ഹൈദരാബാദ്: മഹാരാഷ്ട്രയിൽ തമ്പടിച്ച ആനക്കൂട്ടം തെലങ്കാനയിലേക്ക് കടക്കാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. നിലവിൽ മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളി ജില്ലയിലുള്ള ആനക്കൂട്ടം തെലങ്കാനയിലെ കുമുരം ഭീം ആസിഫാബാദ് ജില്ലയിലെ കാഗസ്‌നഗർ ഫോറസ്‌റ്റ് ഡിവിഷനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് വനവകുപ്പ് അറിയിച്ചു.
ആനക്കൂട്ടം സംസ്ഥാനത്തേക്കെത്തിയാൽ സ്ഥിതി ഗുരുതരമാകുമെന്നും വലിയ നാശനഷ്ട്ട ഉണ്ടായേക്കാമെന്നുമാണ് വനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ആനകൾ കൂടുതലും സഞ്ചരിക്കുക രാത്രി കാലങ്ങളിലാണെന്നും, ഇവയെ നിയന്ത്രിക്കുന്നതിനായി ഇപ്പോഴും നിരീക്ഷിക്കണം ഏർപ്പെടുത്തേണ്ടതുണ്ടെന്നും, ഇതിനായി രാത്രിയിൽ പ്രവര്‍ത്തിക്കുന്ന തെർമൽ ക്യാമറാ ഡ്രോണുകൾ വാങ്ങുമെന്നും വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ മാസം തുടക്കത്തിൽ മഹാരാഷ്ട്രയിൽ നിന്ന് കൂട്ടം തെറ്റിയെത്തിയ ആന സംസ്ഥാനത്തെ വനമേഖലയിൽ പ്രവേശിച്ചിരുന്നു. ചിന്തലമാനെപ്പള്ളി, പെഞ്ചിക്കൽപേട്ട് തുടങ്ങിയ ഇടങ്ങളിലുണ്ടായ ആനയുടെ ആക്രമണത്തിൽ രണ്ട് കർഷകരാണ് കൊല്ലപ്പെട്ടത്. 14 മണിക്കൂറോളം പരിഭ്രാന്തി സൃഷ്‌ടിച്ച ആന മഹാരാഷ്ട്രയിലേക്ക് തിരിച്ചു പോയിരുന്നു.