കാസർകോട്: ജൂണ്‍ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടുനിന്ന കാലവര്‍ഷ കലണ്ടര്‍ അവസാനിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയില്‍.
സാധാരണ ലഭിക്കുന്നതിനേക്കാള്‍ 15 ശതമാനം അധിക മഴയാണ് ഇത്തവണ കണ്ണൂരിൽ (3023.3 മില്ലീമീറ്റര്‍) ലഭിച്ചത്. സാധാരണ ലഭിക്കുന്ന മഴയുടെ അളവ് 2623 മി.മി ആണ്.
മാഹിയിലാണ് കൂടുതല്‍ മഴ ലഭിച്ചത്, 2755.4 മി.മി. സാധാരണ ലഭിക്കേണ്ടത് 2385.3 മി.മി മഴയാണ്. 16 ശതമാനത്തിലധികം കാലവര്‍ഷ മഴയാണ് ഇവിടെ ലഭിച്ചത്. സെപ്‌തംബര്‍ -3 ലെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ റിപോര്‍ട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സ്ഥലങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്താണ് കണ്ണൂര്‍.
ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മേഘാലയിലെ ഈസ്റ്റ് ഖാസി ഹില്‍ എന്ന സ്ഥലത്താണ്.
പതിനാറാം സ്ഥാനത്താണ് മാഹി. 23-ാം സ്ഥാനത്ത് കാസര്‍കോടുമുണ്ട്. സംസ്ഥാനത്ത് രണ്ടാമത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് ജില്ലയിലാണ്. 2603 മി.മി മഴ ലഭിച്ചു. എന്നാല്‍ സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ ഒമ്പത് ശതമാനം കുറവുണ്ടായിട്ടുണ്ട്. 2846.2 മി.മി മഴയാണ് കാസര്‍കോട് ലഭിക്കേണ്ടത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോർട്ട് പ്രകാരമാണിത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മൂന്നാമത്തെ ജില്ല കോഴിക്കോടാണ്. 2309.7 മി.മി മഴയാണ് ലഭിച്ചത്. എന്നാല്‍ ഇത് സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ പത്ത് ശതമാനം കുറവാണ്.
- തൃശൂര്‍-1871.3 മി.മി
- കോട്ടയം-1796 മി.മി
- മലപ്പുറം-1754.7 മി.മി
- എറണാകുളം-1547.1 മി.മി
- പാലക്കാട്-1505.4 മി.മി
- പത്തനംതിട്ട-1330.5 മി.മി
- ആലപ്പുഴ-1298.4 മി.മി
- കൊല്ലം-1065 മി.മി അളവിലും മഴ ലഭിച്ചു.
സീസണില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്ത് ആണെങ്കിലും (866.3മി.മി) ജില്ലയില്‍ സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ മൂന്ന് ശതമാനം അധികം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇടുക്കിയില്‍ 33 ശതമാനവും വയനാട് 30 ശതമാനവും കുറവ് മഴയാണ് രേഖപ്പെടുത്തിയത്.
ഓഗസ്‌റ്റ് മാസം അറബികടലില്‍ അഞ്ച് ചുഴലികാറ്റാണ് രൂപപ്പെട്ടത്. ഇതെല്ലാം മധ്യവടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ കാസര്‍കോട് ജില്ലകളെ ബാധിച്ചു. രണ്ട് ജില്ലകളിലും ശക്തമായ മഴ ലഭിക്കുകയും വലിയ നാശനഷ്‌ടങ്ങളുണ്ടാവുകയും ചെയ്‌തു.
എന്നാല്‍ കേരളത്തില്‍ മൊത്തം ലഭിച്ച മഴയുടെ അളവ് പരിശോധിക്കുമ്പോള്‍ 13 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം 2000-ന് ശേഷം ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ഈ വര്‍ഷമാണ്.
അതേസമയം കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാര്‍ച്ച്, ഏപ്രില്‍ മാസത്തെ വേനല്‍ചൂട് പോലെ തന്നെയാണ് നിലവിലെ പകല്‍ചൂട്. അതിരാവിലെ മുതല്‍ ചുട്ടുപൊള്ളുന്ന ചൂടാണ് പലയിടത്തും അനുഭവപ്പെടുന്നത്. ശരാശരി പകല്‍ താപനില 27, 28 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 32, 33 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട് കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങുന്നതോടെ ചൂട് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; മഴ തുടരും, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്