ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ (ENPO) മേഖലയിലെ ആറ് ജില്ലകളിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യം ഉന്നയിച്ച് ഇഎൻപിഒ അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തെ ആറ് ജില്ലകളിലായി നാല് ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച വോട്ടർമാർ പോളിങ് ദിവസം വീടിനുള്ളിൽ തന്നെ തുടരുകയായിരുന്നു. ആറ് ജില്ലകളിലും ഉച്ചയ്ക്ക് ഒരു മണി വരെ പോളിങ് രേഖപ്പെടുത്തിയില്ല. മേഖലയിലെ ആറ് ജില്ലകളിലെ 738 പോളിംഗ് സ്‌റ്റേഷനുകളിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് നാഗാലാൻഡ് അഡീഷണൽ ചീഫ് ഇലക്‌ടറൽ ഓഫീസർ അവ ലോറിംഗ് പറഞ്ഞിരുന്നു.