കെയ്‌റോ/ഗാസ: ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഈജിപ്‌തിൽ നിന്ന് പ്രഥമ ശുശ്രൂഷാ ട്രക്കുകൾ ഗാസയിലേക്ക് കടന്നതായി പലസ്‌തീൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഗാസയുടെ തെക്ക് ഭാഗത്തുള്ള കെരെം ഷാലോമിന്‍റെ അതിർത്തി കടന്ന് തീരദേശ മേഖലയിലേക്ക് ആദ്യ മാനുഷിക സഹായം പ്രവേശിച്ചതായി സ്രോതസ്സുകൾ സിൻഹുവ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഡസൻ കണക്കിന് സഹായ ട്രക്കുകൾ ഈജിപ്ഷ്യൻ ഭാഗത്തേക്ക് കടക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഈജിപ്ഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള നൈൽ ടിവി പുറത്തുവിട്ടു. വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ ഖത്തർ, യുണൈറ്റഡ് സ്‌റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥരും കെയ്‌റോയിൽ എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
പരിക്കേറ്റ ഗാസ നിവാസികളെ പ്രവേശിപ്പിക്കാനുള്ള ആശുപത്രികളുടെ സജ്ജീകരണം പരിശോധിക്കുന്നതിനും മറ്റുമായി ഈജിപ്‌ത് ആരോഗ്യ മന്ത്രി ഖാലിദ് അബ്‌ദുൽ ഗഫാറും മന്ത്രി മായ മോർസിയും ശനിയാഴ്‌ച പുലർച്ചെ അരിഷ് വിമാനത്താവളത്തിലെത്തിയതായി ഈജിപ്ഷ്യൻ സ്‌റ്റേറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, വെടിനിർത്തൽ കരാറിന്‍റെ അടിസ്ഥാനത്തിൽ ഗാസയിലെ മാനുഷിക പ്രതിസന്ധികൾ ലഘൂകരിക്കുന്നതിന് 50 ഇന്ധന ട്രക്കുകൾ ഉൾപ്പെടെ 600 ട്രക്കുകൾ എല്ലാ ദിവസവും ഗാസയിൽ പ്രവേശിക്കും.
ഈജിപ്‌ത്, ഖത്തർ, അമേരിക്ക എന്നിവയുടെ മധ്യസ്ഥതയിൽ ബുധനാഴ്‌ചയാണ് 42 ദിവസത്തെ ആദ്യഘട്ട വെടിനിർത്തൽ കരാരില്‍ ഒപ്പുവച്ചത്. ഇന്നാണ് കരാര്‍ പ്രാബല്യത്തിൽ വന്നത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു.
ഇസ്രയേൽ സൈന്യം റഫ അതിർത്തി ക്രോസിങ്ങിന്‍റെ പലസ്‌തീൻ ഭാഗം കൈവശപ്പെടുത്തിയിരുന്നതിനാല്‍ 2024 മെയ് മുതൽ ഇവിടേക്കുള്ള സഹായ വിതരണങ്ങൾ തടസപ്പെട്ടിരുന്നു.
2023 ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 47,000 പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 1,10,700 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക ആരോഗ്യ അധികൃതർ പറയുന്നു.
Also Read: ഗാസയിൽ വെടി നിർത്തൽ പ്രാബല്യത്തിൽ