ഝാര്‍ഗ്രാം (പശ്ചിമബംഗാള്‍) : ആറാംഘട്ട പോളിങ്ങിനിടെ പശ്ചിമബംഗാളില്‍ വ്യാപക ആക്രമണം. ഝഗ്രാമിലെ ബിജെപി സ്ഥാനാര്‍ഥിക്കും സംഘത്തിനും നേരെ ഇരുനൂറോളം പേര്‍ ആക്രമണം അഴിച്ച് വിട്ടതായി സ്ഥാനാര്‍ഥി പ്രണത് ടുഡു ആരോപിച്ചു. മൊന്‍ഗ്ലാപോട്ടയിലെ ബൂത്ത് സന്ദര്‍ശനത്തിനിടെ ആണ് ആക്രമണമുണ്ടായതെന്നും ഇദ്ദേഹം പറഞ്ഞു.
ഈ ബൂത്തിലെ ബിജെപി അനുഭാവികളെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന വിവരം തങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ കിട്ടിയിരുന്നതായും അദ്ദേഹം പറയുന്നു. അക്കാര്യം പരിശോധിക്കാനാണ് തങ്ങള്‍ അവിടേക്ക് പോയത്. അതിനിടെ ആയിരുന്നു 200 പേര്‍ അടങ്ങുന്ന സംഘം ലാത്തിയും കല്ലും മറ്റ് ചില ആയുധങ്ങളുമായി തങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ച് വിട്ടതെന്നും ടുഡു പറഞ്ഞു.
കേന്ദ്രസംഘം ഇല്ലായിരുന്നെങ്കില്‍ അവര്‍ എല്ലാവരും ചേര്‍ന്ന് തങ്ങളെ കൊല്ലുമായിരുന്നു. പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് യാതൊരു സംരക്ഷണവും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സിഎഎ നടപ്പാക്കാന്‍ ദീദിക്ക് താത്പര്യമില്ല. രാജ്യത്തെ പാകിസ്ഥാനാക്കാനാണ് അവരുടെ ശ്രമമെന്നും ടുഡു ആരോപിച്ചു.
നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ടിഎംസിക്ക് തോല്‍ക്കുമെന്ന ഭയമുള്ളതിനാല്‍ ബിജെപിക്കാര്‍ ബൂത്തിലെത്താതിരിക്കാന്‍ ഓരോ പ്രവൃത്തികള്‍ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. യാതൊരു സുരക്ഷയും തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല.