കേരളം

kerala

By ETV Bharat Kerala Team

Published : Jun 27, 2024, 6:22 PM IST

ETV Bharat / bharat

ചെങ്കോല്‍ വിവാദം വീണ്ടും; എന്ത്? എങ്ങനെ? - Sengol controversy

പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നത് മുതല്‍ വിവാദ ബിന്ദുവായ ചെങ്കോല്‍, ലോക്‌സഭയില്‍ നിന്ന് നീക്കം ചെയ്യണമെന്ന സമാജ്‌വാദി പാര്‍ട്ടി എംപി ആര്‍ കെ ചൗധരിയുടെ ആവശ്യത്തോടെ വീണ്ടും ഒരു വിവാദത്തിലായിരിക്കുകയാണ്. ചെങ്കോല്‍ വിവാദത്തെ പറ്റി വിശദമായി അറിയാം...

WHAT IS SENGOL CONTROVERSY  SENGOL IN INDIAN PARLIAMENT  എന്താണ് ചെങ്കോല്‍ വിവാദം  ഇന്ത്യന്‍ പാര്‍ലമെന്‍റ്
Representative Image (ETV Bharat)

പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നത് മുതല്‍ വിവാദ ബിന്ദുവാണ് സ്‌പീക്കറുടെ ഡയസിന് തൊട്ടരികിലുള്ള ചെങ്കോല്‍. കഴിഞ്ഞ മെയ് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആചാര പരമായ ചടങ്ങുകളോടെ ചെങ്കോല്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിച്ചത്. അന്നും ചെങ്കോല്‍ ഏറെ രാഷ്ട്രീയ വാദ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും ചെങ്കോല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയാണ്. ലോക്‌സഭയില്‍ നിന്ന് ചെങ്കോല്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി എംപി ആര്‍ കെ ചൗധരിയാണ് വീണ്ടും ഒരു വിവാദത്തിന് തുടക്കമിട്ടത്. ജനാധിപത്യ ഇന്ത്യയില്‍ രാജാധികാരത്തിന്‍റെ ചിഹ്നമാണ് ചെങ്കോലെന്ന് പ്രോടേം സ്‌പീക്കര്‍ക്കയച്ച കത്തില്‍ ആര്‍ കെ ചൗധരി കുറ്റപ്പെടുത്തിയിരുന്നു.

സ്‌പീക്കറുടെ ഇരിപ്പിടത്തിന് തൊട്ടടുത്തായി സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ നീക്കം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. പകരം ഭരണഘടനയുടെ ഒരു ചെറു പതിപ്പ് അവിടെ സ്ഥാപിക്കണമെന്നും സമാജ്‌വാദി പാര്‍ട്ടി അംഗം ആവശ്യപ്പെട്ടു.

ചെങ്കോല്‍ എന്നാല്‍ രാജാക്കന്‍മാര്‍ ഉപയോഗിച്ചിരുന്ന ദണ്ഡ് എന്നാണ് അര്‍ത്ഥം. നീതി നടപ്പാക്കുമ്പോള്‍ രാജാക്കന്മാര്‍ ഈ ദണ്ഡ് കൈവശം വെക്കുമായിരുന്നു. ഭരണഘടന നിലവിലുള്ള ഇക്കാലത്ത് ചെങ്കോലിന്‍റെ ആവശ്യമെന്താണെന്ന് ചൗധരി ചോദിക്കുന്നു. രാജ്യത്ത് രാജ ദണ്ഡനമാണോ അതോ ഭരണഘടന ആധാരമാക്കിയുള്ള ഭരണമാണോ നടക്കേണ്ടതെന്നാണ് ചൗധരിയുടെ ചോദ്യം.

എന്താണ് ചെങ്കോല്‍ ?:തമിഴ് നാട്ടിലെ മധുരൈയില്‍ നിന്നാണ് ചെങ്കോലിന്‍റെ ഉദ്ഭവം. തമിഴ് രാജാക്കന്മാരുടെ ഭരണ കാലത്ത് ചെങ്കോല്‍ ഭരണത്തിന്‍റെ ഭാഗമായിരുന്നു. സദ്ഭരണത്തിന്‍റേയും നീതി നിര്‍വഹണത്തിന്‍റേയും പ്രതീകമായാണ് അക്കാലത്ത് ചെങ്കോല്‍ കണക്കാക്കപ്പെട്ടത്. ചോള രാജ വംശത്തിന്‍റെ കാലം തൊട്ട് തമിഴ്‌നാട്ടില്‍ ഭരണ മാറ്റത്തിന്‍റെ സൂചകമായി ചെങ്കോല്‍ കൈമാറുന്ന പതിവുണ്ടായിരുന്നു. തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലും ചെങ്കോലിനെക്കുറിച്ച് പരാമര്‍ശമുണ്ട്.

ആദ്യ വിവാദം:1947 ല്‍ ബ്രിട്ടിഷുകാരില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ അധികാരക്കൈമാറ്റത്തിന്‍റെ ചിഹ്നമായി മധുരൈ തിരുവാടുതുറൈ മഠത്തില്‍ നിന്നുള്ള സ്വാമിമാര്‍ ചെങ്കോല്‍ പ്രധാനമന്ത്രി നെഹ്റുവിന് കൈമാറിയിരുന്നു. എന്നാല്‍, അടിമത്തത്തില്‍ നിന്ന് സ്വയംഭരണത്തിലേക്കുള്ള ചുവടുവെപ്പിനെ ഓര്‍മിപ്പിക്കുന്ന ചെങ്കോലിന് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല എന്ന് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയടക്കം ആരോപിച്ചിരുന്നു.

പ്രയാഗ്‌രാജിലെ ആനന്ദ് ഭവനില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു ചെങ്കോല്‍ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. നെഹ്റുവിന്‍റെ വാക്കിങ് സ്റ്റിക്ക് എന്ന രൂപത്തിലായിരുന്നു ആനന്ദ് ഭവന്‍ മ്യൂസിയത്തില്‍ ഇത് പ്രദര്‍ശിപ്പിച്ചത്.

ആനന്ദ ഭവനില്‍ നിന്ന് കൊണ്ടുവന്ന ചെങ്കോല്‍ ആണ് പാര്‍ലമെന്‍റില്‍ സ്ഥാപിച്ചത്. ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ് തങ്ങളെന്ന് ഭരണാധികാരികളെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നതാണ് ചെങ്കോലെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഭരണാധികാരികളുടെ കടമകളെക്കുറിച്ചും ചെങ്കോല്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നതിന് മുമ്പ് തമിഴ്‌നാട്ടിലെ പ്രശസ്‌തമായ ശൈവ മഠങ്ങളിലൊന്നായ ധര്‍മപുരം അധീനത്തില്‍ നിന്നുള്ള സന്യാസിമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്നുള്ള മുഖ്യ പുരേഹിതന്മാരാണ് പാര്‍ലമെന്‍റില്‍ സ്ഥാപിക്കാനായി ചെങ്കോല്‍ നരേന്ദ്ര മോദിയെ ഏല്‍പ്പിച്ചത്.

ഇപ്പോഴത്തെ വിവാദം:ഭരണഘടനയെ വകവെക്കാതെ മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു എന്ന ആരോപണം വീണ്ടും ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സമാജ് വാദി പാര്‍ട്ടി എം പി ആര്‍ കെ ചൗധരി ചെങ്കോല്‍ നീക്കം ചെയ്യണം എന്ന ആവശ്യവുമായി എത്തിയത്. സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

മോദി സര്‍ക്കാര്‍ എന്നും ഇത്തരം നാടകം കളിക്കുകയാണെന്നും ആര്‍ കെ ചൗധരിയുടേത് നല്ല നിര്‍ദേശമാണെന്നും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പറഞ്ഞു. ചെങ്കോലിന്‍റെ കാര്യത്തില്‍ തങ്ങള്‍ പക്ഷം പിടിക്കാനില്ലെന്ന് പറഞ്ഞ ഡിഎംകെ ചെങ്കോല്‍ രാജാധികാരത്തിന്‍റെ ചിഹ്നമാണെന്ന് ആവര്‍ത്തിച്ചു.

രാജാക്കന്മാരും ചക്രവര്‍ത്തിമാരും അത് ഉപയോഗിച്ചിരുന്നു ജനാധിപത്യ യുഗത്തില്‍ ചെങ്കോലിന്‍റെ ആവശ്യമെന്താണ്. ബ്രിട്ടീഷ് ഭരണാധികാരികള്‍ ജവഹര്‍ലാല്‍ നെഹ്റുവിന് നല്‍കിയ സമ്മാനമായിരുന്നു ചെങ്കോല്‍. അതിന്‍റെ സ്ഥാനം മ്യൂസിയത്തില്‍ത്തന്നെയാണ് വേണ്ടത്. സമാജ്‌വാദി പാര്‍ട്ടി പറഞ്ഞതില്‍ ന്യായമുണ്ടെന്ന് ഡിഎംകെ എംപി ടികെ എസ് ഇളങ്കോവന്‍ പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി എന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ആക്രമിക്കാനാണ് മുതിര്‍ന്നിട്ടുള്ളത് എന്ന പ്രതികരണത്തോടെയാണ് ബിജെപി ഈ പുതിയ വിവാദത്തെ നേരിട്ടത്. ആര്‍ കെ ചൗധരിയുടെ ആവശ്യത്തെ ശക്തിയുക്തം എതിര്‍ത്ത ബിജെപി എം പി രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് പ്രതികരിച്ചു.

'മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഭരണത്തിന് സര്‍ക്കാരുകള്‍ക്ക് പ്രേരണ നല്‍കുന്നതാണ് ചെങ്കോല്‍. ചെങ്കോല്‍ അവിടുള്ളിടത്തേളം കാലം ഒരു പ്രധാനമന്ത്രിക്കും ഏകാധിപതിയാവാന്‍ കഴിയില്ല, രാജ്യത്ത് അരാജകത്വം കൊണ്ടുവരാനാകില്ല, അടിയന്തരാവസ്ഥയിലേക്ക് നയിക്കാനാവില്ല.'- രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ പറഞ്ഞു.

ആര്‍ കെ ചൗധരി പാര്‍ലമെന്‍റിന്‍റെ പവിത്രതയെ ഇടിച്ചു താഴ്ത്തുകയാണ് ചെയ്‌തതെന്ന് ബിജെപി നേതാവ് സിആര്‍ കേശവനും പ്രസ്‌താവിച്ചു. ദശലക്ഷക്കണക്കിന് ഭക്തരേയും സമാജ്‌വാദി പാര്‍ട്ടി എംപി അവഹേളിച്ചു.

സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ചെങ്കോല്‍ പാര്‍ലമെന്‍റില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്നത് തമിഴ്‌നാട്ടിനോടുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.

ഈ വിഷയത്തില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാ വാല ആവശ്യപ്പെട്ടു. 'ഇത് രാജ ദണ്ഡായിരുന്നെങ്കില്‍ എന്തിനായിരുന്നു നെഹ്റു അത് ഏറ്റുവാങ്ങിയത്. ഇത് സമാജ്‌വാദി പാര്‍ട്ടിയുടെ നിലവാരത്തേയാണ് കാണിക്കുന്നത്. ആദ്യം അവര്‍ രാമചരിതമാനസത്തെ എതിര്‍ത്തു. ഇപ്പോള്‍ ചെങ്കോലിനേയും.'- ഷെഹ്സാദ് പറഞ്ഞു.

കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലും സമാജ്‌വാദി പാര്‍ട്ടി നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. 'പാര്‍ലമെന്‍റില്‍ ചെങ്കോല്‍ സ്ഥാപിക്കുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടിക്കാര്‍ സഭയിലുണ്ടായിരുന്നല്ലോ. അന്നവര്‍ എന്തെടുക്കുകയായിരുന്നു.'- അനുപ്രിയ പട്ടേല്‍ ചോദിച്ചു.

അതേസമയം ആര്‍ കെ ചൗധരിയെ പിന്തുണച്ചു കൊണ്ട് സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി. 'ചെങ്കോല്‍ സ്ഥാപിക്കുമ്പോള്‍ അതിനെ വണങ്ങി കുമ്പിട്ട പ്രധാനമന്ത്രി മോദി ഇത്തവണ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അത് മറന്നു. സമാജ്‌വാദി പാര്‍ട്ടി എംപി അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുകയായിരുന്നിരിക്കാം.'- സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.

ചെങ്കോല്‍ വിവാദത്തിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടനയെ വകവെക്കുന്നില്ലെന്ന് സ്ഥാപിക്കാന്‍ ഇന്ത്യാമുന്നണി ശ്രമിക്കുമ്പോള്‍ ഭരണഘടനയെ ചവറ്റുകുട്ടയിലെറിഞ്ഞ അടിയന്തരാവസ്ഥയുടെ വക്താക്കളാണ് കോണ്‍ഗ്രസെന്ന് തിരിച്ചടിക്കുകയാണ് ബിജെപി.

Also Read :Explained : 'സെമ്മെ'യില്‍ നിന്ന് ഉരുവംകൊണ്ട 'സെങ്കോല്‍' ; മൗണ്ട് ബാറ്റണില്‍ നിന്ന് തിരികെ വാങ്ങി നെഹ്‌റുവിന് കൈമാറിയ ചെങ്കോലിന്‍റെ കഥ

ABOUT THE AUTHOR

...view details