ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡിസംബർ 20 വരെയാണ് വിന്‍റര്‍ സെഷന്‍. വഖഫ് നിയമ (ഭേദഗതി) ബിൽ ഉൾപ്പെടെ വിവിധ ബില്ലുകൾ ശീതകാല സമ്മേനത്തില്‍ ചർച്ച ചെയ്യും. ഭാരതീയ വായുയാൻ വിധേയക്, ദുരന്തനിവാരണ (ഭേദഗതി) ബിൽ, അസംബ്ലിയിലെ പട്ടികവർഗ പ്രാതിനിധ്യം പുനഃക്രമീകരിക്കൽ തുടങ്ങിയവയാണ് മറ്റ് പ്രധാന ബില്ലുകള്‍.
ഗോവ സംസ്ഥാനത്തിന്‍റെ മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ബിൽ, കടൽ വഴിയുള്ള ചരക്ക് ബിൽ, റെയിൽവേ (ഭേദഗതി) ബിൽ, ബാങ്കിങ് നിയമങ്ങൾ (ഭേദഗതി) ബിൽ, എണ്ണപ്പാടങ്ങൾ (നിയന്ത്രണവും വികസനവും) ഭേദഗതി ബിൽ, ബോയിലേഴ്‌സ് ബിൽ, രാഷ്‌ട്രീയ സഹകാരി വിശ്വവിദ്യാലയ ബിൽ, പഞ്ചാബ് കോടതികൾ ( ഭേദഗതി) ബിൽ, മർച്ചന്‍റ് ഷിപ്പിങ് ബിൽ, തീരദേശ ഷിപ്പിങ് ബിൽ, ഇന്ത്യൻ തുറമുഖ ബില്ല് തുടങ്ങിയവയും ശീതകാല സമ്മേളനത്തിന്‍റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ ഗാന്ധി ഇന്ന് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമാകും പ്രിയങ്ക ഗാന്ധി ആദ്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കുന്ന വിഷയം. അതേസമയം ഭരണഘടനാ ദിനം ആചരിക്കുന്ന നവംബർ 26 ന് ലോക്‌സഭയുടെയും രാജ്യസഭയുടെയും സിറ്റിങ് ഉണ്ടാകില്ല.
ശീതകാല സമ്മേളനത്തിന് മുന്നോടിയായി, അജണ്ടകള്‍ നിശ്ചയിക്കുന്നതിന് പ്രതിപക്ഷമായ ഇന്ത്യ സഖ്യം പാർലമെന്‍റ് ഹൗസിൽ യോഗം ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ന് (നവംബർ 25) രാവിലെ 10 മണിക്കാണ് യോഗം.മണിപ്പൂർ വിഷയവും അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന കോഴ ആരോപണങ്ങളും പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസ് നീക്കം.
ഏത് വിഷയവും ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും പാർലമെന്‍റില്‍ സമാധാനപരമായ സമ്മേളനം നടക്കണമെന്നും പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റിജിജു. ശീതകാല സമ്മേളനം നല്ല രീതിയിൽ നടത്തുന്നതിന് എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ആവശ്യമാണെന്നും കിരൺ റിജിജു പറഞ്ഞു. സർവകക്ഷി യോഗത്തിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലെയും ഫ്‌ളോർ നേതാക്കള്‍ പങ്കെടുത്തു.
Also Read:ഹേമന്ത് സോറന്‍ ഗവര്‍ണറെ കണ്ടു; ജാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ വ്യാഴാഴ്‌ച