ചണ്ഡീഗഢ്: ഹരിയാന, ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തൂത്തുവാരുമെന്ന് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഹരിയാനയിൽ മത്സരമില്ല, ഇവിടെ ജനങ്ങൾ കോൺഗ്രസിനൊപ്പമാണ്. പ്രധാനമന്ത്രി മോദിയെ ആളുകൾ എങ്ങനെയാണ് കാണുന്നതെന്ന് ഒക്ടോബർ 8-ന് ഫലം പ്രഖ്യാപിക്കുമ്പോൾ വ്യക്തമാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
'10 വർഷമായി ബിജെപി ജനങ്ങളെ പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകി പറ്റിക്കുകയായിരുന്നു. ഇതിനെതിരെ പോരാടിയത് കോൺഗ്രസാണ്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന്' കോൺഗ്രസ് എംപി കുമാരി സെൽജ പറഞ്ഞു.
അഗ്നിവീർ പദ്ധതി രാജ്യത്തെ യുവാക്കളോട് മാത്രമല്ല, നമ്മുടെ സായുധ സേനയോട് കൂടി കാണിക്കുന്ന അനീതിയാണെന്നും അവർ പറഞ്ഞു. ബിജെപി ഭരണത്തിന് കീഴിൽ എല്ലാ പൗരന്മാരും ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സെൽജ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡയും ആത്മവിശ്വാസം പ്രകടിപ്പിച്ചു, 10 വർഷമായി ബിജെപി നടത്തിയ മോശം ഭരണം കാരണമാണ് മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത്. അതുകൊണ്ട് തന്നെ ഇത്തവണ മികച്ച ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിക്കുമെന്ന് ദീപേന്ദർ ഹൂഡ പറഞ്ഞു.
ഒക്ടോബർ 5 നാണ് ഹരിയാനയിലെ വോട്ടെടുപ്പ്. ഒക്ടോബർ 8 ന് ഫലം പ്രഖ്യാപിക്കും. 2019 തെരഞ്ഞെടുപ്പിൽ 40 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ കോൺഗ്രസ് 30 സീറ്റുകളാണ് ഹരിയാനയിൽ നേടിയിരുന്നത്.