കൊൽക്കത്ത :പശ്ചിമ ബംഗാളിലെ രംഗപാണിയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച സംഭവത്തിൽ അന്വേഷണം. ഗുഡ്‌സ് ട്രെയിനിന്‍റെ വേഗപരിധി ലംഘനത്തെ കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗുഡ്‌സ് ട്രെയിൻ വേഗ പരിധി ലംഘിച്ചത് എന്തുകൊണ്ടെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് അന്വേഷണം നടക്കുന്നതെന്ന് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റും കാഞ്ചൻജംഗ എക്‌സ്പ്രസ് ഗാർഡും ഉൾപ്പെടെ 10 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ “നിർദിഷ്‌ട വേഗത പരിധിയേക്കാൾ വേഗത്തിൽ പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്നാണ് അന്വേഷിക്കുന്നത് എന്ന് എൻഎഫ്ആർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗുഡ്‌സ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചതാകാമെന്നും എന്താണ് യാഥാർഥ കാരണമെന്നും അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ വ്യക്തമായ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനത്തിൽ തകരാർ ഉണ്ടാകുമ്പോൾ റൂൾ ബുക്ക് പ്രകാരമുള്ള അടിസ്ഥാന പ്രോട്ടോക്കോൾ ആയ T/A 912 ഫോം ഗുഡ്‌സ് ട്രെയിനിന്‍റെ ഡ്രൈവർക്ക് നൽകിയിരുന്നതായി എൻഎഫ്ആറിന്‍റെ കതിഹാർ ഡിവിഷണൽ റെയിൽവേ മാനേജർ പറഞ്ഞു. അപകടം നടന്ന ദിവസം രാവിലെ 5.15 ഓടെ സെക്ഷനിലെ ഓട്ടോമാറ്റിക് സിഗ്നലിങ് സിസ്റ്റവും ട്രെയിൻ ട്രാക്കിങ് സിസ്റ്റവും തകരാറിലായതിനെത്തുടർന്ന് നിയമങ്ങൾക്കനുസൃതമായി വേഗത നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ട്രെയിനുകൾ ഓടിയിരുന്നത്. ഈ സാഹചര്യത്തിലാണ് രാവിലെ ഒമ്പത് മണിയോടെ രംഗപാണിയിൽ അപകടം നടന്നത്.