ഗോവ:പാരാഗ്ലൈഡിങിനിടെ നടന്ന അപകടത്തിൽ 2 പേർക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാരത്തിനെത്തിയ പൂനെ നിവാസിയായ ശിവാനി ഡേബിൾ (27), നേപ്പാളി സ്വദേശിയായ ഇൻസ്ട്രക്‌ടർ സുമൽ നേപ്പാളി (26) എന്നിവരാണ് മരിച്ചത്. വടക്കന്‍ ഗോവയിലെ കേരിയിൽ ശനിയാഴ്‌ച വൈകുന്നേരം ആണ് അപകടം നടന്നത്.
പാരാഗ്ലൈഡർ പാറക്കെട്ടിൽ നിന്ന് പറന്നുയർന്ന ഉടൻ മലയിടുക്കിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു എന്നാണ് വിവരം. ഇരുവരും സംഭവസ്ഥലത്ത്‌വച്ചു തന്നെ മരിച്ചു. അതേസമയം പാരഗ്ലൈഡിങ് നടത്തുന്ന സാഹസിക സ്‌പോർട്‌സ് കമ്പനി അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
മനുഷ്യ ജീവൻ അപകടത്തിലാക്കിയതിന് കമ്പനി ഉടമ ശേഖർ റൈസാദയ്‌ക്കെതിരെ മാൻഡ്രേം പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യമായ പ്രവർത്തനാനുമതി ഇല്ലാതെ വിനോദസഞ്ചാരിയെയും പാരാഗ്ലൈഡിങ് പൈലറ്റിനെയും മനപൂർവം മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് കേസ്.
ഹിമാചൽ പ്രദേശിലെ കാംഗ്ര, കുളു ജില്ലകളിൽ പാരാഗ്ലൈഡിങിനിടെ നടന്ന അപകടങ്ങളിൽ രണ്ട് വിനോദസഞ്ചാരികൾ മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഗോവയിലെ അപകടം. ഗുജറാത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള വിനോദസഞ്ചാരികളാണ് ഹിമാചൽ പ്രദേശിൽ മരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ധർമ്മശാലയ്ക്കടുത്തുള്ള ഇന്ദ്രുനാഗ് പാരാഗ്ലൈഡിങ് സൈറ്റിൽ വച്ചായിരുന്നു ഒരു അപകടം. ശനിയാഴ്‌ച വൈകുന്നേരം ടേക്ക് ഓഫിനിടെ നടന്ന അപകടത്തിൽ ടാൻഡെം വിമാനത്തിൽ സഞ്ചരിച്ചിരുന്ന അഹമ്മദാബാദിൽ നിന്നുള്ള ഭാവ്‌സർ ഖുഷി മരിച്ചു. പൈലറ്റിനും പരിക്കേറ്റിരുന്നു. പൈലറ്റിനെ ചികിത്സയ്ക്കായി ടാണ്ട മെഡിക്കൽ കോളജിൽ അയച്ചതായി എഎസ്‌പി കാംഗ്ര വീർ ബഹാദൂർ പറഞ്ഞു.
വെള്ളിയാഴ്‌ച വൈകുന്നേരം കുളു ജില്ലയിലെ ഗാർസ ലാൻഡിങ് സൈറ്റിന് സമീപമായിരുന്നു മറ്റൊരു അപകടം. പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ തമിഴ്‌നാട്ടിൽ നിന്നുള്ള 28 വയസുള്ള വിനോദസഞ്ചാരി അപകടത്തിൽ മരിച്ചു. ഈ അപകടത്തിലും പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. അക്രോബാറ്റിക്‌സ് നടത്തുകയായിരുന്ന ഒരു പാരാഗ്ലൈഡർ അബദ്ധത്തിൽ മറ്റൊരു പാരാഗ്ലൈഡറിൽ ഇടിക്കുകയും നിലത്തു വീഴുകയും ആയിരുന്നുവെന്നാണ് പ്രാഥമിക വിവരം.
നിലത്തുനിന്ന് 100 അടി ഉയരത്തിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 125 (മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന അശ്രദ്ധ), സെക്ഷൻ 106 (അശ്രദ്ധമൂലം മരണത്തിന് കാരണമാകുന്നു) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
ജനുവരി 7 ന് കുളു ജില്ലയിലെ മണാലിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള റെയ്‌സണിൽ പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി മരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ അശ്രദ്ധ കണ്ടെത്തിയതിനെ തുടർന്ന് ടൂറിസം അധികൃതർ നാഗാ ബാഗ് പാരാഗ്ലൈഡിങ് സൈറ്റ് അടച്ചുപൂട്ടിയിരുന്നു. ഓപ്പറേറ്ററുടെ ലൈസൻസും റദ്ദാക്കി.
Also Read:പെറ്റമ്മയെ വെട്ടിക്കൊല്ലുന്ന മക്കള്‍; കേരളത്തില്‍ പിടിമുറുക്കുന്ന ലഹരി, ഒളിഞ്ഞിരിക്കുന്നത് ഇനിയും എത്ര ആഷിഖുമാര്‍?