ന്യൂഡൽഹി: 2024ലെ കേന്ദ്ര ബജറ്റിനൊപ്പം നികുതി നിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ധനകാര്യ ബില്ലും അവതരിപ്പിക്കാനൊരുങ്ങി ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ധനകാര്യ ബിൽ ഈ വർഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ ധനമന്ത്രി ലോക്‌സഭ അവതരിപ്പിക്കും. നിലവിലുള്ള നികുതിയിൽ മാറ്റം വരുത്തുന്നതിനോ അല്ലെങ്കിൽ പുതിയ നികുതി ചുമത്തുന്നതിനോ ആ നിയമം നടപ്പാക്കുന്നതിനായി പാർലമെൻ്റിൽ നിന്ന് സർക്കാരിന് അംഗീകാരം നേടേണ്ടതായിട്ടുണ്ട്.
എല്ലാ വർഷത്തെയും ബജറ്റ് അവതരണത്തിന് ശേഷം ബജറ്റ് നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിനായി ധനകാര്യ ബിൽ എല്ലായ്‌പ്പോഴും ലോക്‌സഭയിൽ ധനമന്ത്രി അവതരിപ്പിക്കാറുണ്ട്.
എന്തുകൊണ്ടാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കേണ്ടത് ?
ധനകാര്യ ബിൽ ഒരു പ്രത്യേക ബില്ലായതിനാൽ തന്നെ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രപതിയുടെ അനുമതി ലഭിക്കേണ്ടത് ആവശ്യമാണ്. ലോക്‌സഭയിൽ ധനകാര്യ ബിൽ അവതരിപ്പിക്കുന്നതിനുള്ള രാഷ്‌ട്രപതിയുടെ അനുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഭരണഘടനയിലുളള രണ്ട് അനുച്ഛേദങ്ങളാണ് 117, 274 എന്നിവ.
അനുച്ഛേദം 117ൽ സാമ്പത്തിക ബില്ലുകളെക്കുറിച്ചുള്ള പ്രത്യേക വ്യവസ്ഥകളാണ് വിശദീകരിക്കുന്നത്. ധന ബില്ലുകളുമായി ബന്ധപ്പെട്ട ബില്ലോ ഭേദഗതിയോ ഒന്നും തന്നെ രാഷ്ട്രപതിയുടെ അംഗീകാരമില്ലാതെ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതല്ല. രാഷ്ട്രപതിക്കും അത്തരം ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിക്കാന്‍ സാധിക്കില്ല.
അനുച്ഛേദം 110ലെ വ്യവസ്ഥകൾ ബന്ധപ്പെട്ടിരിക്കുന്നത് നികുതി ചുമത്തുന്നതിനോ, മാറ്റുന്നതിനോ, നിർത്തലാക്കുന്നതിനോ, ഇളവ് വരുത്തുന്നതിനോ അല്ലെങ്കിൽ നിയന്ത്രിക്കുന്നതിനോ ഉള്ള വ്യവസ്ഥകൾ അടങ്ങുന്ന ധന ബില്ലുകളാണ്.