ന്യൂഡൽഹി: സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ഉത്തരസൂചികകൾ, കട്ട്-ഓഫ് മാർക്കുകൾ, മാർക്കുകൾ എന്നിവ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയമിച്ച് സുപ്രീം കോടതി. മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌തയെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹർജിയുടെ പകർപ്പ് അദ്ദേഹത്തിന് നൽകണമെന്ന് ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു.
വിഷയത്തില്‍ സിവിൽ സർവീസ് ഉദ്യോഗാർത്ഥികളാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വിവരങ്ങൾ വെളിപ്പെടുത്താത്ത യുപിഎസ്‌സിയുടെ നിലപാടില്‍ സുതാര്യതയില്ലെന്ന് ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഇവ വെളിപ്പെടുത്തിയാൽ വിദ്യാര്‍ഥികള്‍ക്ക് ഫലപ്രദമായ വിലയിരുത്തലുകള്‍ നടത്തി പരിഹാരങ്ങൾ കാണാനാകും എന്നും അദ്ദേഹം വാദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമം, പരീക്ഷയുടെ മുഴുവൻ പ്രക്രിയയും അവസാനിച്ചതിനു ശേഷം മാത്രമേ മാർക്കുകളും കട്ട് ഓഫ് മാർക്കുകളും ഉത്തര സൂചികകളും എന്നിവ വെളിപ്പെടുത്താവൂ എന്നാണ് യുപിഎസ്‌സിയുടെ വാദം. റിട്ട് ഹർജിയിലെ അപേക്ഷകൾ സ്വീകരിക്കുകയാണെങ്കിൽ സ്ഥാപനങ്ങൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ വിശദീകരിക്കുന്ന ഒരു അധിക സത്യവാങ്മൂലം സമർപ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോടും യുപിഎസ്‌സിയോടും ആവശ്യപ്പെട്ടു. വിഷയത്തില്‍ ഫെബ്രുവരി 4 ന് കൂടുതൽ വാദം കേൾക്കും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അഭിഭാഷകൻ രാജീവ് കുമാർ ദുബെ മുഖേന സമർപ്പിച്ച ഹർജി പരിശോധിക്കാൻ കോടതി സമ്മതിച്ചത്. മുമ്പ് നിരവധി കേസുകൾ ഉണ്ടായിരുന്നിട്ടും സുതാര്യത പാലിക്കുന്നതിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇത്രയധികം അലർജി കാണിക്കുന്നതിനുള്ള ഒരു കാരണവും വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.
ഉത്തരസൂചിക, കട്ട് - ഓഫ് മാർക്കുകൾ, മാർക്കുകൾ എന്നിവ വേഗത്തിലും സമയ ബന്ധിതമായും വെളിപ്പെടുത്തുന്നത് മിക്കവാറും എല്ലാ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളും ഹൈക്കോടതികളും ഐഐടി, ഐഐഎം തുടങ്ങിയ നിരവധി പ്രശസ്‌ത സ്ഥാപനങ്ങളും പിന്തുടരുന്ന ഒരു സാധാരണ രീതിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളെയും മൊത്തത്തിൽ ബാധിക്കുന്ന പരീക്ഷയായതിനാല്‍ ഈ തസ്‌തികകളുടെ തെരഞ്ഞെടുപ്പിന് അങ്ങേയറ്റം സുതാര്യതയും നീതിയും ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.