ഹൈദരാബാദ് : സ്വകാര്യ പണിടപാട് സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ കുളത്തില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയായ വിനയ് എന്ന ഇരുപതുകാരനാണ് മരിച്ചത്. തെലങ്കാനയിലെ ഖമ്മം നഗരത്തില്‍ ഖനാപുരം ഹവേലി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ധനവായ്‌ഗുഡത്ത് ഇളയ സഹോദരന്‍ അജയ് ടാഗോറിനും രാജസ്ഥാനില്‍ നിന്നുള്ള ഒരു മാര്‍ബിള്‍ തൊഴിലാളിക്കും ഒപ്പമാണ് വിനയ് താമസിച്ചിരുന്നത്. ഇയാളും മാര്‍ബിള്‍ തൊഴിലാളി ആയിരുന്നു. വിനയും ടാഗോറും ഖമ്മം നഗരത്തിലെ ഒരു സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്‍റെ സഹായത്തോടെ ഇരുചക്ര വാഹനങ്ങള്‍ വാങ്ങി.
ബല്ലേപ്പള്ളിയിലെ നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ മാര്‍ബിള്‍ ഇടുന്ന ജോലി ടാഗോര്‍ ഏറ്റെടുത്തു. ഇതിനായി അന്‍പതിനായിരം രൂപ മുന്‍കൂറായി വാങ്ങുകയും ചെയ്‌തു. എന്നാല്‍ ഇയാള്‍ ജോലിക്ക് വരാതിരുന്നതിനെ തുടര്‍ന്ന് കെട്ടിട ഉടമ പ്രകോപിതനായി. ടാഗോറിന്‍റെ ഇരുചക്ര വാഹനം പിടിച്ചെടുത്ത് കെട്ടിട ഉടമ സൂക്ഷിച്ചു. തുടര്‍ന്ന് ടാഗോര്‍ തന്‍റെ സ്വന്തം നാട്ടിലേക്ക് പോയി.
സഹോദരന്‍മാര്‍ രണ്ടുപേരും വണ്ടിയുടെ തുക തിരിച്ചടയ്ക്കാതെ വന്നതോടെ ധനകാര്യ സ്ഥാപനത്തിന്‍റെ പ്രതിനിധികളായ രാം ചന്ദറും അജയകുമാറും വിനയിനെ പിടികൂടി. ടാഗോറിന്‍റെ ഇരുചക്രവാഹനം കാണിക്കാനായി വിനയിനെ ബല്ലേപ്പള്ളിയിലേക്ക് കൊണ്ടുവന്നു. പ്രകോപിതനായ രാം ചന്ദര്‍ വിനയിനെ ആക്രമിച്ചു.