ഷിരൂരിലെ ഐബോഡ് നിരീക്ഷണം (ETV Bharat) കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായതിന്‍റെയും രക്ഷാദൗത്യത്തിന്‍റെ വാര്‍ത്തകളാണിപ്പോള്‍ മാധ്യമങ്ങളിലെല്ലാം നിറയുന്നത്. ഈ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നതിനൊപ്പം ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു വാക്കാണ് 'ഐബോഡ്'. അപകടത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചിലിനായി ഉപയോഗിക്കുന്ന ഒന്നാണിതെന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതലൊന്നും പലര്‍ക്കും ഇപ്പോഴും അറിവില്ല. ഐബോഡിനെ കുറിച്ച് വിശദമായി അറിയാം.
അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ സംവിധാനമാണ് 'ഐബോഡ്'. എത്ര ആഴമുള്ള സ്ഥലങ്ങളിലെ വസ്‌തുവിനെയും കണ്ടെത്താൻ കഴിയും എന്നതാണ് ഇതിന്‍റെ പ്രത്യേകത. കണ്ടെത്തുന്ന വസ്‌തുവിന്‍റെ വലിപ്പവും ഗതിയും തുടങ്ങി നിരവധി കാര്യങ്ങള്‍ തിരിച്ചറിയാന്‍ ഐബോഡുകള്‍ക്ക് സാധിക്കും.
വെള്ളത്തിനടിയിലും ഇവയുടെ സ്‌കാനറുകള്‍ പ്രവര്‍ത്തിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. അതുവഴി എന്തിനെ കുറിച്ചുമുള്ള കൃത്യമായ വിവരവും ലഭിക്കും. വെള്ളത്തിലും മഞ്ഞിലും പര്‍വതങ്ങളിലും തെരച്ചില്‍ നടത്താന്‍ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 'ക്വിക് പേ' എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് അര്‍ജുനെയും ലോറിയും കണ്ടെത്തുന്നതിനായി ഐ ബോഡ് ഡ്രോൺ വാടകയ്ക്ക് എടുത്തത്.
ഈ ഉപകരണത്തിന്‍റെ നിരീക്ഷണ പരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വന്‍സിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയുമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഐബോഡ് വഴി മണ്ണില്‍ 20 മീറ്റര്‍ ആഴത്തില്‍ പുതഞ്ഞ് പോയ വസ്‌തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയും. വെള്ളത്തിലും മഞ്ഞിലും 70 മീറ്റര്‍ ആഴത്തില്‍ വരെ പുതഞ്ഞ് പോയ വസ്‌തുക്കള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് 'ക്വിക് പേ' കമ്പനി അവകാശപ്പെടുന്നത്.
Also Read:ഡ്രോൺ പറത്തി സ്റ്റാറായി 'പൈലറ്റ് ജെസ്‌ന'; ഇനി കൃഷിയിടത്തിൽ മരുന്നും വളവുമടിക്കാൻ വേറെ ആളെ നോക്കണ്ട